November 30, 2025
#Experiences #Family #Youth

സഹനത്തിന്റെ പുണ്യ പുത്രി, ദിവ്യകാരുണ്യ ഈശോയുടെ സ്നേഹിതാ, എൽന മോൾ

2023, sepetember, 27 – നു 22 വയസുകാരി എൽന മോൾ ഈ ലോകത്തിനോട് വിട പറഞ്ഞു. പലരും അറിഞ്ഞു; പലരും അറിഞ്ഞില്ല; എന്നാൽ അറിയാത്തവർ അവളെ അറിയണം, അവളുടെ ജീവിതം മനസിലാക്കണം; സഹനത്തിന്റെ വിശുദ്ധ; ബലിയർപ്പണങ്ങളിൽ നിന്നും ശക്തി സംഭരിച്ച, ആരാധനയിൽ പങ്കെടുക്കാൻ കൊതിച്ച, ദിവ്യകാരുണ്യ പ്രദിക്ഷണവും കൂടി കഴിയട്ടെയെന്ന് മരണത്തോട് പറഞ്ഞ; സഹനത്തിന്റെ വിരൽ തുമ്പിൽ നിന്ന് ബലിയർപ്പിച്ച എൽനാമോൾ; കർത്താവിന്റെ പരസ്യജീവിത പ്രേവശനത്തിനു മുൻപ് ഈശോ കടന്നു പോയ നാൽപതു ദിനത്തിന്റെ സഹന വഴികൾ അതെ പോലെ കടന്നു പോയ പെൺകുട്ടി, മരണത്തിലേക്ക് നടന്നു നീങ്ങിയ സ്റ്റേറ്റ് വോളി ബോൾ പ്ലെയറും, മണ്ണൂത്തി അഗ്രികൾച്ചർ യൂണിവേഴ്സിറ്റി സ്റ്റുഡന്റും ആയ ജൂനിയർ അജ്ന; അവളെ ഒന്ന് പരിചയപെടുത്തുകയാണ്…വയനാട് ജില്ലയിലെ, സുൽത്താൻ ബത്തേരിയിലെ പഴേരി നിവാസിയാണ്, എൽന മോൾ; ജെസ്സി റെജി ദമ്പതിമാരുടെ മൂത്ത കുട്ടിയാണ്.
അവസാന നാളുകളിൽ എൽന ചിലവഴിച്ച ലൂർദ് മാതാ കെയറിലെ മൊബനച്ചൻ കുറിച്ച കുറിപ്പുകൾ കണ്ണീരണിയിക്കുന്നതാണ്…..
വേദനകളില്ലാത്ത ലോകത്തേയ്ക്ക് ഞങ്ങളുടെ അനുജത്തിക്കുട്ടി എൽനാമോൾ യാത്രയായി; ഞങ്ങളുടെ എൽനാ മോൾ യാത്രയായി
കാൻസറിനെ പ്രതിരോധിച്ച് മാസങ്ങളോളം അവൾ നടത്തിയ സഹനയാത്ര വാക്കുകൾ കൊണ്ട് കുറിക്കാവുന്നതല്ല !!!വളരെ പ്രതീക്ഷയോടെയാണ് തൃശൂർ മണ്ണുത്തി അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയിലെ എം.ബി.എ.വിദ്യാത്ഥിനിയും സംസ്ഥാനതലത്തിൽ വരെ മികച്ച വോളിബോൾ താരവുമായിരുന്ന 22 വയസ്സുള്ള തങ്ങളുടെ പ്രിയ മകളെയും കൊണ്ട് വയനാട് പഴയരിയിൽ നിന്നും മാതാപിതാക്കളായ റെജിയും ജസ്സിയും തിരുവനന്തപുരം RCCയിലേയ്ക്ക് വണ്ടി കയറിയത്!!!