November 30, 2025
#Adorations #Catechism #Church Fathers #International #News #Saints

കാർലോ അക്യുട്ടീസിന്റെയും, പിയർ ജിയോർജിയോ ഫ്രസ്സാറ്റിയുടെയും വിശുദ്ധ പദവി ഇന്ന് പ്രഖ്യാപിക്കുമ്പോൾ അവരുടെ ജീവിതങ്ങളെ ഒന്നറിയാൻ ശ്രമിക്കാം !!

ആഗോള കത്തോലിക്ക സഭയെ സംബന്ധിച്ചിടത്തോളം ഏറ്റവും സവിശേഷമായ സുദിനമാണ് 2025 സെപ്റ്റംബർ 7, കത്തോലിക്ക സഭയ്ക്ക് പുതുതായി രണ്ട് വിശുദ്ധരെ ലഭിക്കുന്നു. മാത്രവുമല്ല, ലയോ പതിനാലാമൻ പാപ്പ നടത്തുന്ന ആദ്യത്തെ വിശുദ്ധപദ പ്രഖ്യാപനം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ഈ വിശുദ്ധപദ പ്രഖ്യാപനങ്ങളിലെ ഒരാൾ ഭൂരിപക്ഷം മലയാളികൾക്കും സുപരിചിതനായ കമ്പ്യൂട്ടർ ജീനിയസ്, ഗോഡ്സ് ഇൻഫ്ലുവൻസർ, സഹസ്രാബ്ദത്തിന്റെ വിശുദ്ധൻ, സൈബർ അപ്പസ്തോലൻ എന്നിങ്ങനെ പലരും, പലതരത്തിൽ വിശേഷിപ്പിക്കുന്ന വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടീസ് ആണ്. ആന്ഡ്രൂ അക്യുട്ടിസിന്റെയും, അന്റോണിയോ സാൽസാനയുടെയും മകനായി 1991 മെയ് മൂന്നിന് ലണ്ടനിലായിരുന്നു കാർലോ ജനിച്ചത്. വൈകാതെ കുടുംബം ഇറ്റലിയിലേക്ക് ചേക്കേറുകയായിരുന്നു. തീക്ഷണമായ ഭക്തിജീവിതം പുലർത്തുന്നവർ ആയിരുന്നില്ല മാതാപിതാക്കൾ. എന്നാൽ കാർലോയുടെ വഴി തികച്ചും വ്യത്യസ്തമായിരുന്നു. ചെറുപ്രായം മുതൽ തന്നെ അവൻ ദൈവത്തിങ്കലേക്ക് ആകർഷിക്കപ്പെടുകയായിരുന്നു. അതോ ദൈവം അവനെ തന്നിലേക്ക് വലിച്ചെടുപ്പിക്കുകയോ അറിയില്ല. അതെന്തായാലും പത്രണ്ടാം വയസ്സു മുതൽ ഇടവക പള്ളിയിലെ കാറ്റഗിസ്റ്റ് ആയി കാർലോ മാറി. അസാധാരണമായ വിധത്തിൽ സുതാര്യത കാത്തുസൂക്ഷിച്ച വ്യക്തി എന്നാണ് സുഹൃത്തുക്കൾ കാർലോയെ വിശേഷിപ്പിക്കുന്നത്. ഒന്നും മറച്ചുവെക്കാതെയുള്ള സംശുദ്ധമായ ജീവിതമായിരുന്നു കാർലോയുടേത്. അസീസിയിലെ വിശുദ്ധ ഫ്രാൻസിസും, വിശുദ്ധ മിഖായേൽ മാലാഖയും മുതിർന്ന ചില വിശുദ്ധ സ്വാധീനങ്ങളായി കാർലോയുടെ ജീവിതത്തെ ആകർഷിച്ചപ്പോൾ, താരതമേനെ പ്രായം കുറഞ്ഞവരായ വിശുദ്ധ ഡൊമിനിക് സാവിയോയും ജസീന്ദ, ഫ്രാൻസിസ്കോമാരും കാർലോക്ക് ഏറെ പ്രിയപ്പെട്ടവരായി മാറി, കമ്പ്യൂട്ടറും ഇന്റർനെറ്റും ഇന്നത്തേതുപോലെ വ്യാപകമായി ഇല്ലാതിരുന്ന 2000- ആണ്ടിന്റെ തുടക്കകാലത്ത് സാങ്കേതിക വിദ്യയിലൂടെ ദൈവത്തെ മഹത്വപ്പെടുത്തുവാൻ കഴിയുമെന്ന് തിരിച്ചറിഞ്ഞ, കാലത്തെ കവിഞ്ഞ കാഴ്ചപ്പാടുള്ള വ്യക്തിയായിരുന്നു കാർലോ അക്യുറ്റസ്. ഇന്റർനെറ്റ് കൗമാരക്കാരെ വഴിതെറ്റിക്കുന്നുവെന്നും അതിലെ മായാകാഴ്ചകൾ ധാർമികതയെ ഹനിക്കുന്നുവെന്നും മുതിർന്ന തലമുറ നിലവിളിച്ചപ്പോൾ, ഇതേ സാധ്യതകളെ ദൈവമഹത്വത്തിനായി വിനിയോഗിക്കാമെന്ന് പുതിയകാലത്തിന് തെളിയിച്ചു കൊടുക്കുവാൻ കാർലോ എന്ന കൗമാരക്കാരന് വളരെ എളുപ്പം കഴിഞ്ഞു. ജാവയിലും സി + ലും പ്രാവീണ്യം ഉണ്ടായിരുന്ന കാർലോ ഇടവക വൈദികന്റെ നിർദ്ദേശപ്രകാരം ആദ്യം ആത്മീയ കാര്യങ്ങൾക്കായി ഒരു വെബ് പേജ് ക്രിയേറ്റ് ചെയ്യുകയും, തുടർന്ന് ദിവ്യകാരുണ്യ അത്ഭുതങ്ങൾക്കായി ഒരു വെബ്സൈറ്റ് ഡിസൈൻ ചെയ്യുകയും ചെയ്തു. തന്റെ പരിമിതമായ ആയുസ്സിലെ രണ്ടര വർഷം മുഴുവൻ ഇതിലേക്കാണ് കാർലോ നിക്ഷേപിച്ചത്. 2006 ഒക്ടോബർ നാലാം തീയതിയാണ് വെബ്സൈറ്റ് ലോഞ്ച് ചെയ്തത്. പക്ഷേ ആ സുപ്രധാന നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കുവാൻ അവന് സാധിച്ചില്ല. അപ്പോഴേക്കും രോഗക്കിടക്കയിൽ അവൻ ബലിയർപ്പിക്കുവാൻ ആരംഭിച്ചു കഴിഞ്ഞിരുന്നു. തൊണ്ടയ്ക്ക് ചെറിയൊരു വീക്കം എന്ന രീതിയിലാണ് സഹനങ്ങൾ കാർലോയുടെ ജീവിതത്തിലേക്ക് ആദ്യമായി പടികയറി വന്നത്. 2006 ഒക്ടോബർ ഒന്നാം തീയതിയായിരുന്നു അത്. തൊട്ടടുത്ത ദിവസം മൂത്രത്തിൽ രക്തം കണ്ടു. ക്ഷീണവും തളർച്ചയും കാർലോയെ പിടികൂടി. കഴിച്ച മരുന്നുകൾ ഫലവത്തായില്ലെന്ന തോന്നലിൽ അതിന്റെ കാരണം കണ്ടെത്തുവാനായി കൂടുതൽ മെഡിക്കൽ പരിശോധനകൾ നടത്തി അതിന്റെ ഫലം പ്രിയപ്പെട്ടവരെ ഞെട്ടിച്ചു. കാർലോയ്ക്ക് ലുക്കീമിയ സ്ഥിതീകരിച്ചിരിക്കുന്നു. പിന്നീടുള്ള ദിവസങ്ങൾ കൊടിയ വേദനകളുടെതായിരുന്നു. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തിയത് വേദനകളോടും സഹനങ്ങളോടും കാർലോ പുലർത്തിയ സംയമനമായിരുന്നു; മരിക്കുവാനുള്ള പേടിയില്ലായ്മയായിരുന്നു; പരാതികൾ ഇല്ലായ്മയായിരുന്നു. ഒരു കൗമാരക്കാരന് ഇതെങ്ങനെ സാധിക്കുന്നു. എല്ലാവരുടെയും സംശയം അതായിരുന്നു. പക്ഷേ അവനു മാത്രം പറയാൻ കഴിയുന്ന മറുപടി ഉണ്ടായിരുന്നു, ക്രൂശിതനായ ക്രിസ്തുവിനെ ഞാൻ സ്നേഹിക്കുന്നു. ക്രിസ്തു എന്നെയും. വേദനകൾ ക്ഷമാപൂർവ്വം സഹിക്കുന്നത് സ്വർഗ്ഗത്തിലേക്കുള്ള എൻട്രി പാസ് ആണെന്ന് അവനു അറിയാമായിരുന്നു. അതുകൊണ്ട് രക്താർഭുതത്തിന്റെ എല്ലാ വേദനകളും, തിരുസഭയക്കും, ബെനഡിക്റ്റ് പതിനാറാമൻ പാപ്പയ്ക്ക് വേണ്ടിയും കാർലോ കാഴ്ചവെച്ചു. ഒക്ടോബർ 11 -ന് കാർലോക്ക് മസ്തിഷ്ക മരണം സംഭവിച്ചു. തൊട്ടടുത്ത ദിവസം, വൈകുന്നേരം കാർലോ ഭൂമിയിലെ തന്റെ ജീവിതത്തിന്റെ പ്രതിഫലം സ്വീകരിക്കുവാനായി ദൈവപിതാവിന്റെ സമീപത്തേക്ക് യാത്രയായി. 1991 മുതൽ 2006 വരെയുള്ള ഹൃസ്വമായ ജീവിതത്തിന്റെ അർത്ഥപൂർണമായ പരിസമാപ്തി. ജോൺ പോൾ രണ്ടാമൻ പാപ്പയും മദർ തെരേസയും കഴിഞ്ഞാൽ വളരെ പെട്ടെന്ന് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്ന വ്യക്തിയായി കാർലോ. ഫ്രാൻസിസ് മാർപാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. പാൻക്രിയാറ്റിക് ഡിസോർഡർ ബാധിച്ച ഒരു ബ്രസീലിയൻ ആൺകുട്ടിക്ക് സംഭവിച്ച അത്ഭുതകരമായ രോഗസൗഖ്യവും, 2022 -ൽ ഗുരുതരമായ സൈക്ലിങ് അപകടത്തിൽ പെട്ട കോക്സ്റ്റാറിക്കൻ കോളേജ് വിദ്യാർത്ഥിക്ക് ലഭിച്ച സുഖപ്രാപ്തിയുമാണ് കാർലോയുടെ നാമകരണ നടപടികളിലെ നാഴികല്ലുകൾ. കൗമാരക്കാരുടെ ജൂബിലിയോടനുബന്ധിച്ച് 2025 ഏപ്രിൽ 27 -ന് കാർലോയുടെ വിശുദ്ധ പദപ്രഖ്യാപനം നടത്തുവാനാണ് തീരുമാനിച്ചതെങ്കിലും, ഫ്രാൻസിസ് മാർപാപ്പയുടെ ദേഹവിയോഗത്തെ തുടർന്ന് സെപ്റ്റംബർ ഏഴിലേക്ക് മാറ്റിവെക്കുകയായിരുന്നു.
വളരെ ചെറിയ പ്രായത്തിൽ തന്നെ ഇഹലോകവാസം വിട്ടുപോകേണ്ടിവന്ന വ്യക്തിയായിരുന്നു പിയർ ജിയോർജിയോ ഫ്രസ്സാറ്റി. ഇറ്റാലിയൻ കാത്തലിക് ആക്ടിവിസ്റ്റും, സെന്റ് ഡൊമിനിക്കിന്റെ മൂന്നാം സഭയിലെ അംഗവുമായിരുന്നു അദ്ദേഹം. വിശുദ്ധ കാർലോയുടെ ജീവിതത്തോട് പലതരത്തിലുമുള്ള സമാനതകൾ പുലർത്തുന്ന ജീവിതമാണ് ഫ്രസ്സാറ്റിയുടേത്. ദൈവഹിതത്തിന് മുൻതൂക്കം കൊടുത്ത് ജീവിക്കുമ്പോഴും, ഭൂമിയിൽ മനുഷ്യർക്കായി ദൈവം ഒരുക്കി വെച്ചിരിക്കുന്ന സന്തോഷങ്ങളിൽ നിന്നൊരിക്കലും അകന്നു ജീവിക്കേണ്ടതില്ലെന്നുള്ള വിശ്വാസക്കാരനായിരുന്നു ഫ്രസ്സാറ്റി. അതുകൊണ്ട് സൗഹൃദങ്ങളും, പർവ്വതാരോഹണവും സിനിമയും മ്യൂസിക്കും എല്ലാം ഫ്രസ്സാറ്റിക്ക് പ്രിയപ്പെട്ടതായിരുന്നു. 1901 ഏപ്രിൽ ആറിന് ടൂറിനിലെ ഒരു കുലിന കുടുംബത്തിലായിരുന്നു ജനനം. ദരിദ്രരോട് അനുകമ്പയും സ്നേഹവും പുലർത്തി പോന്നിരുന്ന ബാല്യകാലമായിരുന്നു ഫ്രസ്സാറ്റിക്ക് ഉണ്ടായിരുന്നത്. ഫാസിസത്തിനെതിരെ ശക്തമായ നിലപാട് പുലർത്തിയിരുന്ന
