ഞാൻ സക്രാരിക്കരികിൽ
വിശുദ്ധ കൊച്ചുത്രേസ്യാ
ഓ താക്കോൽ കൂട്ടമേ! ഞാൻ നിന്നോട് അസൂയപ്പെടുന്നു!!
നീ സമയത്തിന്റെ വേലികെട്ടിലല്ല, സ്നേഹത്തിന്റെയും ശക്തിയുടെയും ദിവ്യകാരുണ്യയിടം
നിന്റെ വിരൽ തുമ്പിലാണ്.
അവിടെയാണ് ശക്തിയുടെയും, സ്നേഹത്തിന്റെയും ആർദ്രമായ രഹസ്യം!
നമ്മുടെ സ്നേഹം; കൂടാര വാതിൽ തുറന്നു.
എന്റെ പ്രിയനോടൊപ്പം ഞാൻ
അവിടെ ഒളിക്കുന്നു.
വിശുദ്ധസ്ഥലത്തെ വിളക്കേ!! ദിവ്യപ്രകാശങ്ങൾ എന്നെന്നേക്കുമായി പ്രകാശിക്കുന്നയിടമേ!!
എൻ്റെ സ്നേഹത്തിൻ്റെ തീകൊണ്ടു ഞാൻ നിന്റെ മുമ്പിൽ കെടാവിളക്കാവട്ടെ!!
അത്ഭുതകരമായ ആനന്ദത്തിന്റെ അത്ഭുതമേ!
സ്നേഹത്താൽ എരിഞ്ഞു ഞാൻ ആത്മാക്കളെ നേടട്ടെ!!
ഓ പ്രതിഷ്ഠിക്കപ്പെട്ട ബലിപീഠക്കല്ലേ!
ഓരോ പ്രഭാതത്തിലും നീ എന്റെ അസൂയയാണ്.
നിന്നിൽ, ബെത്ലഹേമിന്റെ അനുഗ്രഹിക്കപ്പെട്ടയിടത്തിൽ നിത്യ വചനം ജനിച്ചു.
സൗമ്യനായ രക്ഷകാ! എന്റെ അപേക്ഷ കേൾക്കുക; എന്റെ ഹൃദയത്തിൽ പ്രവേശിക്കുക!
‘എന്റെ ഹൃദയത്തിന്റെ ബലിപീഠക്കല്ലിൽ ആഗതനാവുക; സ്നേഹത്തിൽ തീപിടിച്ച കല്ലിൽ ജ്വലിക്കുക.
മാലാഖമാർ കാത്തുസൂക്ഷിക്കുന്ന വിശുദ്ധ വസ്ത്രമേ!
അസൂയ എന്റെ നെഞ്ചിൽ നിറയുന്നതറിയുന്നില്ലേ!!
നിന്റെമേൽ, എന്റെ നിധിയായവൻ വിശ്രമം കാണുന്നു.
ഓ കന്യകയായ അമ്മെ! എന്റെ ഹൃദയത്തെ, ശുദ്ധവും സുന്ദരവുമായ തിരുവസ്ത്രമാക്കി മാറ്റുക,
അതിൽ തിരുവോസ്തിയിൽ തൂമഞ്ഞുപോലെ നിർമലനായവൻ വിശ്രമിച്ചു,
നിന്റെ സൗമ്യനായ കുഞ്ഞാട് അഭയം കണ്ടെത്തട്ടെ !!
ഓ വിശുദ്ധ പാത്രമേ, കൂദാശയുടെ വിശുദ്ധ സിംഹാസനമേ!!
എന്നോടൊന്നാകാൻ അവൻ ഇല്ലായ്മയായി!
പ്രിയനെന്റെ വാഞ്ഛ നിറവേറ്റുന്നു, ഇനി ഞാൻ മരിക്കുന്നതുവരെ കാത്തിരിക്കേണ്ടതില്ല;
അവൻ എന്റെ അടുക്കൽ വരുന്നു! അവൻ എന്നിൽ വസിക്കുന്നു!
ഞാൻ അവനെ വെളിപ്പെടുത്തുന്ന ഒരു അരുളിക്കയായി മാറുന്നു.
കർത്താവിന്റെ രക്തം വഹിക്കുന്ന ഒരു പാനപാത്രമായി ഞാൻ മാറിയിരുന്നെങ്കിൽ!!
വിശുദ്ധ യാഗത്തിൽ, ഓരോ ദിവസവും ആ വിലയേറിയ രക്തം എനിക്കുള്ളതാണ്.
സ്വർണ്ണ പാത്രങ്ങളേക്കാൾ എന്റെ പ്രിയന് എന്റെ ആത്മാവ് പ്രിയപ്പെട്ടതാണ്;
അവന്റെ ബലിപീഠം ഒരു പുതിയ കാൽവരിയാണ്, അതിൽ രക്തം നവമായി ഒഴുകുന്നു.
വിശുദ്ധവും സ്വർഗ്ഗീയവുമായ മുന്തിരിപഴമായ യേശുവേ,
നിനക്കായി സന്തോഷത്തോടെ ചാറാകുന്ന ഒരു ചെറിയ മുന്തിരിയായി എന്നെ മാറ്റേണമേ!
അതാണെന്റെ ആനന്ദമെന്നു അങ്ങേക്കറിയാം.
കുരിശിന്റെ ഭാരത്തിന് കീഴിൽ, നിന്നോടുള്ള എന്റെ സ്നേഹം അറിയിക്കുന്നതിൽ ഞാൻ മടിച്ചില്ല;
ഇതല്ലാതെ മറ്റൊരു ആനന്ദമില്ലെൻ ദൈവമേ!!
ഓരോ ദിവസവും സഹനത്തിന്റെ തീയിൽ എന്നെ കൊളുത്തുക!
ഏറ്റവും ശുദ്ധമായ ഗോതമ്പ് ധാന്യങ്ങളിൽ;
അവൻ എന്നെ തിരഞ്ഞെടുക്കുന്നു.
അവനുവേണ്ടി ഞാൻ അഴുകുന്നു; എന്തൊരു ആനന്ദം!
നിന്റെ പ്രാണപ്രിയയാണ് ഞാൻ , നിന്റെ തിരഞ്ഞെടുക്കപ്പെട്ടവൾ;
എന്റെ പ്രിയപ്പെട്ടവനെ! വരിക, എന്നിൽ വസിക്കുക.
നിന്റെ സൗകുമാര്യം എന്റെ ഹൃദയം കീഴടക്കുന്നു. വരുക!!
എന്നെ നീയാക്കുക!!
സ്വതന്ത്ര വിവർത്തനം റോബിൻ MCBS