ദൈവാലയങ്ങളിൽ ചാവേറാക്രമണം നടത്താനെത്തിയ ഭീകരനെ തടയുന്നതിനിടെ രക്തസാക്ഷിത്വം വരിച്ച ആകാഷ് ബഷീറിന്റെ നാമകരണ നടപടികൾ ആരംഭിച്ചു
ലാഹോർ: ഒന്‍പത് വർഷങ്ങൾക്ക് മുമ്പ് പാക്കിസ്ഥാനിലെ ദൈവാലയങ്ങളിൽ ചാവേറാക്രമണം നടത്താനെത്തിയ ഭീകരനെ തടയുന്നതിനിടെ രക്തസാക്ഷിത്വം വരിച്ച ആകാഷ് ബഷീറിന്റെ നാമകരണനടപടികളുടെ രൂപതാതല അന്വേഷണം പൂർത്തിയായി. 2015 മാര്‍ച്ച് 15 ന് യൗഹാനാബാദിലെ സെന്റ് ജോൺ ദൈവാലയത്തിലും സമീപത്തുള്ള പ്രോട്ടസ്റ്റന്റ് ദൈവാലയത്തിലും ഇസ്ലാമിസ്റ്റ് ഭീകരർ നടത്തിയ ആക്രമണം തടയുന്നതിനായി നടത്തിയ ശ്രമത്തിനിടെയാണ് ആകാഷ് ബഷീർ എന്ന 20 വയസുകാരൻ രക്തസാക്ഷിത്വം വരിച്ചത്. ദൈവദാസനായി പ്രഖ്യാപിക്കപ്പെട്ട ആദ്യ പാക്കിസ്ഥാനി വിശ്വാസിയായ ആകാശിന്റെ നാമകരണനടപടികളുടെ രൂപതാ തല ഘട്ടമാണ് ലാഹോറിൽ പൂർത്തിയായത്. ഇതുമായി ബന്ധപ്പെട്ട് സമാഹരിച്ച രേഖകൾ റോമിലെ വിശുദ്ധ നാമകരണ നടപടികൾക്കായുള്ള ഡിക്കാസ്റ്ററിക്ക് അയച്ചു കൊടുക്കും.
നാമകരണനടപടികളുടെ രൂപതാ തല സമാപനത്തോടനുബന്ധിച്ച് അർപ്പിച്ച ദിവ്യബലിയിൽ ലാഹോർ അതിരൂപത അധ്യക്ഷൻ ആർച്ചുബിഷപ് സെബാസ്റ്റ്യൻ ഷാ മുഖ്യ കാർമികത്വം വഹിച്ചു. അപ്പസ്തോലിക്ക് ന്യൂണ്ഷ്യോ ആർച്ചുബിഷപ് ജെർമാനോ പെനേമോട്ടും മറ്റ് 40 വൈദികരും സഹകാർമികരായി. ഇവരോടപ്പം ആകാശ് ബഷീറിന്റെ മാതാപിതാക്കളും സുഹൃത്തുക്കളും ദിവ്യബലിയിൽ സംബന്ധിച്ചു.
വിശ്വാസത്തിന്റെ അടിത്തറയിൽ മികച്ച രൂപീകരണം നല്കി ആകാശിനെ വളര്‍ത്തിയ മാതാപിതാക്കളുടെ മാതൃക അനുകരണീയമാണെന്ന് ആര്‍ച്ചുബിഷപ്പ് ഷാ പറഞ്ഞു. നമ്മുടെ സാഹര്യം ക്രൈസ്തവ വിശ്വാസം ജീവിക്കാൻ അനുയോജ്യമല്ലെന്ന് നമുക്കറിയാം. എന്നാൽ ഈ വിപരീത സാഹചര്യത്തിലും ഉത്തമവിശ്വാസജീവിതം എങ്ങനെ നയിക്കാം എന്നുള്ളതിന് ശക്തമായ സാക്ഷ്യം നല്കാൻ ആകാശിന് കഴിഞ്ഞതായി ബിഷപ് കൂട്ടിച്ചേര്‍ത്തു.
അവലംബം ശാലോം