‘ബ്ലാക്ക് മാസ്സി’നുള്ള ഒരുക്കങ്ങളെ ദിവ്യകാരുണ്യ ആരാധനയിലൂടെ പരാജയപ്പെടുത്താൻ ഒരുങ്ങി അമേരിക്കയിലെ കത്തോലിക്ക സഭ
അമേരിക്ക, അറ്റ്ലാൻ്റ: അറ്റ്ലാൻ്റയിലെ ക്രൈസ്തവ വിശ്വാസികൾ ‘സാത്താനിക് ടെമ്പിൾ ‘ എന്ന് വിളിക്കപ്പെടുന്ന സംഘടന ഒക്‌ടോബർ 25-ന് ആസൂത്രണം ചെയ്‌തിരിക്കുന്ന “ബ്ലാക്ക് മാസിന് ” മുന്നോടിയായി ആരാധനയുടെയും, പരിഹാരത്തിൻ്റെയും, പ്രാർത്ഥനയുടെയും ദിനങ്ങളായി ആചരിക്കുന്നു. അറ്റ്‌ലാൻ്റയിലെ ആർച്ച് ബിഷപ്പ് ഗ്രിഗറി ഹാർട്ട്‌മേയർ എല്ലാ കത്തോലിക്കരോടും സാത്താനിക് ആരാധനയെ; പരിഹാരത്തിൻ്റെയും, പശ്ചാത്താപത്തിൻ്റെയും, പ്രാർത്ഥനയിലൂടെ ചെറുക്കാൻ ആഹ്വാനം ചെയ്തു. സാത്താനിക് ആരാധകർ ബ്ലാക്ക് മാസിനെ നിന്ദയുടെ ആഘോഷം എന്ന് ചുരുക്കമായി വിവരിക്കുന്നു. അത് വ്യക്തിസ്വാതന്ത്ര്യത്തിൻ്റെയും സ്വാതന്ത്ര്യത്തിൻ്റെയും പ്രകടനമാണ് എന്ന് അവകാശപ്പെടുന്നു. ഒക്‌ടോബർ 25 ന് വെള്ളിയാഴ്‌ചയോ അതിനുമുമ്പോ രാത്രി 9 മണിക്ക്, ദിവ്യകാരുണ്യ ആശീർവാദത്തോടെ ഒരു തിരുമണിക്കൂർ നടത്താൻ താൻ ഓരോ ഇടവകയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കത്തോലിക്കാ ദേവാലയത്തിൽ കൂദാശ ചെയ്ത തിരുവോസ്തി ഉപയോഗിച്ച്, അത് സങ്കൽപ്പിക്കാവുന്ന ഏറ്റവും മോശമായ രീതിയിൽ അശുദ്ധമാക്കിക്കൊണ്ട്, സാത്താന് ബലിയായി അവർ അർപ്പിക്കുന്നു,” ആർച്ച് ബിഷപ്പ് പറഞ്ഞു. കത്തോലിക്കാ കുർബാനയ്ക്കും എല്ലാ ക്രിസ്ത്യാനികളുടെയും അടിസ്ഥാന വിശ്വാസങ്ങൾക്കുമേലുള്ള ബോധപൂർവമായ ആക്രമണമാണ് ഈ ഭയാനകമായ ബലിയർപ്പണം. ഇത് നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെ പരിഹസിക്കുന്നു. ദൈവമാതാവായ മറിയത്തിൻ്റെ സ്‌നേഹനിർഭരമായ മദ്ധ്യസ്ഥതയിലൂടെ കർത്താവിനോടുള്ള ഞങ്ങളുടെ ശ്രമങ്ങളെ ഞങ്ങൾ സമർപ്പിക്കുന്നു, അദ്ദേഹം ഉപസംഹരിച്ചു.
റിപ്പോർട്ട് : ജോസഫ് ചിലമ്പിക്കുന്നേൽ