December 1, 2025
#International #Martyrs #Saints

സാത്താനിക്ക് പുരോഹിതനായിരുന്ന ബാര്‍ട്ടോലോ ലോംഗോ വിശുദ്ധ പദവിയിലേക്ക്

വത്തിക്കാന്‍ സിറ്റി: സാത്താനിക്ക് പുരോഹിതനായിരുന്നതിന് ശേഷം മാനസാന്തരപ്പെട്ട ബാര്‍ട്ടോലോ ലോംഗോ, പപ്പുവ ന്യൂ ഗിനിയില്‍ നിന്നുള്ള ആദ്യ വിശുദ്ധനാകുന്ന പീറ്റര്‍ ടോ റോട്ട് എന്നിവരടക്കം ഏഴു പേരെ ഒക്‌ടോബര്‍ 19ന് വിശുദ്ധരായി പ്രഖ്യാപിക്കും. സാത്താന്റെ അഭിഭാഷകനായി ജീവിച്ച ബാര്‍ട്ടോളോ ലോംഗോയുടെ വിശുദ്ധപദവി പ്രഖ്യാപനം എത്ര വലിയ കൊടുംപാപിക്കും മാനസാന്തരത്തിലൂടെ ദൈവസന്നിധിയില്‍ ഉന്നതസ്ഥാനത്തേക്ക് എത്താനാകുമെന്ന സന്ദേശം നല്‍കുന്നു. അദ്ദേഹം തന്റെ പൈശാചികപ്രവര്‍ത്തികള്‍ തുടര്‍ന്നപ്പോള്‍ കുടുംബാംഗങ്ങള്‍ അദ്ദേഹത്തിന്റെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഉള്ളുരുകിയുള്ള ആ പ്രാര്‍ത്ഥന ബാര്‍ട്ടോളോയുടെ ചുറ്റും അദ്ദേഹം കെട്ടിപ്പൊക്കിയിരുന്ന കോപത്തിന്റെയും പാപത്തിന്റെയും മതിലുകളെ തകര്‍ക്കാന്‍ പര്യാപ്തമായിരുന്നു. ഒരു ദിവസം തന്റെ മരിച്ചുപോയ പിതാവിന്റെ സ്വരം അദ്ദേഹത്തിന്റെ ചെവിയില്‍ മുഴങ്ങങ്ങി. ”ദൈവത്തിങ്കലേക്ക് തിരിയുക.” അങ്ങനെ ഫാ.ആല്‍ബര്‍ട്ടോ റഡാന്റെ എന്ന ഡൊമിനിക്കന്‍ വൈദികനെ കാണാന്‍ ബാര്‍ട്ടോളോ സന്നദ്ധനായി. അദ്ദേഹത്തിന്റെ പ്രേരണയാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കുമ്പസാരം സ്വീകരിച്ച ബാര്‍ട്ടോളോ ഒരു മാസത്തിനിപ്പുറം ക്രിസ്തുവിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്ന വ്യക്തിയായി മാറി. കഫേകളിലും സ്റ്റുഡന്റ് പാര്‍ട്ടികളിലും കടന്നു ചെന്ന് ജപമാലയുയര്‍ത്തിപ്പിടിച്ച് ഒക്കള്‍ട്ട് വിദ്യകളെ അദ്ദേഹം തള്ളിപ്പറഞ്ഞു. ആറ് വര്‍ഷത്തോളം അറിവില്ലാത്തവരെ പഠിപ്പിക്കുകയും ദരിദ്രരെ സേവിക്കുകയും ചെയ്ത ശേഷം ജപമാലരാജ്ഞിയുടെ തിരുനാള്‍ ദിവസം ഡൊമിനിക്കന്‍ അല്‍മായ സഭയില്‍ അദ്ദേഹം ചേര്‍ന്നു. ഇങ്ങനെയൊക്കെയാണെങ്കിലും തന്റെ ഭൂതകാലം അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരുന്നു. താന്‍ എന്നേക്കും പാപിയാണെന്നും അശുദ്ധനാണെന്നും ദൈവകരുണയ്ക്ക് യോഗ്യനല്ലെന്നുമുള്ള ചിന്ത ബാര്‍ട്ടോളോയെ അലട്ടി. പശ്ചാത്തപിച്ചെങ്കിലും താന്‍ സാത്താന്റെ അടിമയാണെന്നും നരകത്തില്‍ അവന്‍ തനിക്കായി കാത്തിരിക്കുന്നുവെന്നുമുള്ള ഭാവനകള്‍ നിരാശയിലേക്കും ആത്മഹത്യാചിന്തയിലേക്കും അദ്ദേഹത്തെ നയിച്ചു. തദവസരത്തില്‍ ബാല്യത്തില്‍ താനനുഭവിച്ച പരിശുദ്ധ ദൈവമാതാവിന്റെ സ്നേഹം അദ്ദേഹത്തിന്റെ ഓര്‍മ്മയില്‍ വന്നു.
തന്റെ സ്വര്‍ഗ്ഗത്തിലേക്കുള്ള പാത മറ്റുള്ളവരെ ജപമാല ചൊല്ലാന്‍ പ്രേരിപ്പിക്കുന്നതിലാണ് അടങ്ങിയിരിക്കുന്നതെന്ന് അമ്മ പറയുന്നതായി ബാര്‍ട്ടോളോയ്ക്ക് തോന്നി. പോംപെ പ്രദേശത്തേക്ക് മാറിത്താമസിച്ച അദ്ദേഹം മരിയന്‍ സംഘങ്ങളും മരിയന്‍ തീര്‍ത്ഥാടനങ്ങളും സംഘടിപ്പിച്ചു. അമ്പത് വര്‍ഷത്തോളം അനാഥരുടെയും ദരിദ്രരുടെയും ഇടയില്‍ സേവനമനുഷ്ഠിച്ച് കടന്നു പോയ അദ്ദേഹത്തെ ‘എ മാന്‍ ഓഫ് മേരി’ എന്നാണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വിശേഷിപ്പിച്ചത്. നീചനും അധഃപതിച്ചവനും ദൈവദൂഷണം പറയുന്നവനുമായ ഒരു സാത്താന്‍ സേവകനില്‍ നിന്നും വിശുദ്ധ പദവിയിലേക്ക് ഉയര്‍ന്ന അദ്ദേഹത്തിന്റെ ജീവിതം ആരും നഷ്ടപ്പെട്ടുപോയിട്ടില്ലെന്നും ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ദൈവസന്നിധിയിലേക്ക് തിരിച്ചുവരാം എന്നുള്ളതിന്റെയും ഉത്തമോദാഹരണമാണ്.

Share this :

Leave a comment

Your email address will not be published. Required fields are marked *