ദിവ്യകാരുണ്യ അത്ഭുതം
എറണാകുളം: വരാപ്പുഴ അതിരൂപതയുടെ കീഴിൽ, മാടവന സെന്റ് സെബാസ്റ്റ്യന് ദേവാലയത്തില് ദിവ്യകാരുണ്യ അത്ഭുതം നടന്നതായി റിപ്പോർട്ട്. മാടവന പള്ളിയിൽ ഒരു പെൺകുട്ടി ദിവ്യകാരുണ്യം സ്വീകരിച്ചപ്പോൾ തിരുവോസ്തി മാംസരൂപമായെന്നാണ് പുറത്തുവരുന്ന വിവരം. ഒന്പതാം ക്ലാസ്സിൽ പഠിക്കുന്ന ആഗ്ന എന്ന പെണ്കുട്ടി ദിവ്യകാരുണ്യം സ്വീകരിച്ചപ്പോഴാണ് തിരുവോസ്തി മാംസരൂപമായി മാറിയത്. തുടർച്ചയായി മൂന്നു ഞായറാഴ്ചകളിലും അത്ഭുതം സംഭവിച്ചുവെന്നതാണ് ശ്രദ്ധേയമായ വസ്തുത. പ്രകടമായ അത്ഭുതം നടന്ന ദിവ്യകാരുണ്യം, രൂപത കേന്ദ്രത്തിലേക്ക് മാറ്റി. ഈ ഞായറാഴ്ചയും അത്ഭുതം നടന്നു. ദിവ്യബലിക്കു ശേഷം വികാരിയച്ചൻ സക്രാരിയിൽ സൂക്ഷിച്ച ദിവ്യകാരുണ്യം കൈക്കാരന്മാരെയും പാസ്റ്ററൽ സമിതിയംഗങ്ങളെയും വിളിച്ചു കാണിച്ചു. തുടർന്ന്, ദേവാലയത്തിൽ ദിവ്യകാരുണ്യ ആരാധന നടത്തി. തിരുബലിയിൽ പങ്കെടുത്ത മുന്നൂറ്റമ്പതോളം ആളുകൾ ആരാധനയിൽ പങ്കുചേർന്നു. അതോടൊപ്പം, മാതാവിന്റെ തിരുസ്വരൂപത്തിൽ നിന്നും കണ്ണീരും, കുട്ടിക്ക് പഞ്ചക്ഷതാരംഭത്തിന്റെ ലക്ഷണങ്ങളും ശരീരത്തിൽ കാണാൻ തുടങ്ങി. ഇതേക്കുറിച്ച് പഠിക്കാൻ ദൈവശാസ്ത്രജ്ഞന്മാരും, ഡോക്ടർമാരും, ശാസ്ത്രജ്ഞന്മാരും അടങ്ങുന്ന ഒരു കമ്മീഷനെ ആർച്ചു ബിഷപ്പ് നിയോഗിക്കും. ദിവ്യകാരുണ്യം, ശാസ്ത്രീയ പരീക്ഷണങ്ങൾക്ക് വിധേയമാക്കും. വിശദമായ പഠനങ്ങൾ വത്തിക്കാൻ അംഗീകരിച്ചാൽ മാത്രമേ ഇത് ഔദ്യോഗികമായി ദിവ്യകാരുണ്യ അത്ഭുതമായി അംഗീകരിക്കുകയുള്ളു.