വിശുദ്ധ കാർലോസ് അക്യുട്ടീസിന്റെ അമ്മയുമായുള്ള ക്രിസ് സ്‌റ്റെഫാനിക്കിന്റെ അഭിമുഖത്തിന്റെ മലയാള പരിഭാഷ
വിശുദ്ധ കാർലോസ് അക്യുട്ടീസിന്റെ അമ്മയുമായുള്ള അഭിമുഖം
ഒരു വിശുദ്ധന്റെ അമ്മയോട് നിങ്ങൾ സംസാരിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്ങനെ മകനെ വിശുദ്ധനായി വളർത്താൻ സാധിച്ചുവെന്നു പലരും ചോദിക്കാൻ ആഗ്രഹിക്കുന്നുണ്ടാവും; ഈ തലമുറയിലെ ആദ്യ വിശുദ്ധനായി മാറാൻ പോകുന്ന വ്യക്തിയുടെ അമ്മയുമായുള്ള അഭിമുഖമാണിത്. ഒന്നിച്ചു ജീവിച്ച അമ്മയെ അഭിമുഖം നടത്തുമ്പോൾ എങ്ങനെ മകൻ വിശുദ്ധനായി എന്നതിനെക്കുറിച്ചു ‘അമ്മ നമ്മളോട് പറയും.
ചോ: പല അഭിമുഖങ്ങളിലും അമ്മ കാർലോയെ കുറിച്ച് പറയാറുണ്ട്; അവൻ കാരണമാണ് രക്ഷപ്പെട്ടത്, മാനസാന്തരപ്പെട്ടതെന്ന് അതിനെക്കുറിച്ച് പറയാമോ?
ഉത്ത: തീർച്ചയായും കാർലോസ് എന്നെ രക്ഷപ്പെടുത്തി എന്ന് തന്നെയാണ് ഞാൻ ഉറച്ചു വിശ്വസിക്കുന്നത്. ഞാൻ റോമൻ കത്തോലിക്കാ സഭയുടെ സ്കൂളിലാണ് പഠിച്ചത്. സ്കൂളിലെ പഠനത്തോടനുബന്ധിച്ചുള്ള ദേവാലയ സന്ദർശനങ്ങളും, വിശുദ്ധ ബലിയർപ്പണങ്ങളും മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. മാത്രമല്ല, അതിൽ മൂന്നെണ്ണമേ ഞാൻ ഓർക്കുന്നുള്ളു!! എന്റെ ആദ്യകുർബാന സ്വീകരണം, സ്ഥൈര്യലേപനം, വിവാഹം എന്നാൽ മകന്റെ ജനനശേഷം എല്ലാത്തിനും മാറ്റം സംഭവിച്ചു.
ചോ: അല്പം കൂടി വിശദമായിട്ട് സംസാരിക്കാമോ?
ഉത്ത: എന്റെ പിതാവ് മരിച്ചു. പിതാവിന്റെ മരണശേഷം കാലോസ് പറഞ്ഞു, അദ്ദേഹം പ്രത്യക്ഷപ്പെട്ടു ഇപ്പോൾ ശുദ്ധീകരണ സ്ഥലത്താണ്; എനിക്കതിനെകുറിച്ച് വലിയ ധാരണയൊന്നും ഇല്ലായിരുന്നു. ഇതുപോലെ മറ്റു പല ചോദ്യങ്ങളും അവൻ ചോദിക്കാറുണ്ടായിരുന്നു. ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം തേടി ഒരു മതബോധന ക്ലാസിൽ ചേർന്ന് ദൈവശാസ്ത്ര ക്ലാസുകളിൽ പങ്കെടുക്കാൻ ആരംഭിച്ചു. ഇതുവഴിയാണ് ദൈവീക രഹസ്യങ്ങൾ ഞാൻ അറിഞ്ഞു; ഞങ്ങൾ ഒരുമിച്ചു പഠിച്ചു.
ചോ: ശരിക്കും കാർലോയല്ലേ വിശുദ്ധ ബലിയർപ്പണത്തിലേക്ക് അമ്മയെ നയിച്ചത്?
