പരിശുദ്ധ ‘അമ്മ വിശുദ്ധ കുർബാനയിൽ വീണ്ടും നമ്മുടെ അമ്മയാകുന്നു

ഓരോ ബലിയർപ്പണത്തിലൂടെയും നമ്മൾ പ്രവേശിക്കുന്നത് കർത്താവിന്റെ തിരുമണിക്കുറിലേക്കാണ്. ഓരോ ബലിയിലും; കാൽവരി വഴികളും, കാൽവരി മലയും സന്നിഹിതമാണ്. അങ്ങനെ, ഓരോ ബലിയിലും ക്രിസ്തുവിന്റെ കുരിശിലെ തിരുമൊഴികൾ ആവർത്തിക്കപ്പെടുന്നുണ്ട്; ‘സ്ത്രീയെ, ഇതാ നിന്റെ മകൻ,’ ‘ഇതാ നിന്റെ അമ്മ’ അതിനാൽ തന്നെ, ഏക പുത്രന്റെ മരണത്തിന് മൂകസാക്ഷിയായി വിധവയെ നാമെന്നും വിശുദ്ധ അമ്മയായി ഭവനത്തിലേക്ക് സ്വീകരിക്കുകയാണ്; നമ്മൾ അനുദിനം മക്കളായി മാറുകയും ചെയ്യുന്നു. വിശുദ്ധ കുർബാനയിലൂടെ മേരി അവളുടെ ‘ദിവ്യമാതൃത്വം വ്യാപിപ്പിക്കുകയും’, ‘നിലനിർത്തുകയും’ ചെയ്യുന്നു. അങ്ങനെ ‘നവമായി’ പരിശുദ്ധ അമ്മയെ, ഓരോ വിശുദ്ധ ബലിയർപ്പണത്തിലൂടെ ലഭിക്കുകയാണ്. പരിശുദ്ധ അമ്മയ്ക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ വണക്കം എന്ന് പറയുന്നത് അനുഭവ പൂർണമായ ബലിയർപ്പണങ്ങളാണ്. കർമ്മോത്സുകരായി, ബോധപൂർവ്വം, പൂർണമായി ബലിയർപ്പിക്കാൻ കഴിയണം. പരിശുദ്ധ അമ്മയുമായി ബലിയർപ്പണത്തിലൂടെ സംജാതമാകുന്ന ആഴമേറിയ ദൃഢമായ ആത്മബന്ധം വേറെ എവിടെയും കണ്ടെത്താൻ കഴിയില്ല എന്ന സത്യം നമുക്ക് ഒരിക്കലും മറക്കാതിരിക്കാൻ ശ്രമിക്കാം. മരിയഭക്തി വിശുദ്ധ കുർബാനിലേക്ക് നയിക്കുന്നതുപോലെ വിശുദ്ധ കുർബാന മരിയ ഭക്തിയിലേക്ക് നയിക്കുന്നതാണ്.






















































































































































































































































































































































