ദിവ്യകാരുണ്യ ആരാധനയുടെ സമയങ്ങളിൽ ചൊല്ലാൻ മാലാഖ പഠിപ്പിച്ച പ്രാർത്ഥന പഠിക്കാം!!

ഫാത്തിമയിൽ മാതാവിന്റെ പ്രത്യക്ഷികരണത്തിന് മുൻമ്പായി രണ്ടു പ്രാർത്ഥനകൾ മാലാഖ കുട്ടികളെ പഠിപ്പിച്ചിരുന്നു. ഒന്ന്, പരിഹാര പ്രാർത്ഥനയാണ്. മറ്റൊന്ന്, തിരുവോസ്തിയെയും, തിരുരക്തത്തെയും വണങ്ങിയുള്ള മാലാഖയുടെ പ്രാർത്ഥനയാണ്. ഇത് ആവർത്തിച്ച് ചൊല്ലാനും മാലാഖ ആവശ്യപ്പെട്ടു.
പരിഹാര പ്രാർത്ഥന (മുട്ടുകുത്തി സാഷ്ടാംഗം പ്രണമിച്ച്)
എന്റെ ദൈവമേ, ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു; അങ്ങയിൽ ശരണപ്പെടുന്നു; അങ്ങയെ ആരാധിക്കുന്നു; അങ്ങയെ സ്നേഹിക്കുന്നു. അങ്ങയിൽ വിശ്വസിക്കുകയോ, ശരണപ്പെടുകയോ, ആരാധിക്കുകയോ, സ്നേഹിക്കുകയോ ചെയ്യാത്തവർക്ക് വേണ്ടി ഞാൻ അങ്ങയോട് മാപ്പുചോദിക്കുന്നു. (മൂന്നുപ്രാവശ്യം)
മാലാഖയുടെ പ്രാർത്ഥന
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏറ്റവും പരിശുദ്ധ ത്രിത്വമേ, ഞാൻ അങ്ങയെ ആരാധിക്കുന്നു. ലോകമെമ്പാടുമുള്ള സക്രാരിയിൽ എഴുന്നള്ളിയിരിക്കുന്ന യേശുനാഥനോട് ചെയ്യപ്പെടുന്ന ദൂഷണങ്ങൾക്കും, നിന്ദനങ്ങൾക്കും, അതിക്രമങ്ങൾക്കും, നിസ്സംഗതകൾക്കും പരിഹാരമായിട്ട്, അങ്ങയുടെ പ്രിയ പുത്രന്റെ ഏറ്റവും പരിശുദ്ധമായ തിരുശരീരവും, തിരുരക്തവും, ആത്മാവും, ദൈവത്വവും അങ്ങേയ്ക്ക് കാഴ്ചവയ്ക്കുന്നു. ഈശോ നാഥന്റെ തിരുഹൃദയത്തിന്റെയും, പരിശുദ്ധ മാതാവിന്റെ വിമലഹൃദയത്തിന്റെയും യോഗ്യതകളാൽ പാവപ്പെട്ട പാപികൾക്ക് മാനസാന്തരത്തിനുള്ള കൃപ നൽകണമേ. ആമേൻ






















































































































































































































































































































































