ചോദ്യവും ഉത്തരവും

10. ഞായറാഴ്ചയാചരണത്തെക്കുറിച്ചു സഭാ പിതാക്കന്മാർ എന്താണ് പറയുന്നത്?
വിശുദ്ധ അഗസ്റ്റിൻ ഞായറാഴ്ചയെ വിശേഷിപ്പിക്കുന്നത്, ‘ദൈവം, മുദ്ര പതിപ്പിച്ച ദിവസമാണെന്നാണ്.’ വിശുദ്ധ ജസ്റ്റിൻ ദി മാർട്ടയെർ, ഞായറാഴ്ച ദിവസത്തെ ഒന്നുചേരലിനെ കുറിച്ച് പഠിപ്പിക്കുന്നുണ്ട്. ഡൈയോക്ലൈഷിൻ ചക്രവർത്തിയുടെ പീഡന കാലഘട്ടങ്ങളിലും ഞായറാഴ്ച ദിവസം ഒന്ന് ചേരുന്നതിൽ അവർ മടി കാണിച്ചിരുന്നില്ല. വിശുദ്ധ ബലിയിർപ്പണം നടക്കുന്ന ഭവനത്തിന്റെ നടുമുറ്റത്ത് പ്രതീകങ്ങളായി മണൽ പുറത്ത് മീനിന്റെ ചിത്രം വരച്ചു വച്ചാണ് വിശുദ്ധ ബലിയർപ്പണം നടക്കുന്ന സ്ഥലം ആദിമസഭ സഭാസമൂഹത്തെ അറിയിച്ചിരുന്നതെന്നു ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. രക്തസാക്ഷിയായ അബീതീന തന്റെ ഘാതകരോട് പറയുന്നുണ്ട്, കർത്താവിന്റെ അത്താഴം ഇല്ലാതെ എനിക്ക് ജീവിക്കാനും, ദൈവത്തിന്റെ ദിനം ആചരിക്കാതിരിക്കാതേ എനിക്ക് ഭക്ഷിക്കാനും സാധ്യമല്ല. അന്തിയോക്കിലെ വിശുദ്ധ ഇഗ്നേഷ്യസ് പറയുന്നു, സാബത്തു ആചരിച്ചിരുന്നവർ പുതിയ പ്രത്യാശയിലേക്ക് പ്രവേശിക്കാനായി കർത്താവിന്റെ ദിവസം ആചരിക്കേണ്ടതാണ്. അങ്ങനെ ആദ്യകാലങ്ങളിൽ മുതൽ, സഭാ പിതാക്കന്മാർ ഞായറാഴ്ച ആചരണത്തിന് ഒത്തിരിയേറെ പ്രാധാന്യം കൊടുത്തിരുന്നു. എങ്കിലും ഒത്തിരിയേറെ പഠനങ്ങൾ ഈ കാലഘട്ടത്തിന്റേതായി നമുക്ക് കാണാനായിട്ട് സാധിക്കത്തില്ല. കാരണം ഞായറാഴ്ച ദിവസം അവരുടെ പരിശുദ്ധ ദിവസമായിരുന്നു; അത് ആചരിക്കാൻ ഒരു നിയമത്തിന്റെ പിൻബലം ആവശ്യമാണെന്ന് അവർക്കൊരിക്കലും തോന്നിയിരുന്നില്ല.























































































































































































































































































































