കൗമാരകാലമായിരുന്നു ഫ്രസ്സാറ്റിയുടേത്. അതുകൊണ്ടുതന്നെ യങ്ങ് കാത്തലിക് വർക്കേഴ്സ് കോൺഗ്രസിലെ അംഗങ്ങൾക്കൊപ്പം ഫ്രസ്സാറ്റിയെ പോലീസ് അറസ്റ് ചെയ്തിട്ടുമുണ്ട്. എൻജിനീയറിം പാസായി വന്ന ഫ്രസിക്ക് അപ്പൻ വാഗ്ദാനം ചെയ്തത് കാറും വലിയൊരു തുകയും ആയിരുന്നു .കാർ വേണ്ടെന്ന് വെച്ച് മകൻ പണം വാങ്ങി. ആ പണം ദരിദ്രർക്ക് വേണ്ടി ചെലവഴിച്ചു. സുഹൃത്തുക്കളും മൊത്ത് ഒരു യാത്ര കഴിഞ്ഞ് തിരിച്ചുവന്ന 1925 ജൂൺ 30 മുതൽക്കാണ് ഫ്രസ്സാറ്റയുടെ ജീവിതം തലകീഴായി മറിഞ്ഞത്. കഠിന തലവേദന, പനി, കൈകാലുകൾക്ക് അനങ്ങാൻ വയ്യാത്ത വിധത്തിലുള്ള വേദന. ചികിത്സയിൽ കണ്ടെത്തിയത് അദ്ദേഹത്തിന് പോളിയോമ മയലിറ്റിസ് ആണെന്നായിരുന്നു. രോഗം മൂലം വേദനയും ക്ഷീണവും വർധിച്ചു. മോർഫിൻ കുത്തിവെച്ചിട്ട് പോലും വേദനക്ക് ശമനം ഉണ്ടായില്ല. ദിവസങ്ങൾ കഴിയുംതോറും രോഗം മൂർഛിച്ചു. താൻ ഇനി അധികകാലം ഈ ഭൂമിയിൽ ഇല്ലെന്ന് പ്രസാത്തിക്ക് മനസ്സിലായി. അന്ത്യ കൂദാശകൾ സ്വീകരിച്ച് ഞാൻ എന്റെ ആത്മാവിനെ സമാധാനപൂർവ്വം ദൈവകരങ്ങളിൽ സമർപ്പിക്കുന്നു എന്ന് പറഞ്ഞ് ഫ്രസ്സാറ്റി കണ്ണടച്ചു. 1925 ജൂലൈ നാലിനായിരുന്നു അദ്ദേഹത്തിന്റെ മരണം. 24 വയസ് മാത്രമേ അപ്പോൾ ഫ്രസ്സാറ്ക്ക് പ്രായമുണ്ടായിരുന്നുള്ളൂ. കുലീനർ മാത്രമല്ല, നിരവധി ദരിദ്രരും പങ്കെടുത്ത സംസ്കാര ചടങ്ങായിരുന്നു ഫ്രസാത്തിയുടേത്. കാരണം ആ ദരിദ്രരെല്ലാം ഫ്രസാത്തിയിൽ നിന്ന് പലപ്പോഴും സഹായം സ്വീകരിച്ചവരായിരുന്നു. ദരിദ്രരാണ് അദ്ദേഹത്തെ കൃത്യമായി മനസ്സിലാക്കിയത് എന്നും പറയാം. അവരായിരുന്നു അദ്ദേഹം ഒരു വിശുദ്ധനാണെന്ന് തിരിച്ചറിഞ്ഞതും അദ്ദേഹത്തിന്റെ നാമകരണ നടപടികൾക്കായി ആദ്യം ആവശ്യപ്പെട്ടതും. 1981ൽ ഭൗതിക ദേഹം ടൂറിൻ ദേവാലയത്തിലേക്ക് മാറ്റി പ്രതിഷ്ഠിക്കേണ്ടി വന്നപ്പോൾ എല്ലാവരും അവിശ്വസനീയമായ ഒരു കാഴ്ചയ്ക്ക് സാക്ഷികളായി. ഫ്രസാത്തിയുടെ ഭൗതിക ദേഹം അഴുകിയിട്ടില്ല. 1932ൽ ഫ്രസ്സാറ്റിയുടെ നാമകരണ നടപടികൾ ആരംഭിച്ചു. 1978 ജൂൺ 12ന് പോൾ ആറാമൻ പാപ്പ ദൈവദാസനായി ഫ്രസാത്തിയെ പ്രഖ്യാപിച്ചു. 1987 ഒക്ടോബർ 23ന് ധന്യനായും 1990 മെയ് 20ന് വാഴ്ത്തപ്പെട്ടവനായും ഉയർത്തി.

Share this :

Leave a comment

Your email address will not be published. Required fields are marked *