സക്രാരിയുടെഅരികിൽ
വൈദികരുടെ മരിയൻ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ഫാ. സ്തേഫാനോ ഗോബിക്കു ആഗസ്റ്റ് 21, 1981 -ൽ പരിശുദ്ധ അമ്മ നൽകിയ സന്ദേശത്തിൽ നാം വായിക്കുന്നു; നിങ്ങളെല്ലാവരും സക്രാരിയുടെ മുൻപിൽ ആയിരിക്കേണ്ട സമയമാണിത്. ദിവ്യസക്രാരിയുടെ സമീപം ചെന്ന്, അവിടുന്നുമായി സുലളിതമായ ഒരു അനുദിന ജീവിത സമ്പർക്ക ശൈലി സ്ഥാപിച്ചെടുക്കുക. ഒരു നല്ല സ്നേഹിതനെ കണ്ടെത്തുകയെന്ന സ്വാഭാവികതയോടും, ആ സ്നേഹിതനിൽ വിശ്വാസം അർപ്പിക്കുക എന്ന ലാളിത്യത്തോടും, ആവശ്യങ്ങളിൽ സഹായം എത്തിക്കുന്ന വിശ്വസ്തമിത്രത്തെ പ്രാപിക്കുന്ന വിനയത്തോടും യേശുവിനെ വീക്ഷിക്കുക. യേശുവിനെ നിങ്ങളുടെ ഏറ്റവും പ്രിയങ്കരനായ സ്നേഹിതൻ ആക്കുക. ആത്മീയ ജീവിതത്തിൽ അടിത്തറയിടാൻ പരിശുദ്ധ ‘അമ്മ നൽകിയ സന്ദേശമാണിത്. നിരന്തരം യേശുവുമായി സമ്പർക്കത്തിൽ ആയിരിക്കുക. വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പ, ‘സഭയും വിശുദ്ധ കുർബാനയും’ എന്ന ചാക്രിക ലേഖനത്തിൽ ഇതുതന്നെ വ്യക്തമാക്കുന്നുണ്ട്; നമ്മുടെ കാലഘട്ടത്തിൽ പ്രാർത്ഥിക്കുന്ന വ്യക്തിയായി മാറണമെങ്കിൽ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിൽ സന്നിഹിതനായിരിക്കുന്ന ക്രിസ്തുവിനോട് ഹൃദ്യമായ സ്നേഹത്തോടെയുള്ള ആത്മീയഭാഷണത്തിലും, നിശബ്ദമായ ആരാധനയിലും സമയം ചെലവഴിക്കണം. വത്സല സഹോദരി സഹോദരന്മാരെ, എത്രയോ തവണ ഞാൻ ഇത് അനുഭവിക്കുകയും, ഇതിൽനിന്ന് ശക്തിയും, ആശ്വാസവും പിന്തുണയും നേടുകയും ചെയ്തിട്ടുണ്ട്. അമ്മ ആവശ്യപ്പെടുന്നതും, ദിവ്യകാരുണ്യ ഈശോയോട് എപ്പോഴും സ്നേഹഭാഷണത്തിൽ ആകാനാണ്. പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണത്തിൽ എല്ലാം പങ്കുവെച്ച വേദന ദിവ്യകാരുണ്യത്തിന്റെ സാന്നിധ്യത്തിൻ മുമ്പിൽ അനുഭവപ്പെടുന്ന ഏകാന്തതയും, നിശബ്ദതയും എന്റെ മാതൃ ഹൃദയത്തെ ഒത്തിരി വ്രണിതമാക്കുന്നു എന്നതാണ്.