പരിശുദ്ധ അമ്മയുടെ അരികിൽ ഇരുന്നാൽ വിശുദ്ധ കുർബാനയുടെ രഹസ്യങ്ങൾ പഠിക്കാം

ദൈവീക രഹസ്യങ്ങളെ മനോഹരമായി വചനത്തിലൂടെ അവതരിപ്പിച്ച വ്യക്തിയാണ് വിശുദ്ധ യോഹന്നാൻ. അദ്ദേഹത്തിന്റെ വചനം ബൈബിൾ പണ്ഡിതർക്കെന്നും, ദൈവിക ജ്ഞാനത്തിന്റെ വെളിപ്പെടുത്തലാണ്. സ്വർഗീയ ആരാധനയെ പ്രതീകാത്മകമായി അർപ്പിക്കുന്ന വെളിപാട് ഗ്രന്ഥം, ദിവ്യകാരുണ്യ രഹസ്യവുമായി ഇടകലർന്നിരിക്കുന്നു. വിശുദ്ധബലിയെ കുറിച്ച് ആധികാരികമായി പഠിപ്പിക്കുമ്പോഴും, പഠിക്കുമ്പോഴും ഒരിക്കലും വിശുദ്ധ യോഹന്നാന്റെ സുവിശേഷം നമുക്ക് മറക്കാൻ കഴിയില്ല. ഇടത്തും വലത്തും ഇരിക്കാനുള്ള ഭാഗ്യം തരണമേ എന്ന് അമ്മയെയും കൂട്ടി കർത്താവിനോട് ചോദിച്ച അതേ ശിഷ്യനാണ് ബലിയർപ്പണത്തിൽ ശുശ്രൂഷയുടെ പാഠങ്ങൾ പതിമൂന്നാം അധ്യായത്തിൽ എഴുതിയതെന്നു മനസ്സിലാക്കുമ്പോഴാണ് ഭവനത്തിൽ അമ്മയെ സ്വീകരിച്ച യോഹന്നാനിൽ, അമ്മയോടൊപ്പമുള്ള സഹവാസം വരുത്തിയ മാറ്റം തിരിച്ചറിയാനാകുന്നത്. എടുത്തുചാട്ടക്കാരനും, ക്ഷിപ്രകോപിയുമായവൻ, എങ്ങനെ ദിവ്യകാരുണ്യപ്രേക്ഷിതനായി തീർന്നുവെന്നതിൽ അമ്മയുടെ സാന്നിധ്യത്തിൽ കവിഞ്ഞൊരു ഉത്തരമില്ല. സ്വർഗ്ഗീയ ഇടത്തെക്കുറിച്ച് ആകുലപ്പെട്ടവൻ സ്വർഗീയ ആരാധനയെക്കുറിച്ച് വെളിപാട് ഉള്ളവനായി.























































































































































































































































































































































