ഈശോയുടെ ജനനം തന്നെ വിശുദ്ധ കുർബാനയിലേക്കുള്ള ഒരു വഴിയൊരുക്കൽ ആയിരുന്നു
അപ്പത്തിന്റെ ഭവനമായ ബത് ലെഹേമിലെ ജനനം, പുൽക്കൂട്ടിൽ വെള്ളക്കച്ചയിൽ പൊതിയപ്പെട്ടതും, വളർത്ത് മൃഗങ്ങൾ അന്നം കണ്ടെത്തുന്ന പുൽത്തൊട്ടിയിൽ അവനെ കിടത്തിയതും എല്ലാം വിശുദ്ധ കുർബാനയുടെ ഒരുക്കം തന്നെയായിരുന്നു. പരിശുദ്ധ അമ്മയുടെ ശുദ്ധീകരണം 33 ദിവസങ്ങൾ കഴിഞ്ഞായിരുന്നു. ആൺകുഞ്ഞിനാണു ജന്മം കൊടുക്കുന്നതെങ്കിൽ ലേവ്യരുടെ പുസ്തകം അനുസരിച്ചു (12, 4 ) 33 ദിവസങ്ങൾക്ക് ശേഷമാണ് ശുദ്ധീകരണ കർമ്മം നടത്തിയിരുന്നത്. പ്രാവിൻ കുഞ്ഞിനെയാണ് പാപപരിഹാര ബലിയായിട്ട് കൊടുത്തിരുന്നത്; ലേവ്യരുടെ പുസ്തകം 12, 8 -ൽ വായിക്കുന്നു, പ്രാവിൻ കുഞ്ഞിന്റെ ശിരസു പിരിച്ചു വേണം കൊല്ലാൻ, മാത്രമല്ല ശിരസു വേർപെടാൻ പാടില്ല. ഒരു ബലിപീഠം ഒരുക്കപ്പെടുകയാണ്; 33 ദിവസം പ്രായമായ ഉണ്ണീശോ, ശിരസു വേർപെടാത്ത ബലിവസ്തുവായ പ്രാവിൻ കുഞ്ഞിനരികെ, ബലിവസ്തു പോലെ അമ്മയുടെ കരങ്ങളിൽ; 33 വർഷങ്ങൾക്ക് അപ്പുറത്തേക്ക് ഒരു ദൈവ ദർശനം; കുരിശിന്റെ മുകളിലേക്ക് ഒരു വഴികാട്ടൽ. നിന്റെ ഹൃദയത്തിലൂടെ ഒരു വാൾ കടക്കും എന്ന ശിമെയോന്റെ പ്രവചനം.