ഇനി കുഞ്ഞിനുവേണ്ടി എന്തു ചെയ്യണം; ഐസിയുവിൽ ഒരു ബലിയർപ്പിക്കാൻ സമ്മതിക്കണം!!

വൈദ്യശാസ്ത്രം ചികിത്സ ഇല്ലെന്ന വിധിയെഴുതിയ കുഞ്ഞുമകളുടെ ഐസിയുവിലെ ചികിത്സ മുറിയിൽ ദിവ്യബലിയർപ്പണങ്ങൾക്ക് ബലിവേദി ഒരുക്കിയ ബ്രസീലിയൻ കത്തോലിക്ക ദമ്പതികളുടെ വിശ്വാസസാക്ഷ്യം ശ്രദ്ധ നേടുന്നു. മകളുടെ രോഗാവസ്ഥയിൽ തളരാത്ത തങ്ങളുടെ വിശ്വാസം മുറുകെ പിടിച്ചുകൊണ്ട് ലിവിയ മരിയ എന്ന കൊച്ചു പെൺകുഞ്ഞിന്റെ പിതാവ് ഫാബിയോ ഹെൻട്രിക് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളും കുറിപ്പും വൈറൽ ആവുകയാണ്. മാരക രോഗത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ച തങ്ങളുടെ കുഞ്ഞിന്റെ രോഗാവസ്ഥയെ ഭേദമാക്കുന്ന ചികിത്സ ഇല്ലെന്ന് അറിയിച്ച ആശുപത്രി ജീവനക്കാർ, കുഞ്ഞിനു വേണ്ടി എന്ത് ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് തങ്ങളോട് ചോദിക്കുകയായിരുന്നു എന്നും, ഐസിയുവിനുള്ളിൽ പരിശുദ്ധ കുർബാന അർപ്പിക്കാനുള്ള അവസരത്തിനായി തങ്ങൾ ആഗ്രഹം പ്രകടിപ്പിച്ചതായും, ഫാബിയോ ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി. ദൈവഹിതത്തോട് തുറവിയുള്ളവരാകുക എന്നാൽ, അവിടുന്ന് ഏറ്റവും നല്ലത് ചെയ്യുമെന്ന് വിശ്വസിക്കുക എന്നതാണ്. ഞങ്ങളുടെ മകൾ, ഞങ്ങളുടേത് എന്നതിനേക്കാൾ ദൈവത്തിന്റെതാണ് എന്നും അദ്ദേഹം കുറിച്ചു. ഞങ്ങളുടെ കുടുംബത്തിന്റെ ശക്തി ദിവ്യകാരുണ്യമാണ് എന്ന് ഐസിയു കിടക്കക്കരികിൽ ദിവ്യബലി അർപ്പിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഫാബിയോ വിവരിച്ചു. ഇതുപോലുള്ള ഒരു സാഹചര്യത്തെ നേരിടുക എളുപ്പമല്ല. പക്ഷേ എന്റെ സുഹൃത്തുക്കളെ പോരാട്ടം നിർത്തുക അസാധ്യമാണ്. ഇപ്പോൾ നമുക്ക് വിശ്വാസവും പ്രത്യാശയും ഇല്ലെങ്കിൽ പിന്നെ എപ്പോഴാണ് ഉണ്ടാവുക? നമ്മൾ ഇപ്പോൾ അത്ഭുതങ്ങളിൽ വിശ്വസിക്കുന്നില്ലെങ്കിൽ പിന്നെ എപ്പോഴാണ് വിശ്വസിക്കുക. കർത്താവിനോടൊപ്പമുള്ള നമ്മുടെ യാത്ര വ്യർത്ഥമല്ല എന്നും ഫാബിയോ കൂട്ടിച്ചേർത്തു.






















































































































































































































































































































































