ഈശോയെ സ്വീകരിക്കുന്നതിന് ഒന്നും തടസ്സമായില്ല; മധ്യപൂര്‍വ്വേഷ്യയിലെ വിവിധ സംഘർഷങ്ങൾക്കിടയില്‍ ഇറാഖില്‍ 450 കുഞ്ഞുങ്ങള്‍ ഈശോയെ സ്വീകരിച്ചു

ബാഗ്ദാദ്: മധ്യപൂര്‍വ്വേഷ്യയിലെ വിവിധ സംഘർഷങ്ങൾക്കിടയില്‍ ഇറാഖിലെ ക്വാരാഘോഷിൽ നൂറുകണക്കിന് കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടന്നു. കഴിഞ്ഞ ഒരു മാസമായി പട്ടണത്തിലെ വിവിധ പള്ളികളിൽ നടന്ന തിരുക്കര്‍മ്മങ്ങളില്‍ ആൺകുട്ടികളും പെൺകുട്ടികളും ഉള്‍പ്പെടെ 450 കുഞ്ഞുങ്ങളാണ് ആദ്യമായി ഈശോയെ സ്വീകരിച്ചത്. ആർച്ച് ബിഷപ്പ് ബെനഡിക്റ്റസ് ഹാനോ തിരുക്കര്‍മ്മങ്ങളില്‍ കാര്‍മ്മികനായി. നിർബന്ധിത നാടുകടത്തൽ മൂലം അനുഭവിച്ച നിരവധിയായ കഷ്ടപ്പാടുകൾക്കിടയിലും പൂർവ്വിക മാതൃരാജ്യത്തേക്ക് മടങ്ങാനുള്ള ക്രൈസ്തവരുടെ ദൃഢനിശ്ചയത്തെയും ഉറച്ച വിശ്വാസത്തെയും ആർച്ച് ബിഷപ്പ് പ്രശംസിച്ചു. ഈ കുട്ടികള്‍ വിശ്വാസത്തിൽ ക്രിസ്തുവിന്റെ ശരീരം സ്വീകരിക്കുന്നത് കാണുമ്പോൾ, നമ്മുടെ കുടുംബങ്ങൾ വിശ്വാസ പ്രതിബദ്ധതയിൽ ഉറച്ചുനിൽക്കുന്നുവെന്ന് നമുക്ക് മനസ്സിലാകും. നമ്മുടെ സഭ വളർന്ന് അഭിവൃദ്ധി പ്രാപിക്കുന്നു. കുട്ടികളുടെ വിശ്വാസം വളർത്തുന്നതിൽ കത്തോലിക്കാ കുടുംബങ്ങളുടെ നിർണായക പങ്കിനെക്കുറിച്ചും ആര്‍ച്ച് ബിഷപ്പ് ഹാനോ പരാമര്‍ശിച്ചു. പിതാവും മാതാവും വിശ്വാസത്തിൽ ഐക്യപ്പെടുമ്പോൾ കുടുംബം – പ്രലോഭനങ്ങൾ, തിന്മ, ധാർമ്മിക വ്യതിയാനം എന്നിവയെ ചെറുക്കാൻ കഴിവുള്ള ഒരു കോട്ടയായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. 2014 ഓഗസ്റ്റ് 6-ന് ഇസ്ലാമിക് സ്റ്റേറ്റ്സ് നിനവേ മേഖല പിടിച്ചടക്കിയപ്പോൾ അവിടെ നിന്നു നിർബന്ധിതമായി പുറത്താക്കപ്പെട്ടവരാണ് ക്രൈസ്തവര്‍. വിശ്വാസം സംരക്ഷിക്കുന്നതിനായി അവർ തങ്ങളുടെ വീടുകളും സ്വത്തുക്കളും ഉപേക്ഷിക്കാൻ തയാറായി, വിശ്വാസത്തിനുവേണ്ടി ആയിരകണക്കിന് ക്രൈസ്തവരാണ് ഇക്കാലയളവില്‍ പീഡിപ്പിക്കപ്പെട്ടത്. ഇറാഖിന്റെ വടക്കൻ നിനവേ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന സിറിയയിലെ “ബാഗ്ദേദ” എന്നറിയപ്പെടുന്ന സ്ഥലം ഇപ്പോഴും രാജ്യത്തെ ഏറ്റവും വലിയ ക്രിസ്ത്യൻ പട്ടണങ്ങളിൽ ഒന്നാണ്. എന്നാല്‍ 2014-ന് മുമ്പ് ഏകദേശം 60,000 ആയിരുന്ന ക്രിസ്ത്യാനികളുടെ എണ്ണം ഇന്ന് മേഖലയില്‍ 30,000 ആയി കുറഞ്ഞു.























































































































































































































































































































































