January 15, 2026
#News #Saints

കേരള സഭയിലെ വിശുദ്ധരും, വിശുദ്ധ കുർബ്ബാന ദർശനങ്ങളും – വിശുദ്ധ എവുപ്രാസ്യാമ്മ

എനിക്ക് ഏക ആശ്വാസം എന്റെ ഈശോയുടെ അടുക്കൽ ചെല്ലുന്നതാണ്; വിശുദ്ധ സക്രാരിയുടെ കാവൽക്കാരി; സഞ്ചരിക്കുന്ന സക്രാരി

സി.എം.സി. സന്യാസസഭാംഗമായിരുന്ന വിശുദ്ധ എവുപ്രാസ്യാമ്മ, തൃശൂര്‍ ജില്ലയിലെ എടത്തുരുത്തി (കോട്ടൂര്‍) വില്ലേജിലെ എലുവത്തിങ്കല്‍ ചേര്‍പ്പുകാരന്‍ അന്തോണി-കുഞ്ഞേത്തി ദമ്പതികളുടെ മകളായി ജനിച്ചു. നല്ല സാമ്പത്തിക പശ്ചാത്തലമുണ്ടായിരുന്ന കുടുംബമായിരുന്നു റോസിൻ്റേത്. 1897-ല്‍ കർമ്മലീത്താ സഭയിൽ ചേർന്ന റോസ, തിരുഹൃദയത്തിന്റെ സിസ്റ്റര്‍ ഏവുപ്രാസ്യ എന്ന നാമം സ്വീകരിക്കുകയും 1898 ൽ സന്യാസവസ്ത്രം സ്വീകരിക്കുകയും ചെയ്തു. 1913 മുതല്‍ 1916 വരെ ഒല്ലൂരിലെ സെന്റ്‌ മേരീസ് കർമ്മലീത്താ മഠത്തിലെ സുപ്പീരിയറായിരുന്നു അമ്മ. എവുപ്രാസ്യാമ്മ തന്റെ സമയത്തിന്റെ ഭൂരിഭാഗവും കോണ്‍വെന്റിലെ ചാപ്പലിലാണ് ചിലവഴിച്ചിരുന്നത്. എനിക്ക് ഏക ആശ്വാസം എന്റെ ഈശോയുടെ അടുക്കൽ ചെല്ലുന്നതാണ് എന്ന് മറ്റുള്ളവരോട് പറയുമായിരുന്നു. പള്ളിയിൽ ഏറ്റവും ആദ്യം എത്തുന്ന ആൾ, ഏറ്റവും അവസാനം അവിടെ നിന്ന് പോകുന്ന ആൾ. സദാ പ്രാർത്ഥനയിൽ ലയിച്ചിരുന്നു. വിശുദ്ധ കുര്‍ബ്ബാനയും ജപമാലയുമായിരുന്നു അവളുടെ ജീവ ശ്രോതസ്സ്. ദിവ്യകാരുണ്യ സന്നിധിയില്‍ നിരന്തരം ചെലവഴിച്ചിരുന്ന എവുപ്രാസ്യായെ മറ്റു സഹോദരിമാർ വിളിച്ചിരുന്നത് ‘സഞ്ചരിക്കുന്ന സക്രാരി’ എന്നായിരുന്നു .”എന്റെ ഈശോ, അങ്ങയുടെ പാര്‍പ്പിടം എന്റെ ഹൃദയത്തില്‍ നിന്ന് ഒരിക്കലും മാറ്റരുതെ, ഒരു നിമിഷത്തേക്ക് പോലും” എന്നതും സ്നേഹയോഗ്യനായ ഈശോയെ എന്റെ ഹൃദയം അങ്ങേക്കായി മാത്രം കത്തിപ്രകാശിക്കുന്ന ഒരു വിളക്കായിരിക്കട്ടെ; അമ്മയുടെ എന്നത്തെയും പ്രാർത്ഥനകളായിരുന്നു. ” സഹോദരികൾ അമ്മയെ വിശുദ്ധ സക്രാരിയുടെ കാവൽക്കാരി എന്ന് വിളിച്ചു. ആകെ ഉണ്ടായിരുന്ന ആഡംബരങ്ങൾ കുറച്ചു പ്രാർത്ഥനാപുസ്തകങ്ങളും ഹൃദയത്തോടെപ്പോഴും ചേർത്ത് പിടിച്ചിരുന്ന ക്രൂശിതരൂപവും ആയിരുന്നു. അനേകം