ഉത്ത: ഞാൻ സൂചിപ്പിച്ചതുപോലെ നാമമാത്രമായ വിശുദ്ധ ബലിയർപ്പണങ്ങൾ മാത്രമേ എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നുള്ളു. അത് തന്നെ വിശ്വാസത്തോടെ ആയിരുന്നോ എന്നു ഞാൻ സംശയിക്കുന്നുണ്ട്. എനിക്ക് കൂദാശകൾ വെറും പ്രതീകങ്ങൾ മാത്രമായിരുന്നു. ശരിക്കും പറഞ്ഞാൽ ഞങ്ങൾ ഒരുമിച്ച് ആരംഭിക്കുകയാണ് ചെയ്തത്. ഏഴാം വയസ്സിൽ വിശുദ്ധ കുർബാന സ്വീകരണത്തിനു ശേഷം അവൻ അനുദിന ബലിയർപ്പണങ്ങൾക്കും ദിവ്യകാരുണ്യ ആരാധനയ്ക്കും പോകാൻ ആരംഭിച്ചു. അവന്റെ സന്തോഷം എന്റെ സന്തോഷമായിരുന്നു ഞാനും അവനെ അനുഗമിച്ചു. അവന്റെ കർത്താവുമായുള്ള കൂടിക്കാഴ്ചയ്ക്ക് എനിക്ക് തടസ്സം നിൽക്കാൻ ആയിട്ട് കഴിഞ്ഞില്ല. അങ്ങനെ അവനോടൊപ്പം ഞാനും കർത്താവിനെ അറിയുകയായിരുന്നു.
ചോ: കാർലോ പാവങ്ങളോട് അതീവ കരുണ കാണിക്കുന്ന ആളായിരുന്നു അതിനെക്കുറിച്ച് എന്തെങ്കിലും പറയാൻ കഴിയുമോ?
ഉത്ത: ഞങ്ങൾ മിലാനിൽ ഒരു മധ്യഭാഗത്താണ് താമസിക്കുന്നത്. അവിടെ ഒത്തിരി കുടിയേറ്റക്കാരുണ്ട്, തറയിലും, മുറ്റത്തുമൊക്കെയാണ് അവർ കിടന്നിരുന്നത്. പേപ്പറിൽ കിടക്കുന്നവരുടെ ദൈന്യത കണ്ടവൻ ഭക്ഷണവും പുതപ്പും അവർക്കായിട്ട് സംഘടിപ്പിച്ചു.
ചോ: എല്ലാവരും താങ്കളെ അഭിനന്ദിക്കുന്നുണ്ട്; വിശുദ്ധന്റെ അമ്മ എന്ന നിലയിൽ ഒത്തിരി സ്നേഹത്തോടെ എല്ലാവരും പരിഗണിക്കുന്നു; ചെറുപ്പത്തിൽ തന്നെ മകനെ നഷ്ടപ്പെട്ടതിന്റെ ഒരു സങ്കടം ഇല്ലേ?
ഉത്ത: ശരിക്കും പറഞ്ഞാൽ അനേകം വർഷങ്ങളായി ദൈവം എന്നെ ഒരുക്കുകയായിരുന്നു, ഞങ്ങളെ ഒരുക്കുകയായിരുന്നു. കാർലോയുടെ മരണം ഞാൻ സ്വീകരിക്കാൻ തയ്യാറായിരുന്നു;ദൈവം എന്നെ തയ്യാറാക്കിയിരുന്നു. തീർച്ചയായും അത് വലിയൊരു സങ്കടകരമായ കാര്യം തന്നെയാണ്. പക്ഷേ ദൈവം തീരുമാനിക്കുന്നത് എല്ലാം എപ്പോഴും നമ്മുടെ മികച്ചതിന് വേണ്ടിയാണ്. ദൈവത്തിലുള്ള വിശ്വാസം പ്രകടിപ്പിക്കുന്നത് തന്നെയാണ് അവിടുത്തോടുള്ള അതേ എന്ന നമ്മുടെ ഉത്തരം. അവൻ വിശുദ്ധനായി പ്രഖ്യാപിക്കപെടുമ്പോൾ എനിക്ക് അത്ഭുതമില്ല, മരണ ശേഷം അവൻ ഒരു സ്വപ്‍നത്തിൽ തന്റെ വിശുദ്ധ പദവിയെ കുറിച്ച് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ എനിക്ക് ഒരു അത്ഭുതമായി തോന്നുന്നില്ല. അവനീലൂടെ ഒത്തിരി പേർക്ക് സൗഖ്യം ലഭിക്കുന്നതും, ഒത്തിരി പേര് അനുഗ്രഹങ്ങൾ സ്വീകരിക്കുന്നതും ഞങ്ങൾ കേൾക്കാറുണ്ട്. അതൊക്കെ കേൾക്കുമ്പോൾ ഞങ്ങൾ ഒത്തിരി സന്തുഷ്ടരാണ്. അവൻ ഇപ്പോൾ ഒത്തിരി പേരുടെ മകനാണ്.
