ഒരിക്കലും ഉറങ്ങാത്ത നഗരത്തിന് ഇനി ഒരിക്കലും അടയാത്ത ചാപ്പൽ
മാൻഹട്ടൻ: ഉറങ്ങാത്ത നഗരമെന്ന് ലോകം വിശേഷിപ്പിക്കുന്ന ന്യൂയോർക്ക് സിറ്റിയിലെ മാൻഹട്ടനിൽ പ്രഥമ നിത്യാരാധന ചാപ്പൽ. ഡൊമിനിക്കൻ സന്യാസ സഭയ്ക്കു കീഴിലുള്ള ഗ്രീൻവിച്ച് വില്ലേജിലെ സെന്റ് ജോസഫ് ദൈവാലയത്തോട് ചേർന്ന് ഒരുങ്ങുന്ന നിത്യാരാധനാ ചാപ്പലിൽ രാപ്പകൽ ഭേദമെന്യേ ദിവ്യകാരുണ്യ ആരാധനയ്ക്ക് സൗകര്യമുണ്ടാകുമെന്നതും ചാപ്പലിന്റെ സവിശേഷതയാണ്.
ന്യൂയോർക്ക് യൂണിവേഴ്സിറ്റിക്ക് സമീപത്തായി ഉയരുന്ന നിത്യാരാധന ചാപ്പൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് വിശ്വാസികൾക്ക് അനുഗ്രഹമാകുമെന്നാണ് പ്രതീക്ഷ. അതിരൂപതയിലെ മുഴുവൻ ജനതയ്ക്കുമായി ചാപ്പൽ സമർപ്പിക്കുന്നതിലുള്ള സന്തോഷവും ഡൊമിനിക്കൻ സന്യാസ സഭാ വൈദീകർ പങ്കുവെച്ചു. ‘പ്രാർത്ഥനയിൽ, ദൈവത്തോടൊപ്പം സമയം ചെലവഴിക്കാതെ നമുക്ക് ദൈവത്തെ അറിയാനാവില്ല. നിത്യമായ ആരാധന, പ്രാർത്ഥനയെ നമ്മുടെ ജീവിതത്തിന്റെ കേന്ദ്രമാക്കി മാറ്റും. ക്രിസ്തുവിന്റെ യഥാർത്ഥ സാന്നിധ്യം വിശുദ്ധ കൂർബാനയിലൂടെ കണ്ടുമുട്ടുമ്പോൾ അനേകം ജീവിതങ്ങൾ പരിവർത്തനം ചെയ്യപ്പെടും,’ വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ സെന്റ് ജോസഫ് ഇടവക വികാരി ഫാ. ബോണിഫസ് എൻഡോർഫ് ഒ.പി പറഞ്ഞു.
രാജ്യത്തെ കത്തോലിക്കാ ദൈവാലയങ്ങളും ചാപ്പലുകളും ആക്രമിക്കപ്പെടുന്ന സാഹചര്യത്തിൽ നിത്യാരാധനാ ചാപ്പലിന്റെ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇടവക ഓഫീസിൽ സൈൻ അപ്പ് ചെയ്ത് കോഡ് ലഭിക്കുന്നവർക്ക് മാത്രമേ ചാപ്പലിന്റെ വാതിൽ തുറന്ന് അകത്ത് പ്രവേശിക്കാനാകൂ. കൂടാതെ ചാപ്പലിനകത്തും പരിസരത്തും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നുണ്ട്. ഒരിക്കലും ഉറങ്ങാത്ത നഗരത്തിന് ഇനി ഒരിക്കലും അടയാത്ത ചാപ്പൽ സ്വന്തമാകുമെന്ന ആനന്ദത്തിലാണ് ന്യൂയോർക്കിലെ വിശിഷ്യാ, മാൻഹട്ടനിലെ കത്തോലിക്കാ സമൂഹം.
കടപ്പാട്: ശാലോം ടൈംസ്