അത്ഭുതസംഭവങ്ങളാണ് അമ്മയുടെ ജീവിതത്തിൽ നടന്നിട്ടുള്ളത്. എവുപ്രാസ്യമ്മയെ ഈശോ വിശേഷവിധമായി സ്നേഹിക്കുകയും അതിന്റെ അടയാളമായി മുദ്രമോതിരം അണിയിക്കുകയുമുണ്ടായി. പന്ത്രണ്ടാമത്തെ വയസ്സിൽ കൂനമ്മാവ് മഠത്തിൽ വെച്ചു വിശുദ്ധ കുർബ്ബാന സ്വീകരിച്ചപ്പോൾ, വ്രതവാഗ്ദാനദിവസം, ഒടുവിലായി ഓശാനദിവസം ഭക്ഷണമൊരുക്കി സാധുവിനു നൽകിയ വേളയിൽ ഈശോ തന്നെ വന്ന് ഭക്ഷണം സ്വീകരിച്ചു മോതിരം നൽകി.. അങ്ങനെ മൂന്നു പ്രാവശ്യം അവളെ മോതിരമണിയിച്ച് സ്നേഹപൂരിതയാക്കി. മഠത്തിൽ വിശുദ്ധ കുർബ്ബാന ഇല്ലാതിരുന്ന ദിവസങ്ങളിൽ ഈശോ തന്നെ മുറിയിൽ വന്നു ബലിയർപ്പിച്ചു ദിവ്യകാരുണ്യം നൽകിയതായി എവുപ്രാസ്യമ്മ തന്നെ ആത്മീയ പിതാവായ മേനാച്ചേരി പിതാവിന് എഴുതിയിട്ടുണ്ട്. പരിശുദ്ധ കന്യാമറിയം അനവധി പ്രാവശ്യം പ്രത്യക്ഷപെട്ടു ആശ്വസിപ്പിച്ചിട്ടുണ്ട്. 1901 നവംബർ 2 ലെ കത്തിൽ എവുപ്രാസ്യമ്മ താൻ രോഗിയായി കിടക്കവേ പരിശുദ്ധ അമ്മ രണ്ടു ദൂതന്മാരോടൊപ്പം വന്നു ശുശ്രൂഷിച്ചതായി എഴുതിയിരിക്കുന്നു,” അമ്മയുടെ നിർദ്ദേശമനുസരിച്ചു ഒരുമാലാഖ എനിക്ക് വീശിത്തന്നു. അമ്മ തൻറെ ദിവ്യകരങ്ങളാൽ വേദനയുള്ള ശരീരഭാഗങ്ങളിൽ തലോടിക്കൊണ്ടിരുന്നു. എങ്കിലും സഹനം മാറ്റിത്തന്നില്ല, മറിച്ചു് കർത്താവിന്റെ പീഡകളെ ഓർത്തു നല്ലവണ്ണം സഹിക്കണം, രക്ഷകനായ ഈശോയെ ആശ്വസിപ്പിക്കാൻ പറ്റിയ സമയം ഇതാണ് എന്ന് പറയുകയാണ് ഉണ്ടായത്. മറ്റൊരിക്കൽ” എൻ്റെ നല്ല ഈശോയെ, നീ എന്തു ചെയ്താലും ഞാൻ നിന്നിൽ നിന്ന് വേർപിരിയുകയില്ല” എന്നു വിശുദ്ധ എവുപ്രാസ്യമ്മ ഈശോയോടു വാഗ്ദാനം ചെയ്തിരുന്നതായി ജീവചരിത്രത്തിൽ കാണുന്നു. ജീവിതം പൂര്‍ണ്ണമായും ദൈവസേവനത്തിനായി സമര്‍പ്പിച്ച ഏവുപ്രാസ്യാമ്മ 1952 ഓഗസ്റ്റ് 29 നു ദൈവസന്നിധിയിലേക്ക് യാത്രയായി.
2006 ൽ വാഴ്ത്തപ്പെട്ട പദവിയിലേക്കു ഉയർത്തിയ എവുപ്രാസ്യമ്മയെ 2014 നവംബർ 23-ന് ഫ്രാൻസിസ് മാർപ്പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയർത്തി.

Share this :

Leave a comment

Your email address will not be published. Required fields are marked *