ഏറ്റവും പരിശുദ്ധവും ദൈവീകവുമായ കർമ്മം പരിശുദ്ധ കുർബാന ആണെന്ന് നാം സമ്മതിക്കേണ്ടിയിരിക്കുന്നു

ഈ വിസ്മയവഹമായ ദിവ്യ രഹസ്യത്തെക്കാൾ പരിശുദ്ധവും ദൈവീകവുമായ മറ്റൊരു കർമ്മവും വിശ്വാസികൾക്ക് ചെയ്യാനില്ല എന്ന് നാം ഏറ്റുപറയണം. അത് പരമപരിശുദ്ധനായ ക്രിസ്തുവിൻ്റെ പ്രവർത്തി തന്നെയാണ്. ദൈവത്തിൻ്റെ ദൃഷ്‌ടിയിൽ ഏറ്റവും പ്രീതികരവും, പാപികൾക്ക് നേരെയുള്ള ദൈവക്രോധം ശമിപ്പിക്കാനും, നാരകീയ ശക്തികളെ കീഴടക്കാനും, ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കൾക്ക് വലിയ ആശ്വാസം നൽകാനും, ഇതിന് കഴിയും. ജെറുസലേമിലെ വിശുദ്ധ നിമോത്തിയോസ് പറയുന്നത്, പരിശുദ്ധ കുർബാനയാണ് ലോകത്തെ നിലനിർത്തുന്നത് എന്നാണ്. പരിശുദ്ധ കുർബാന ഇല്ലായിരുന്നെങ്കിൽ മനുഷ്യരുടെ പാപങ്ങളുടെയും, അകൃത്തിങ്ങളുടെയും ബാഹുല്യത്തിൽ ലോകം എന്നെ നശിക്കുമായിരുന്നു. വിശുദ്ധ ബൊനവെന്തൂരായുടെ അഭിപ്രായത്തിൽ ദൈവം തന്റെ മനുഷ്യാവതാരത്തിൽ ലോകത്തിന് നൽകിയ നേട്ടങ്ങൾ എന്തെല്ലാമാണ് അവയെല്ലാം ഒട്ടും കുറയാതെ, ഓരോ പരിശുദ്ധ കുർബാനയിൽ നൽകപ്പെടുന്നു. ഓരോ പരിശുദ്ധ കുർബാനയും, കാൽവരിയിലെ കുരിശു മരണത്തിൻ്റെ തനിയാവർത്തനവും, പുനരാവതരണവും ആയതിനാൽ, കാൽവരി യാഗത്തിൽ നിന്നുള്ളവായ ഫലങ്ങൾ ഒട്ടും കുറയാതെ ഓരോ പരിശുദ്ധ കുർബ്ബാനയിലും ലഭിക്കുന്നു എന്നാണ് വിശുദ്ധ തോമസ് നമ്മെ പഠിപ്പിക്കുന്നത്. ഓരോ പരിശുദ്ധ കുർബാനയർപ്പണത്തിന്റെയും മൂല്യം, ക്രിസ്തുവിന്റെ കുരിശു മരണത്തിൻ്റെ അതേ മൂല്യം ആണെന്നാണ് വിശുദ്ധ ജോൺ ക്രിസോസ്തോം പറയുന്നത്.






















































































































































































































































































































































