December 22, 2024
#Events #Miracles #Saints

പരിശുദ്ധ അമ്മയുടെ പ്രത്യക്ഷികരണങ്ങളും വിശുദ്ധ ബലിയർപ്പണവും

2. ഫ്രാൻസിലെ ലൂർദിൽ നടന്ന പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം

പരിശുദ്ധ കന്യകാമറിയത്തെ ഫ്രാൻസിലെ ലൂർദ് എന്ന പ്രദേശത്തുള്ള ജനങ്ങൾ അഭിസംബോധന ചെയ്തിരുന്ന പേരാണ് ലൂർദ് മാതാവ്. ക്രൈസ്തവ സഭയുടെ പ്രശസ്തമായ ഒരു മരിയൻ തീർത്ഥാടന കേന്ദ്രമാണ് ഫ്രാൻസിലെ ലൂർദ്. നഗരത്തിൽ നിന്നും 11 മൈൽ അകലെ വിറക് ശേഖരിക്കാൻ പോയ ബർണദീത്തായ്ക്കും അവളുടെ സഹോദരിക്കും സുഹൃത്തിനുമാണ് 1858 ഫെബ്രുവരി 11 -ന് ആദ്യമായി ദർശനമുണ്ടായത്. തുടർന്ന്, പതിനൊന്ന് പ്രാവശ്യം ദർശനമുണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്.1858 ഫെബ്രുവരി 11 വ്യാഴാഴ്ച, ഫ്രാൻസിലെ ലൂർദ്ദു ഗ്രാമത്തിലെ, ഒരു ദരിദ്രകുടുംബത്തിൽ ജനിച്ചു വളർന്ന അക്ഷരാഭ്യാസമില്ലാത്ത പതിനാലുവയസ്സുകാരി ബെർണദീത്തായും അനുജത്തി ട്വാനെത്തും ഒരുകൂട്ടുകാരിയും കൂടി വിറകു ശേഖരിക്കുന്നതിനായി മസബിയേൻ എന്ന വനത്തിലേക്കു പോയി. മാർഗ്ഗമദ്ധ്യേയുണ്ടായിരുന്ന ഒരു കൊച്ചരുവി കടക്കുന്നതിനു രോഗിയായ ബെർണദീത്തയ്ക്കു സാധ്യമല്ലാതിരുന്നതിനാൽ ഇക്കരെത്തന്നെ നിന്നു. അപ്പോൾ ഒരു കാറ്റുവീശി. അടുത്തുള്ള ഗ്രോട്ടോയിലേക്ക് ചില വൃക്ഷങ്ങളുടെ ശാഖകൾ അവളെ മാടിവിളിക്കുന്നതുപ്പോലെ തോന്നി. കണ്ണഞ്ചിക്കുന്ന വെള്ളവസ്ത്രവും നീലനിറത്തിലുള്ള അരക്കെട്ടും തത്തുല്യമായ ഒരു ശിരോവസ്ത്രവും ധരിച്ചു, സ്വർണ്ണജപമാല കൈയിലേന്തി, ഒരു യുവതി ആ ഗ്രോട്ടോയിൽ നിൽക്കുന്നതു കണ്ടു. സ്വർണ്ണദീപ്തിയോടുകൂടിയൊരു പ്രകാശം ആ യുവതിയുടെ പാദത്തിന്റെ താഴെയുണ്ടായിരുന്നു. ബെർണദീത്തയും ആ യുവതിയുമൊരുമിച്ചു ജപമാല ചൊല്ലി. ത്രിത്വസ്തുതി മാത്രമേ ആ യുവതി ചൊല്ലിയിരുന്നുള്ളൂ. ജപമാലയുടെ അന്ത്യത്തിൽ പുഞ്ചിരിച്ചുകൊണ്ട് അല്പമൊന്നു കുനിഞ്ഞു് അവൾ തിരോധാനം ചെയ്തു. പതിനൊന്നു തവണ ഇത്തരത്തിൽ മാതാവു പ്രത്യക്ഷപ്പെട്ടു. ഒമ്പതാമത്തെ ദർശനത്തിൽ ഫെബ്രുവരി 25 -നു ആ യുവതി പറഞ്ഞു, “നീ ആ ഉറവയിൽ നിന്നും കുടിക്കുക, ദേഹം കഴുകുക, അവിടെ കാണുന്ന സസ്യങ്ങൾ ഭക്ഷിക്കുക.” അവിടെ ഇവയൊന്നും കാണാതിരുന്നതിനാൽ അവൾ അടുത്തുള്ള ഗേവു നദിയുടെയടുത്തേക്കുപോയി. ഉടനെ ആ സ്ത്രീ അവളെ വിളിച്ചു സ്ഥലം ചൂണ്ടികാണിച്ചു. ബെർണദീത്ത ആ സ്ഥലത്ത് ഇളക്കിനോക്കി. ഉടൻ അവിടെ നിന്നൊരുറവ പുറപ്പെട്ടു. ആ സ്ത്രീ പറഞ്ഞതുപോലെ അവൾ ചെയ്തു. നാലുദിവസങ്ങൾക്കുശേഷം, ളൂയി ബൂറിയറ്റ് എന്ന അന്ധനായ കല്ലുവെട്ടുകാരൻ ആ ഉറവയിൽ മുഖം കഴുകാനെത്തുകയും, ഉറവയിലെ ജലം കണ്ണിൽ തളിച്ചപ്പോൾ അദ്ദേഹത്തിനു കാഴ്ച ലഭിക്കുകയും ചെയ്തു. 1858 മാർച്ച് 25 -നു മംഗലവാർത്താതിരുന്നാൾ ദിവസം ബെർണദീത്തയ്ക്കു കാണപ്പെട്ട യുവതി, ‘അമലോത്ഭവ’ എന്നാണു തന്റെ പേരെന്നു വെളിപ്പെടുത്തി. ജൂലൈ 16 -നായിരുന്നു അവസാന ദർശനം. ലോകത്തിൽ പ്രശസ്തമായ മരിയൻ തീർത്ഥാടനകേന്ദ്രങ്ങളിൽ, ഒന്നാം സ്ഥാനം ലൂർദ്ദിനാണ്. ദിവസംതോറും അവിടെ ദിവ്യകാരുണ്യ പ്രദക്ഷിണവും ജപമാല പ്രദക്ഷിണവും നടത്തുന്നുണ്ട്. തിരുന്നാൾ ദിവസങ്ങളിൽ ഇവിടെ അനേകം രോഗശാന്തികൾ നടക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും അധികം അത്ഭുതങ്ങൾ നടക്കുന്നത് ദിവ്യകാരുണ്യപ്രദിക്ഷണ സമയത്താണ്; നിനക്ക് ഏതാണ് ഇഷ്ടം വിശുദ്ധ കുർബാന സ്വീകരിക്കുന്നതോ, ഗ്രോട്ടോയിലെ കന്യാമാതാവിനെ ദർശിക്കുന്നതോ? എന്ന ഒരു കുരുക്ക് ചോദ്യം ഒരാൾ വിശുദ്ധ ബെർണദീത്തയോട്  ചോദിച്ചു. അവൾ പറഞ്ഞു എന്തൊരു അസാധാരണമായ ചോദ്യമാണിത്. അവരെ വേർപെടുത്തുക സാധ്യമല്ല; യേശുവും  മേരിയും എപ്പോഴും ഒന്നിച്ച് നിൽക്കുക തന്നെ ചെയ്യും.

Share this :

Leave a comment

Your email address will not be published. Required fields are marked *