മരിച്ചവർക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയൊരു കർമ്മം വിശുദ്ധ ബലിയർപ്പണമാണ്!!

ഒരിക്കൽ റോമിലെ മൂന്ന് ജലധാരകളുടെ സമീപത്ത് സ്ഥിതി ചെയ്യുന്ന സെൻ്റ് പോളിന്റെ ദേവാലയത്തിൽ വിശുദ്ധ ബർണാഡ് ബലിയർപ്പിക്കുകയാണ്. അപ്പോൾ അദ്ദേഹം ഒരു ദർശനം കണ്ടു; മാലാഖമാർ കോവണികൾ കയറിയിറങ്ങുന്നു. പിന്നീട് ആ ദർശനത്തിന്റെ അർത്ഥം അദ്ദേഹത്തിന് മനസ്സിലായി. വിശുദ്ധ ബലിയർപ്പിക്കുമ്പോൾ, ശുദ്ധീകരണ സ്ഥലത്തുനിന്ന് ആത്മാക്കളെ മാലാഖമാർ സ്വർഗ്ഗത്തിലേക്ക് കയറ്റുന്നതാണ്. വി. ക്യൂറെ ഓഫ് ആർസ് ഇങ്ങനെ എഴുതുന്നു, അങ്ങയുടെ അധീനത്തിൽ ശുദ്ധീകരണ സ്ഥലത്ത് കിടക്കുന്ന ഒരു സ്നേഹിതൻ എനിക്കുണ്ട്. എൻ്റെ കയ്യിൽ അങ്ങയുടെ പ്രിയസുതന്റെ ശരീരവും രക്തവും. അങ്ങ് എൻ്റെ സ്നേഹിതനെ വിട്ടുതരിക. വിശുദ്ധ ജെറോം പറയുന്നു, ഭക്തിയോടെ ഓരോ കുർബാനയും അർപ്പിക്കുമ്പോൾ നിരവധി ആത്മാക്കൾ ശുദ്ധീകരണ സ്ഥലത്തുനിന്ന് വിമോചിതരാവുകയും, പറുദീസയിലേക്ക് പറന്നു പോവുകയും ചെയ്യുന്നു. വി. മോനിക്കാ, മകനായ ആഗസ്റ്റിനോട് പറഞ്ഞു; എൻ്റെ ശരീരം എവിടെയായിരുന്നാലും അവിടെ കിടക്കട്ടെ!! കർത്താവിൻ്റെ ബലിപീഠത്തിൽ എന്നെ ഓർത്താൽ മതി. സഭയുടെ മതബോധന ഗ്രന്ഥം 1371 നമ്പറിൽ പറയുന്നു; ക്രിസ്തുവിൽ മരണം പ്രാപിച്ചവരും, എന്നാൽ പൂർണമായി വിശുദ്ധീകരിക്കപ്പെടാത്തവരുമായ വിശ്വാസികൾക്ക് വേണ്ടി കൂടെയാണ് വിശുദ്ധ കുർബാന അർപ്പിക്കുന്നത്. വിശുദ്ധ സിറിൽ പറയും; വിശുദ്ധ കുർബാനയിൽ നാം ജീവനുള്ളവരെയും മരിച്ചവരെയും അനുസ്മരിക്കുന്നു. നമ്മുടെ കർത്താവിൻ്റെ ഈ ബലി പാപികൾക്കും ജീവിക്കുന്നവർക്കും മരിച്ചവർക്കും അനുഗ്രഹദായകമാണ്. ട്രെൻ്റ് കൗൺസിൽ പറയുന്നു; ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾ വിശ്വാസികളുടെ പ്രാർത്ഥനകളും, സത് പ്രവൃത്തികളും വഴി സഹായിക്കപ്പെടുന്നു. എന്നാൽ ഏറ്റവും പ്രധാനമായി അവർ സഹായിക്കപ്പെടുന്നത് ബലിവഴിയാണ്.






















































































































































































































































































































