പൊന്നുമോൾടെ അസഹ്യമായ വേദനകളെ അറിയിക്കാതിരിക്കാൻ സാധുക്കളായ മാതാപിതാക്കൾ പ്രാണൻ കൊടുത്തുവരെ അവളെ പരിപാലിക്കാൻ ഒരുക്കമായിരുന്നു!!! അവൾക്കു വേണ്ടി മാതാപിതാക്കളുടെ ഊണും ഉറക്കവും നഷ്ടപ്പെട്ട ആഴ്ചകളും മാസങ്ങളും!!! 2023 മാർച്ച് 14 ന് ആണ് ലൂർദ് മാതാ കെയറിൽ ഞങ്ങൾ അവരെ ആദ്യമായി കണ്ടുമുട്ടിയത് നിർദ്ധനരെങ്കിലും ആ മാതാപിതാക്കൾ ഒട്ടും തളർന്നില്ല. തങ്ങളുടെ നെഞ്ചിലെ നീറ്റലും കണ്ണീരും അവളറിയാതിരിക്കാൻ അവർ നന്നേ പാടുപെട്ടു.
ലൂർദ്ദ് മാതാ കെയറിനൊപ്പം നിരവധി സുമനസ്സുകളും വയനാടൻ ഗ്രാമങ്ങളും സതീർഥ്യരും തലസ്ഥാന നഗരിയും വരെ അവൾക്കു ചുറ്റും ഒരുപോലെ പ്രാർഥനയും സഹായവുമായി ഓടിയെത്തി. ഒന്നും അവളുടെ ജീവൻ നിലനിർത്തുന്നതിന് മതിയാകുമായിരുന്നില്ല!!! കഴിഞ്ഞ 40 ദിവസങ്ങൾ ചുട്ടുപൊള്ളുന്ന മണലാരണ്യത്തിലെന്നതുപോലെ അസഹ്യമായ വേദനയിൽ അവൾ ഇരുന്ന് നേരം വെളുപ്പിച്ചു. ഞങ്ങളുടെ പാവം അനുജത്തിക്കുട്ടിക്ക് ഒന്ന് കിടന്ന് ഉറങ്ങാൻ പോലും കഴിയുമായിരുന്നില്ല!!! എന്നിട്ടും അവൾ വേദനകൾ കടിച്ചമർത്തി ഞങ്ങളെ നോക്കി പുഞ്ചിരിച്ചു കൊണ്ടേയിരുന്നു. ഒരു നിമിഷം പോലും ഉറങ്ങാൻ കഴിയാതെ അസഹ്യമായ വേദനയുടെ തീമല കയറുകയായിരുന്നു അവൾ
ക്യാൻസർ രോഗികളുമായി ബന്ധപ്പെട്ടുള്ള ശുശ്രൂഷയിൽ രാപകൽ ഏർപ്പെട്ടിരിക്കുന്ന ഞങ്ങൾ, ഇത്രയും വേദനിക്കുന്ന ഒരു പെൺകുട്ടിയെ ഇതുവരെ കണ്ടിട്ടില്ല!!! ഞങ്ങളെ അത്ഭുതപ്പെടുത്തിയത് അവളുടെ മാതാപിതാക്കളുടെ ഇമവെട്ടാതെയുള്ള പരിചരണമാണ് !!
നിഷ്കളങ്കരായ സാധു മാതാപിതാക്കളാണവർ. അവരുടെ വിരിച്ച കരങ്ങളോടെയും കണ്ണീരോടെയുമുള്ള മണിക്കൂറുകൾ നീണ്ട പ്രാർഥനയ്ക്ക് ഞാനും നിരവധി തവണ സാക്ഷിയായിട്ടുണ്ട്. ഒരുപാട് സ്വപ്നങ്ങൾ അവർക്ക് തങ്ങളുടെ മകളെക്കുറിച്ചുണ്ടായിരുന്നു. ശക്തി കൂടിയ വേദനസംഹാരികൾക്കൊന്നും അവളുടെ വേദനയെ ഒട്ടും ലഘൂകരിക്കാനായില്ല. അവൾ മരിക്കുന്നതാണ് കൂടുതൽ നല്ലതെന്നു അവളെ അത്യധികം സ്നേഹിച്ചവർ പോലും ഒരു വേളയെങ്കിലും പ്രാർഥിച്ചിട്ടുണ്ടാകും!!! അത്ര ഭയാനകമായിരുന്നു അവളുടെ സഹനങ്ങൾ!!!
