പരിശുദ്ധാത്മാവ് അഗ്നിയായി അൾത്താരയിൽ ഇറങ്ങി വന്നപ്പോൾ

സന്യാസിനിയും ആശ്രമാധിപയുമായിരുന്ന ഗിൽഡേ ഗാർഡ് പറയുന്നു, ഒരു അവസരത്തിൽ ബലിയർപ്പിക്കുന്ന വൈദികൻ അൾത്താരയിലേക്ക് ചെന്നപ്പോൾ സ്വർഗ്ഗത്തിൽ നിന്ന് ഒരു മഹാപ്രകാശം ഇറങ്ങിവന്ന് അൾത്താരയെ ആകെ തേജോമയമാക്കുന്നത് ഞാൻ കണ്ടു. വൈദികൻ ദിവ്യബലി കഴിഞ്ഞ് അവിടെ നിന്ന് പോരുന്നത് വരെ ആ പ്രകാശം അവിടെത്തന്നെ ഉണ്ടായിരുന്നു. വൈദികൻ, അതിവിശുദ്ധ സ്ഥലത്ത് ചെന്ന് കൂദാശ വചനങ്ങൾ ഉച്ചരിച്ചു തുടങ്ങിയപ്പോൾ, അസാധാരണമായ ഒരു തിളക്കം മുകളിൽ നിന്ന് ഇറങ്ങി വരികയും, അപ്പത്തിന്റെയും വീഞ്ഞിൻ്റെയുമേൽ ആവസിച്ച് അവയെ പ്രകാശമാനമാക്കുകയും ചെയ്തു. സൂര്യരശ്മികൾ തട്ടി ചില്ല് തിളങ്ങുന്നതിന് സമാനമായിരുന്നു അത്. ആ പ്രകാശത്തിൽ വിശുദ്ധ വസ്തുക്കൾ സ്വർഗ്ഗത്തിലേക്ക് ഉയർന്നു. തിരിച്ചു വന്നപ്പോൾ യഥാർത്ഥത്തിൽ മാംസവും രക്തവുമായി മാറിയിരുന്നു. എങ്കിലും മനുഷ്യദൃഷ്ടികൾക്ക് അവ അപ്പവും വീഞ്ഞും ആയി തന്നെ കാണപ്പെട്ടു. ആ മാംസത്തിലേക്ക് രക്തത്തിലേക്ക് നോക്കിയപ്പോൾ എനിക്ക് നമ്മുടെ രക്ഷകന്റെ മനുഷ്യാവതാരവും ജനനവും പീഡാസഹനവും മനുഷ്യപുത്രൻ ഭൂമിയിൽ ജീവിച്ചിരുന്ന കാലത്തേതു പോലെ തന്നെ ഒരു കണ്ണാടിയിൽ കാണുന്ന പ്രതീതിയിൽ അനുഭവവേദ്യമായി. തീ വിറകിനെ അഗ്നിസ്പുല്ലിംഗം ആക്കി മാറ്റുന്നതുപോലെ പരിശുദ്ധാത്മാവ് ഇറങ്ങിവന്ന് അപ്പത്തെയും വീഞ്ഞിനെയും നമ്മുടെ കർത്താവിൻ്റെ തിരു ശരീര രക്തങ്ങൾ ആക്കി മാറ്റുന്ന ഈ പ്രക്രിയ എത്ര അതിശയകരമാണെന്ന് വിശുദ്ധ ഗാർഡിന്റെ ദർശനം കാണിക്കുന്നു.