December 22, 2024
#International #Latest News #News

മാർപാപ്പ അപ്രതീക്ഷിത പ്രഖ്യാപനം കൊണ്ട് യുവജനങ്ങളുടെ ഹൃദയങ്ങൾ കീഴടക്കിയപ്പോൾ

വിശുദ്ധ കാർലോസ് അക്യുട്ടിസിനെ 2025, ഏപ്രിൽ 27-ന് ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 10.30-ന് സെൻ്റ് പീറ്റേഴ്‌സ് സ്ക്വയറിൽ വിശുദ്ധനായി പ്രഖ്യാപിക്കുന്നു. സെൻ്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ മാർപാപ്പയുടെ പ്രതിവാര പൊതു സദസ്സിൻ്റെ സമാപനത്തിലാണ് അപ്രതീക്ഷിത പ്രഖ്യാപനം. 2025, ഏപ്രിൽ 25 മുതൽ 27 വരെ നടക്കുന്ന യുവജനങ്ങളുടെ ജൂബിലി വേളയിൽ കാർലോ അക്യൂട്ട്സിൻ്റെ വിശുദ്ധ പദവി പ്രഖ്യാപിക്കും.
1991 മെയ് 3-നു ലണ്ടനില്‍ ആണ് കാര്‍ലോ അക്യൂട്ടീസ് ജനിച്ചത്. ആന്ദ്രേ അക്യൂട്ടീസ്, അന്റോണിയോ ദമ്പതികളുടെ ഏക മകനായിരുന്നു കാര്‍ലോ. അദ്ദേഹം ജനിച്ചു കുറച്ചു നാളുകള്‍ക്ക് ശേഷം ആ കുടുംബം ഇറ്റലിയിലെ മിലാനിലേക്ക് താമസം മാറി. ഏഴാം വയസ്സില്‍ ആദ്യ കുര്‍ബാന സ്വീകരിച്ച കാര്‍ലോ ചെറു പ്രായത്തില്‍തന്നെ ആഴമായ മരിയ ഭക്തി പ്രചരിപ്പിച്ചിരുന്നു. പരിശുദ്ധ അമ്മ സ്വന്തം അമ്മയെപ്പോലെ ആയിരുന്നു കാര്‍ലോയ്ക്ക്. ജപമാല ചൊല്ലാന്‍ പഠിച്ച അന്നുമുതല്‍ എല്ലാ ദിവസവും അമ്മയോടുള്ള സ്നേഹത്തെപ്രതി ജപമാല ചൊല്ലുമായിരുന്നു. ഒരിക്കല്‍പ്പോലും വിശുദ്ധ കുര്‍ബാന മുടക്കിയിരുന്നില്ല എന്നുമാത്രമല്ല, ഏറെനേരം സക്രാരിയുടെ മുന്നില്‍ ചിലവഴിക്കുകയും ചെയ്തിരുന്നു. കാര്‍ലോ ഒരിക്കല്‍ പറയുകയുണ്ടായി: “സ്വര്‍ഗ്ഗം എപ്പോഴും നമ്മെ പ്രതീക്ഷിക്കുന്നു. വിശുദ്ധ കുര്‍ബാനയാണ് എനിക്ക് സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി.”കാര്‍ലോ ഒരു നല്ല കമ്പ്യൂട്ടര്‍ പരിജ്ഞ്യാനി കൂടിയായിരുന്നു . കാര്‍ലോയെ ശരിക്കും ഒരു അത്ഭുത ബാലന്‍ ആക്കിയത് ഈ കമ്പ്യൂട്ടര്‍ പരിജ്ഞാനമാണ്. മറ്റുള്ള എല്ലാവരിലുംനിന്ന് വ്യത്യസ്തനായി ഈശോയോടുള്ള സ്നേഹത്തെപ്രതി കാര്‍ലോ സ്വന്തമായി രൂപപ്പെടുത്തിയ വെബ്‌സൈറ്റില്‍ ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ രേഖപ്പെടുത്തി. ലോകമെമ്പാടും പല സ്ഥലങ്ങളിലായി സഭ അംഗീകരിച്ച, നടന്ന 136 അത്ഭുതങ്ങളാണ് വളരെ മനോഹരമായി കാര്‍ലോ ഈ പേജില്‍ കുറിച്ചിട്ടിരിക്കുന്നത്. www.miracolieucaristici.org എന്ന വെബ്സൈറ്റ് വഴി താന്‍ അറിഞ്ഞ ഈശോയെ മറ്റുള്ളവര്‍ക്ക് എത്തിക്കാനൂള്ള ചെറിയ ശ്രമം. പക്ഷെ ഈ പതിനഞ്ചു വയസ്സുകാരന്റെ തീക്ഷണതയ്ക്കു മുന്‍പില്‍ കാതോലിക്ക സഭ കൂപ്പുകൈകളോടെ പ്രണമിച്ചു. ഇന്ന് ലോകമെമ്പാടും 5 ഭൂഖണ്ഡങ്ങളിലായി ആയിരക്കണക്കിന് വീഥികളില്‍ കാര്‍ലോ രൂപപ്പെടുത്തിയ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദര്‍ശനം നടത്തപ്പെട്ടു കഴിഞ്ഞു. വെബ്‌സൈറ്റില്‍ അദ്ദേഹം പറയുന്നു: ” ദിവ്യകാരുണ്യം സ്വീകരിക്കുന്തോറും നമ്മള്‍ കൂടുതല്‍ ക്രിസ്തുവിനെപ്പോലെയാകുന്നു; അങ്ങനെ ഭൂമിയില്‍ നമുക്ക് സ്വര്‍ഗ്ഗീയാനുഭൂതി ലഭിക്കുന്നു.”

2006 ഒക്ടോബര്‍ 12-ന് പതിനഞ്ചാം വയസ്സില്‍ ലുക്കിമിയ പിടിപ്പെട്ടതിനെത്തുടര്‍ന്ന് കാര്‍ലോ മരണമടഞ്ഞു. മരണക്കിടക്കയിലായിരിക്കുമ്പോഴും തന്റെ സഹനങ്ങളെല്ലാം ദൈവത്തിനും തിരുസഭയ്ക്കും പരിശുദ്ധപിതാവിനും സമര്‍പ്പിക്കുന്നു എന്നാണ് ഈ കൊച്ചുവിശുദ്ധന്‍ പറഞ്ഞത്. തന്നെ ക്രിസ്തീയ വിശ്വാസത്തില്‍ ജീവിക്കാന്‍ പ്രേരിപ്പിച്ചത് കാര്‍ലോ ആണെന്ന് അദ്ദേഹത്തിന്റെ അമ്മ അന്റോണിയ അക്യൂട്ടീസ് പറയുന്നു.

Share this :

Leave a comment

Your email address will not be published. Required fields are marked *