ചോ: അമ്മ മകനോട് പ്രാർത്ഥിക്കാറുണ്ടോ
ഉത്ത: തീർച്ചയായും ഞാൻ കാർലോയോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കാറുണ്ട്. പലപ്പോഴും പ്രാർത്ഥനയിൽ ആവശ്യപ്പെടുന്നത് പരിശുദ്ധ അമ്മയോടും പുത്രനായ ഈശോയോടും ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം വഹിക്കണമേ എന്നാണ്. അതുപോലെ എല്ലാ കൗമാരക്കാർക്ക് വേണ്ടിയും പ്രാർത്ഥിക്കാറുണ്ട്. കാർലോസ് വീഡിയോ ഗെയിം ഒക്കെ ഒത്തിരി ഇഷ്ടപ്പെട്ട ആളായിരുന്നു. പക്ഷേ അവൻ ആഴ്ചയിൽ ഒരു മണിക്കൂറിലേക്ക് അത് ഒതുക്കാൻ സാധിച്ചിട്ടുണ്ട്. അത്രയേറെ ആത്മസംയമനം ഉള്ള ഒരു കുഞ്ഞായിരുന്നു അവൻ. പലകാര്യങ്ങളും സങ്കടകരമായ തോന്നാറുണ്ട്; ഒത്തിരി പേര് ഇങ്ങനെയുള്ള ഗെയിമുകൾക്ക് അഡിക്റ്റാണ്, പ്രാർത്ഥിക്കാൻ ആയിട്ട് കഴിയുന്നില്ല, ഗെയിമുകൾ ആധിപത്യം സ്വീകരിക്കുകയാണ്. സ്മാർട്ട്ഫോണും, ടെലിവിഷനും എല്ലാം അവരുടെ ഈശോയുമായുള്ള ബന്ധത്തെ സ്വാധീനിച്ചു കൊണ്ടിരിക്കുകയാണ്. ഇതൊക്കെ എന്റെ പ്രാർത്ഥനയുടെ വിഷയമാകാറുണ്ട്. മദ്യവും മയക്കുമരുന്നും അശ്ളീല സാഹിത്യവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാം കൗമാരക്കാരെയും എന്റെ മക്കളായ കണ്ടു ഞാൻ പ്രാർത്ഥിക്കാറുണ്ട്. ഇത് എന്റെ മാത്രം ഒരു സങ്കടമല്ല; കാർലോയുടെ വിഷമമവും ഇത് തന്നെയായിരുന്നു.
ചോ: സഹനങ്ങളെ ദൈവഹിതം ആയി സ്വീകരിക്കാൻകാർലോ തീർച്ചയായിട്ടും നിങ്ങളെ പഠിപ്പിച്ചു; സഹിക്കുന്നവരോട് എന്താണ് പറയാനുള്ളത്?
