വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസ്
ഒരു ഇറ്റാലിയൻ വെബ്സൈറ്റ് ഡിസൈനറായിരുന്ന കാർലോ അക്യുട്ടിസ് ജനിച്ചത് 1991, മെയ് 3 -നാണ്. 2006 ഒക്ടോബര് 12-ന് പതിനഞ്ചാം വയസ്സില് ലുക്കിമിയ പിടിപ്പെട്ടതിനെത്തുടർന്നു കാർലോ മരണമടഞ്ഞു. 2020 ഒക്ടോബർ 10-ന് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനാക്കി. 2024 മെയ് മാസത്തിൽ രണ്ടാമത്തെ അത്ഭുതം സ്ഥിരീകരിച്ചതിന് ശേഷം, വിശുദ്ധപദവി പ്രഖ്യാപനം തുടരുന്നതിന് 2024 ജൂലൈയിൽ ഫ്രാൻസിസ് മാർപാപ്പ അംഗീകാരം നൽകി. ആധുനിക മാധ്യമ ലോകത്തിന്റെ സ്വാധീനത്തില് ജീവിക്കുന്ന യുവജനങ്ങൾക്കെല്ലാം മാതൃകയാണ് വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസ്. വിശുദ്ധൻ മാധ്യമ സുവിശേഷവത്കരണത്തിന്റെ മദ്ധ്യസ്ഥനായിട്ടാണ് അറിയപ്പെടുന്നത്.
ദിവ്യകാരുണ്യ ഭക്തി
ഹ്രസ്വമെങ്കിലും ഈശോയ്ക്ക് സജീവസാക്ഷ്യം വഹിക്കുന്നതായിരുന്നു കാർലോയുടെ ജീവിതം. ദിവ്യകാരുണ്യമായിരുന്നു അവന്റെ ആത്മീയജീവിതത്തിന്റെ കേന്ദ്രബിന്ദു. ദിവ്യകാരുണ്യാത്ഭുതങ്ങളുടെ വെബ്സൈറ്റ് രൂപകല്പന ചെയ്തത് വഴി അവന് ഒരേ സമയം ദിവ്യകാരുണ്യത്തോടുള്ള തന്റെ ഭക്തി പ്രദർശിപ്പിക്കുകയും ദിവ്യകാരുണ്യത്തിന്റെ ശക്തി ലോകത്തെ അറിയിക്കാനും സാധിച്ചു.
എല്ലാ ദിവസവും പരിശുദ്ധ കുർബാനയിൽ വിശ്വാസത്തോടെ പങ്കെടുക്കുകയും, ആഴ്ചയിലൊരിക്കൽ കുമ്പസാരിക്കുകയും, ഇടവകയിലെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുകയും വഴിയായി ക്രിസ്തീയ വിശ്വാസത്തിന് ധീര മാതൃകയായ വിശുദ്ധൻ ദിവ്യകാരുണ്യ ഈശോയുടെ തിരുസാന്നിധ്യത്തിലുള്ള വിശ്വാസം എല്ലാവരിലും ഉറപ്പിക്കുവാനായി ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ രേഖകളും ചിത്രങ്ങളും ശേഖരിച്ച് ഒരു വെബ്സൈറ്റ് നിർമ്മിച്ചു.
പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന്റെ അന്നു മുതൽ, പരിശുദ്ധ കുർബാനയോടുള്ള വലിയ സ്നേഹം കാർലോയിൽ ആഴപ്പെട്ടു. പരിശുദ്ധ കുർബാനയെ 'സ്വര്ഗ്ഗത്തിലേക്കുള്ള എന്റെ ഹൈവേ' എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ദിവ്യബലിയിൽ എല്ലാ ദിവസവും പങ്കെടുക്കാനും അതിന് മുമ്പോ ശേഷമോ അര മണിക്കൂർ ആരാധന നടത്താനും അവൻ ശ്രദ്ധിച്ചിരുന്നു. പരിശുദ്ധ കുർബാനയിൽ യേശുവിന്റെ സാന്നിദ്ധ്യത്തിലായിരിക്കുമ്പോള് നമ്മള് വിശുദ്ധരായിത്തീരുമെന്ന് അവൻ കൂടെകുടെ പറയുമായിരുന്നു, "പരിശുദ്ധ കുർബാനയിൽ ഞാൻ പങ്കെടുക്കുമ്പോള് ഈശോയുടെ മാറില് വി. യോഹന്നാന് ശ്ലീഹാ അന്ത്യ അത്താഴവേളയിൽ കിടന്ന ഒരു അനുഭവമാണ് എനിക്ക് ലഭിക്കാറുള്ളത്." പരിശുദ്ധ കുര്ബാനയിൽ എത്രത്തോളം ഈശോയെ സ്വീകരിക്കുന്നുവോ അത്രയധികം നാം യേശുവിനോട് സാമ്യപ്പെടും. കാർലോയുടെ ഡയറിയിൽ കുറിച്ച് വച്ചു.
