കരങ്ങൾ കാസയായപ്പോൾ!!

13 വർഷം വിയറ്റ്നാം യുദ്ധത്തോടനുബന്ധിച്ച് ജയിലിൽ കിടന്ന ബിഷപ്പ് വാൻ തൂവാൻ്റെ അനുഭവം ശ്രദ്ധേയമാണ്. 1972-ൽ വാൻ തുവാനേ, കമ്മ്യൂണിസ്റ്റ് ഭരണകൂടം ശത്രുവായി പരിഗണിച്ചു. അങ്ങനെ പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണദിവസം 1975 ആഗസ്റ്റ് 15 -ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലേക്ക് അയച്ചു. അവിടെ അദ്ദേഹം 13 വർഷങ്ങൾ ചെലവഴിച്ചു. ഇതിൽ ഒമ്പതു വർഷങ്ങൾ ഇരുണ്ട അറയിലും. ഈ സമയത്ത് അദ്ദേഹത്തിന് വിശുദ്ധ ബലിയർപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. സുഹൃത്തുക്കൾക്ക് കത്തയ്ക്കാൻ അനുമതി ഉണ്ടായിരുന്നു. ‘എനിക്ക് എൻ്റെ മരുന്നു തരുക’ അദ്ദേഹം സുഹൃത്തുക്കൾക്കെഴുതി. ബലിയർപ്പിക്കാനുള്ള അദ്ദേഹത്തിൻ്റെ ആഗ്രഹം തിരിച്ചറിഞ്ഞ സുഹൃത്തുക്കൾ അദ്ദേഹത്തിന് ചെറിയ ഒരു കുപ്പിയിൽ വീഞ്ഞും അപ്പവും ജയിലെത്തിച്ചു. വിറകുകൊള്ളി കൊണ്ട് കുരിശൊരുക്കി, ജയിലറ കത്തീഡ്രൽ ആക്കി, കരങ്ങളിൽ വെള്ളം കലർത്തി വീഞ്ഞുപയോഗിച്ചു അദ്ദേഹം ബലി അർപ്പിച്ചു. 2000 ജൂബിലി വർഷത്തിൽ, ജോൺപോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ റോമിലേക്ക് ക്ഷണിച്ചു. സമ്മാനമായി നൽകിയത് ഒരു കാസയാണ്. കരങ്ങൾ കാസയാക്കിയവന് ഉചിതമായ സമ്മാനം.