ഫ്രഞ്ച് ജേർണലിസ്റ്റും എഴുത്തുകാരനുമായിരുന്നു, ആന്ദ്രേ ഫ്രോസാർഡ്. വലിയ നിരീശ്വരവാദിയായിരുന്ന അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഗ്രന്ഥമാണ് 'ഗോഡ് എക്സിസ്റ്റ്, ഐ മെറ്റ് ഹിം'. 1969 -ലെ ബെസ്റ്റ് സെല്ലർ ആയിരുന്നു ഈ പുസ്തകം. ഈ ഗ്രന്ഥത്തിലാണ്, തന്റെ ദിവ്യകാരുണ്യ അനുഭവവും അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ സുഹൃത്തായ വില്ലമിന് ഒപ്പം പാരീസ് നഗരത്തിലെ ഒരു റസ്റ്റോറന്റിൽ അത്താഴം കഴിക്കാൻ പോകുന്ന വഴി സുഹൃത്ത് അടുത്തുള്ള നിത്യാരാധന ചാപ്പലിൽ പോയി. ഇരുപതു വയസ്സുകാരനായ ആന്ദ്രേ കുറെ നേരം കാത്തിരുന്നതിനു ശേഷം, അദ്ദേഹത്തെ തേടി നിത്യാരാധന ചാപ്പലിലേക്ക് കടന്നു ചെന്നു. പെട്ടെന്ന് സൂര്യനേക്കാൾ പ്രശോഭിക്കുന്ന ഒരു തേജോഗോളം അദ്ദേഹത്തിന്റെ അടുക്കലേക്കു വരികയും, അതിസ്വാഭാവികമായ ആനന്ദം കൊണ്ട് നിറഞ്ഞ അദ്ദേഹം നിശ്ശബ്ദനാകുകയും ചെയ്തു. സുഹൃത്തായ വില്ലമിൻ അടുക്കലേക്ക് വന്നപ്പോൾ അദ്ദേഹം പറഞ്ഞു, ദൈവം ഉണ്ട്, അവൻ ജീവിക്കുന്നു, ഞാൻ അവനെ കണ്ടു. ആന്ദ്രേയിൽ അന്വേഷിക്കാത്ത സത്യങ്ങളും ബോധ്യങ്ങളും നിറഞ്ഞു. തുടർന്ന് ഏകദേശം ഒരു മാസത്തോളം ഈ ദിവ്യ പ്രകാശത്തിന്റെ അത്ഭുത ശോഭ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. 1995 ഫെബ്രുവരി രണ്ടിന് അദ്ദേഹം മരണമടയുന്നത് വരെ ദിവ്യകാരുണ്യ ഭക്തനും പ്രേഷിതനും ആയി തുടർന്നു.