സുമനസ്സുകളുടെ സഹായത്തിന് 100 ശതമാനവും അർഹതയുള്ള മാതാപിതാക്കളുടെ കൈക്കുമ്പിളിൽ ചികിത്സയ്ക്കുള്ള പണം വച്ചു കൊടുത്തപ്പോഴൊക്കെ അത് പൊന്നുമകളെ അവർ ഏല്പിക്കുമായിരുന്നു. അങ്ങനെ ലഭിച്ച പണമത്രയും ഞങ്ങളുടെ പൊന്നുമോൾ തിരികെ നൽകിയിരുന്നു. അവളെക്കാൾ വിഷമിക്കുന്ന പാവപ്പെട്ട രോഗികൾക്കു നൽകാനാണ് ആ മകൾ അത് തിരികെ നൽകിയിരുന്നത്!!! കൂടെക്കൂടെ അവൾ പറയുമായിരുന്നു, തൻ്റെ വേദനകളത്രയും ഏതെങ്കിലും ഒരു രോഗിയുടെയെങ്കിലും സൗഖ്യത്തിനായി ഈശോ സ്വീകരിക്കണമേയെന്നാണ് എന്നും പ്രാർഥിക്കുന്നതെന്ന്!!! അവൾ ഒരു വേള പോലും കോപിക്കുന്നതോ കുറ്റപ്പെടുത്തുന്നതോ, ഒന്നുറക്കെ നിലവിളിക്കുന്നതോ കാണാൻ ഞങ്ങൾക്കു കഴിഞ്ഞിരുന്നില്ല. ലൂർദ്ദ് മാതാ കെയറിൽ കൈവെള്ളയിൽ കരുതി ശുശ്രൂഷിക്കാൻ ദൈവം ഞങ്ങളെ ഏല്പിച്ച അനുജത്തിക്കുട്ടിക്ക് നിറമിഴികളോടെ നിത്യശാന്തിയുടെ തീരത്തേയ്ക്ക്…..വേദനകളില്ലാത്ത ലോകത്തേയ്ക്ക് യാത്രാമൊഴി ഒന്നു നിവർന്നിരിക്കാൻ പോലും കഴിയാതിരുന്നപ്പോഴും വേദനകൾ കടിച്ചമർത്തി അവൾ അർപ്പിച്ച ബലികൾ ഞങ്ങൾക്കു മറക്കാവുന്നതല്ല. അവളോടൊപ്പം ഞാനും ജിൻസച്ചനും അർപ്പിച്ച ബലികൾ മുഴുവനും കണ്ണുനീരോടെ മാത്രമേ ഞങ്ങൾക്ക് പൂർത്തിയാക്കാൻ കഴിയുമായിരുന്നുള്ളൂ.. തിരുവനന്തപുരം ലൂർദ്ദ് മാതാ കെയറിലെ മുഴുവൻ ക്യാൻസർ രോഗികളും കൂട്ടിരിപ്പുകാരും ശുശ്രൂഷകരും ഞങ്ങളുടെ സ്വന്തം എൽനാ മോളെ പ്രത്യാശയുടെ ശാന്തി തീരത്തേയ്ക്ക് മാതാപിതാക്കളോടും ഏക സഹോദരൻ ഏലിയാസിനോടുമൊപ്പം ഈശോയ്ക്ക് തിരികെ നൽകുന്നു; മോബനച്ചൻ.

Share this :

Leave a comment

Your email address will not be published. Required fields are marked *