101-മത്തെ വയസിലെ ആദ്യ ദിവ്യ കാരുണ്യ സ്വീകരണം

101 വയസ്സുള്ളപ്പോൾ, ഡോണ പെൻഹ സെപ്തംബർ 28-ന് ബ്രസീലിലെ റിയോ ഡി ജനീറോയിലെ ഔവർ ലേഡി ഓഫ് മൗണ്ട് കാർമൽ നഴ്‌സിംഗ് ഹോമിൽ വിശുദ്ധ കുർബാനയ്‌ക്കിടെ തൻ്റെ ആദ്യ കുർബാന സ്വീകരിച്ചു. ഈ സന്ദർഭം കണ്ടവർക്ക് അത് ദൈവസ്നേഹത്തിൻ്റെ വലിയ സാക്ഷ്യമായിരുന്നു. “ദൈവത്തെ അന്വേഷിക്കുന്ന ഒരാളെ, സമയത്തിനും, പ്രായത്തിനും തടയാൻ കഴിയില്ല എന്നു ഞങ്ങൾ തിരിച്ചറിഞ്ഞു. നഴ്സിംഗ് ഹോമിൻ്റെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് ജോസിയാൻ റിബെയ്‌റോ പറഞ്ഞു. ഇത്തരം അവസരങ്ങൾ “വിശ്വാസം പുനഃസ്ഥാപിക്കാൻ” സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. സിസ്റ്റേഴ്‌സ് ഓഫ് ഔർ ലേഡി ഓഫ് ദി റോസറി ഓഫ് ഫാത്തിമ അസോസിയേഷൻ നടത്തുന്ന നഴ്സിംഗ് ഹോമിൽ ഒരു വർഷം മുമ്പാണ് ഡോണ പെൻഹ എത്തിയതെന്ന് റിബെയ്‌റോ സിഎൻഎയോട് പറഞ്ഞു. അവിടുത്തെ ദേവാലയത്തിൽ വിശുദ്ധ ബലി നടക്കുമ്പോൾ ഡോണ പെൻഹ മറ്റ് സ്ത്രീകൾക്കൊപ്പം കുർബാനയിൽ പങ്കെടുക്കാൻ തുടങ്ങി. ഒരു ദിവസം, അവൾ കുമ്പസാരത്തിന് പോകണം എന്നു ആവശ്യപ്പെട്ടു. ഫാദർ ഡൊമിംഗോസ് സാവിയോ ഇതുവരെ അവൾ കുർബാന സ്വീകരിച്ചിട്ടില്ല എന്നു മനസ്സിലാക്കുകയും കൂദാശ സ്വീകരിക്കാൻ അവളെ ഒരുക്കണമെന്ന് സഹോദരിമാരോട് ആവശ്യപ്പെടുകയും ചെയ്തു. റിബെയ്‌റോയെ സംബന്ധിച്ചിടത്തോളം, ഈ അവസരം ദൈവസ്‌നേഹത്തിൻ്റെ സാക്ഷ്യമായിരുന്നു – വൃദ്ധസദനത്തിൽ ഡോണ പെൻഹയ്‌ക്കൊപ്പം താമസിക്കുന്ന ആളുകൾക്ക് മാത്രമല്ല, സോഷ്യൽ മീഡിയയിലൂടെ ഈ നിമിഷം പങ്കിടാൻ കഴിയുന്ന നിരവധി ആളുകൾക്കും.






















































































































































































































































































































































