ദിവ്യകാരുണ്യ ആരാധന; ദൈവത്തിന് ഏറ്റവും പ്രീതികരവും, നമുക്ക് ഏറ്റവും പ്രയോജനകരവുമാണ്

തിരുസഭയിലെ വിവിധ ഭക്താനുഷ്ഠാനങ്ങളിലൊന്നായി ദിവ്യകാരുണ്യ ആരാധനയെ നമുക്ക് പരിഗണിക്കാൻ കഴിയില്ല. ദിവ്യകാരുണ്യ ആരാധന, ദൈവത്തിന് മാത്രം നൽകുന്ന ആരാധനയാണ്. വിശുദ്ധ കുർബാന അർപ്പണ സമയത്തും അതിനുശേഷവും ഇത് തുടരണമെന്ന് സഭ നിഷ്കർഷിക്കുന്നുണ്ട്. ദിവ്യകാരുണ്യ ആരാധനയുടെ പ്രാധാന്യം അനുസ്മരിച്ച് കൊണ്ട് ജോൺപോൾ രണ്ടാമൻ മാർപാപ്പ പഠിപ്പിക്കുന്നു, വിശുദ്ധ ബലിയർപ്പണത്തിലൂടെ മാത്രമല്ല, ദിവ്യകാരുണ്യ ആരാധനയിലൂടെയും, വരപ്രസാദങ്ങളുടെ ശ്രോതസായ ക്രിസ്തുവുമായി ബന്ധമുണ്ടാക്കാൻ നമുക്ക് സാധിക്കുന്നു. വിശുദ്ധ അൽഫോസ് ലിഗോരി പറയുന്നു, ‘കൂദാശകൾ കഴിഞ്ഞുള്ള ഭക്താനുഷ്ഠാനങ്ങളിൽ വച്ച് എറ്റവും പരമോന്നതമായത് ദിവ്യകാരുണ്യ ആരാധനയാണ്. അത്, ദൈവത്തിന് ഏറ്റവും പ്രീതികരവും, നമുക്ക് ഏറ്റവും പ്രയോജനകരവുമാണ്. ദിവ്യകാരുണ്യ ആരാധന വിശുദ്ധ കുർബാനയിലെ ആരാധനയുടെ തുടർച്ചയാണ്.






















































































































































































































































































































