ഉത്ത: അവനു രക്താർബുദം ഉണ്ടെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. ആദ്യം ജലദോഷത്തിന്റെ രൂപത്തിൽ വന്നു, പിന്നെ തൊണ്ടവേദന ആയിരുന്നു, അവൻ സഹിച്ചത് മുഴുവൻ സഭക്കും, മാർപാപ്പയ്ക്കും, ശുദ്ധീകരണ സ്ഥലത്ത് സങ്കടം അനുഭവിക്കുന്നവർക്കും വേണ്ടിയായിരുന്നു. ചില കാര്യങ്ങൾ കേൾക്കുമ്പോൾ അവൻ തമാശ പറയുകയാണെന്നാണ് കരുതിയത്. ഒരു ദിവസം എണീറ്റപ്പോൾ ഒത്തിരി വേദന അനുഭവിക്കുന്നതായി മനസിലാക്കി അങ്ങനെ ആ യാത്രയിൽ അവൻ പറഞ്ഞു ഇനി ഞാൻ തിരിച്ചു വരില്ല. ഡോക്ടർ അവനോട് ചോദിക്കും നിനക്ക് വേദനയുണ്ടോ അപ്പോൾ അവൻ പറയാറുണ്ട് എന്നെക്കാൾ വേദനിക്കുന്ന ഒത്തിരി പേരുണ്ട്. രണ്ടുമൂന്നു മാസമുമ്പ് ഞാൻ 70 കിലോ തൂക്കം ആകുമ്പോൾ മരിക്കുമെന്ന് അവൻ പറഞ്ഞത് ഓർക്കുകയാണ്. അവൻ മരണത്തെക്കുറിച്ച് ഭയപ്പെട്ടില്ല, കാരണം അത് ഈശോയോടൊപ്പം ജീവിക്കാനുള്ള യാത്രയായിരുന്നു. കാർലോ പറയുമായിരുന്നു ഇന്ന് നമ്മൾ മരിക്കും എന്ന വിധത്തിലാണ് നാം ഓരോ ദിവസവും ജീവിക്കേണ്ടത്.
ചോ: കാർലോയെ കുറിച്ച് ഓർക്കുമ്പോൾ പെട്ടെന്ന് എന്താണ് മനസ്സിൽ വരുന്നത്
ഉത്ത: അവന്റെ ദിവ്യകാരുണ്യ ഭക്തി തന്നെയാണ് എന്റെ മനസ്സിലേക്ക് വരുന്നത്. കുർബാനയോടുള്ള അവന്റെ സ്നേഹം എന്നെ അതിശയപ്പെടുത്തിയിട്ടുണ്ട്. ആ സ്നേഹം ഈശോയുടെ യഥാർത്ഥാ സാന്നിധ്യം ദിവ്യകാരുണ്യത്തിൽ അനുഭവിച്ചുകൊണ്ടുള്ള അടുപ്പവും, സ്നേഹവുമാണ്.
ചോ: എനിക്ക് ആറു മക്കളുണ്ട് അമ്മ എന്ന നിലയിൽ ഞാൻ എന്റെ മക്കളെ വിശുദ്ധരായി വളർത്താൻ എന്തെങ്കിലും ഉപദേശം തരാനുണ്ടോ?
ഉത്ത: മക്കളെ നിത്യ ജീവിതത്തെക്കുറിച്ച് പഠിപ്പിക്കണം, നരകത്തെക്കുറിച്ചും അവരെ ബോധ്യപ്പെടുത്തണം. ത്യാഗം ചെയ്ത് പ്രാർത്ഥിക്കാൻ മക്കളെ ഒരുക്കണം. രാവിലെയും ഉച്ചഭക്ഷണ സമയത്തും അവസരങ്ങൾ കിട്ടുമ്പോൾ എല്ലാം ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കണം. ജപമാലകൾ ചൊല്ലണം, വിശുദ്ധരുടെ ജീവിതത്തെക്കുറിച്ച് സംസാരിക്കണം സഭയിൽ അംഗമായിരിക്കുന്നതിലും അഭിമാനിക്കണമെന്ന് അവരെ ഓർമ്മപ്പെടുത്തണം, ആദ്യ മതബോധനം നടത്തേണ്ടത് മാതാപിതാക്കന്മാരാണ്.