വിശുദ്ധ ബലിയർപ്പണം പ്രാർത്ഥനകളുടെ പ്രാർത്ഥനയാണ്

പഴയ നിയമകാലം മുതൽ ജനത ജീവിതത്തിൽ അനുഗ്രഹങ്ങൾ ലഭിക്കുമ്പോൾ ബലി അർപ്പിച്ചാണ് നന്ദി പറഞ്ഞിരുന്നത്. കായേനും, ആബേലും വിളവ് സമൃദ്ധമായപ്പോൾ ദൈവത്തിന് നന്ദി പറഞ്ഞത് ബലിയർപ്പിച്ചാണ്. നോഹ പെട്ടകത്തിൽ നിന്ന് ഇറങ്ങി കഴിഞ്ഞപ്പോൾ ബലിയർപ്പിച്ചാണ് ദൈവത്തെ മഹത്വപ്പെടുത്തിയത്. അബ്രഹാമും ആദിപിതാക്കന്മാരും പുതിയ ദേശത്തേക്ക് കടന്നു ചെല്ലുമ്പോൾ ബലിയർപ്പിച്ചാണ് ദൈവത്തോട് നന്ദി പറഞ്ഞിരുന്നത്. വിശുദ്ധ ബലിയർപ്പണം പ്രാർത്ഥനകളുടെ പ്രാർത്ഥനയാണ്. അതുമാത്രമല്ല പ്രാർത്ഥനകളുടെ വിവിധ തരംതിരിവുകളെ കുറിച്ച് നമ്മൾ ധ്യാനിക്കുമ്പോൾ നമുക്കറിയാം അനുരഞ്ജന പ്രാർത്ഥനകൾ, നന്ദി പ്രാർത്ഥനകൾ, യാചനാ പ്രാർത്ഥനകൾ, കരുണയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾ ഈവിധ പ്രാർത്ഥനകളുടെയെല്ലാം വകഭേദങ്ങൾ വിശുദ്ധ കുർബാനയിൽ കാണാനായിട്ട് സാധിക്കും. അതുകൊണ്ടാണ് വിശുദ്ധ ജെറോം പറയുന്നത്, സർവ്വശക്തനായ ദൈവത്തെ അവിടുന്ന് അർഹിക്കുന്ന രീതിയിൽ സ്തുതിക്കാനുള്ള മഹത്തരവും ഏറ്റവും ലളിതവുമായ മാർഗ്ഗമാണ് വിശുദ്ധ ബലിയർപ്പണം.






















































































































































































































































































































































