കർത്താവിൻ്റെ മാലാഖ എന്ന ജപം ‘അൾത്താരയില്ലാത്ത, കർബ്ബാന സ്വീകരണമില്ലാത്ത ബലിയർപ്പണം തന്നെയാണ്.’

സഭയുടെ പാരമ്പര്യത്തിൽ ഏയ്ഞ്ചലോസ് – കർത്താവിൻ്റെ മാലാഖ എന്ന പ്രാർത്ഥനയ്ക്ക് ഒത്തിരി പ്രാധാന്യം കൊടുത്തിട്ടുണ്ട്. മൂന്നുനേരങ്ങളിലാണ് സാധാരണയായി കർത്താവിൻ്റെ മാലാഖ എന്ന ജപം ചൊല്ലാറുള്ളത്; രാവിലെയും ഉച്ചയ്ക്കും വൈകിട്ടും. പ്രഭാതം ആരംഭിക്കുമ്പോൾ, അധ്വാനങ്ങളുടെ മധ്യത്തിൽ, അന്ത്യമയങ്ങുമ്പോൾ. പരിശുദ്ധ അമ്മയിലൂടെ സംഭവിച്ച മിശിഹാ രഹസ്യങ്ങളുടെ അനുസ്മരണവും, ധ്യാനവുമാണിത്. ദൈവത്തിന് സ്തുതി അർപ്പിക്കുന്നു, ഈശോയുടെ മരണ ഉത്ഥാന രഹസ്യങ്ങളെ ധ്യാനിക്കുന്നു. വളരെയേറെ അർത്ഥങ്ങൾ ഉൾക്കൊള്ളുന്ന പ്രാർത്ഥന. ദിവ്യകാരുണ്യ സ്വീകരണവും, അൾത്താരയും, കൂദാശ വചനങ്ങളുമില്ലാത്ത ബലിയർപ്പണങ്ങളെന്നാണ് കർത്താവിൻ്റെ മാലാഖ എന്ന ജപത്തെ പോൾ ആറാമൻ മാർപാപ്പ, ‘മരിയാലീസ് കുൾത്തിസ്’ എന്ന തിരുവെഴുത്തിൽ വിവരിക്കുന്നത്.






















































































































































































































































































































