കുർബാനയോടുള്ള വിശുദ്ധന്റെ സ്നേഹം അവനെ പാവങ്ങളിലെത്തിച്ചു. ദൈവത്തോടുള്ള സ്നേഹത്തില് നിന്ന് അയല്ക്കാരനോടുള്ള സ്നേഹം ഉടലെടുത്തു. ഭവന രഹിതര്ക്ക് ഭക്ഷണം നല്കുന്ന മിലാനിലെ ഒരു കപ്പുച്ചിൻ സന്യാസിയുടെ കാന്റീനില് അദ്ദേഹം സന്നദ്ധസേവനം നടത്തി. തന്റെ സമ്പാദ്യം ഉപയോഗിച്ച് ഒരു ഭിക്ഷക്കാരനുവേണ്ടി ഒരു സ്ലീപ്പിംഗ് ബാഗ് വാങ്ങി.
ഗുജറാത്തിലെ ഹൈന്ദവനായ രാജേഷ് മോഹർ എന്ന വ്യക്തി കാർലോയുടെ ഭവനത്തിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. കാർലോയും രാജേഷും പലപ്പോഴും സംസാരിച്ചിരുന്നത് ക്രിസ്തുസ്നേഹത്തെപ്പറ്റിയായിരുന്നു. കാർലോയുടെ ദിവ്യകാരുണ്യസ്നേഹവും വിശുദ്ധിയും അനുഭവിച്ച് അതില് ആകൃഷ്ടനായ രാജേഷ്മോഹർ ഇപ്പോൾ ക്രിസ്ത്യാനിയായി. തനിക്ക് ശരിയായതിനെ കണ്ടെത്തുവാൻ കാർലോ സഹായിച്ചുവെന്ന് രാജേഷ് പറയുന്നു.
ഒരിക്കല് വിശുദ്ധനാട് സന്ദർശിക്കുവാനായി കാർലോയുടെ പപ്പാ പറഞ്ഞപ്പോൾ ഇടവക ദൈവാലയത്തില് സക്രാരിയില് ഈശോ ജറുസലേമിലെ പോലെ തന്നെ ജീവിക്കുന്നു എനിക്ക് അവിടെ, ഇടവകദേവാലയത്തിൽ ഈശോയുടെ അടുത്ത് പോയാൽ മതി.
രോഗസംബന്ധമായ എല്ലാ വേദനകളും മാർപാപ്പയ്ക്കും, തിരുസഭയ്ക്കും വേണ്ടി സമർപ്പിച്ച ധന്യനായ കാർലോ അക്കുത്തീസ് 2006 ഒക്ടോബർ 12-ാം തീയതി രാവിലെ 6:45-ന് സ്വർഗത്തിലേയ്ക്ക് യാത്രയായി. ‘എല്ലാവരും അവരവരുടെ തനിമയില് ജനിക്കുന്നു എന്നാല് പലരും മറ്റുള്ളവരുടെ പകര്പ്പുകളായി മരിക്കുന്നു. ഞാന് മരിക്കുമ്പോള് എന്നെ ഭൂമിയിലേക്ക് അയച്ചവന്റെ തനിമയില് മരിക്കുമെന്ന്’ പറഞ്ഞ കാര്ലോയുടെ വാക്കുകള് ദൈവം സ്വീകരിച്ചുവെന്നതിന്റെ തെളിവാണ് കാര്ലോ ഇന്ന് അള്ത്താരയില് വണക്കത്തിന് യോഗ്യനായിരിക്കുന്നത്.
കാർലോയുടെ അനുദിന ആത്മീയ പരിശീലനങ്ങൾ
- കൂദാശ ജീവിതം; മുടക്കം കൂടാതെയുള്ള ദിവ്യകാരുണ്യ സ്വീകരണം, എല്ലാ ആഴ്ചയിലും കുമ്പസാരം
- മുടങ്ങാതെയുള്ള ജപമാല , ഒരു മണിക്കൂര് ആരാധന
- അനുദിന ബൈബിള് വായന
- ആത്മീയ ശുശ്രുഷകൾ; ദിവ്യകൃന്യ അത്ഭുതങ്ങളുടെ പ്രദർശനം
- മാതാപിതാക്കളെ നഷ്ടപ്പെട്ട കൂട്ടുകാരെ നിത്യവും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് അവരോടൊപ്പം സമയം ചിലവഴിച്ചിരുന്നു