കുഞ്ഞി കൈകളിൽ ദിവ്യകാരുണ്യവുമായി മതമർദ്ദന ജയിലുകളിലേക്ക് !!!
2010 ബുധനാഴ്ച ആഗസ്റ്റ് 4 -ന് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അൾത്താര ബാലന്മാരെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോൾ അദ്ദേഹം പരിചയപ്പെടുത്തിയ ദിവ്യകാരുണ്യ ഭക്തനാണ് AD 366 -384 കാലഘട്ടത്തിൽ ജീവിച്ചിരുന്ന വിശുദ്ധ തർസിസിയൂസ്. തർസിസിയൂസ് യൗവന കാലഘട്ടത്തിലേക്ക് പ്രവേശിക്കുന്ന നാളുകളിൽ തന്നെ നിര്യാതനായി. ആദ്യത്തെ നാല് നൂറ്റാണ്ടുകൾ സഭയെ സംബന്ധിച്ചിടത്തോളം വളരെയേറെ മത മർദ്ധനങ്ങളുടെ കാലമായിരുന്നു. വലേറിയൻ റോമൻ ചക്രവർത്തി ആയിരിക്കുമ്പോഴാണ് വിശുദ്ധ തർസിസിയൂസ് ജീവിച്ചിരുന്നത്. ആ നാളുകളിൽ, ബലിയർപ്പണങ്ങൾ എല്ലാം വളരെ രഹസ്യാത്മകമായിരുന്നു. പൊതുവായി അർപ്പിക്കാൻ സാധിക്കാത്തതിനാൽ രഹസ്യ സങ്കേതങ്ങളിലാണ് ബലിയർപ്പിച്ചിരുന്നത്. ഒരിക്കൽ അങ്ങനെ ഒരു രഹസ്യ സങ്കേതത്തിൽ ബലിയർപ്പിക്കുമ്പോൾ ബിഷപ്പും സന്നിഹിതനായിരുന്നു. ബലിയർപ്പണം ആരംഭിക്കുന്നതിന് മുൻപേ ഒരു കത്ത് ലഭിച്ചു. ജയിലിൽ കഴിയുന്ന ക്രൈസ്തവർക്ക് വിശുദ്ധ കുർബാന സ്വീകരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നതായിരുന്നു അതിന്റെ ഉള്ളടക്കം. ജയിലറകളിൽ കഴിയുന്നവർ വിശുദ്ധ കുർബാന സ്വീകരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അത്യന്തം അപകടകരമായ ആ കർത്തവ്യം ഏറ്റെടുക്കാൻ വിശുദ്ധ തർസിസിയൂസ് തയ്യാറായി. ദിവ്യകാരുണ്യം വിശുദ്ധ വസ്തുക്കൾ പൊതിഞ്ഞ് ബിഷപ്പ് വിശുദ്ധനെ ഏൽപ്പിച്ചു. നെഞ്ചോട് ചേർത്ത് ദിവ്യകാരുണ്യ നാഥനെ ആരാധിച്ചുകൊണ്ട് ബാലൻ ജയിലറുകളിലേക്ക് നടന്നു. ഈ യാത്രയിൽ അവന്റെ സുഹൃത്തുക്കൾ അവനെ കാണുകയും കളിക്കാനായി ക്ഷണിക്കുകയും ചെയ്തു. അന്യമതസ്ഥരായ അവർ, നിശബ്ദനായി ഭയഭക്തി ആദരങ്ങളോടെ പോകുന്ന കുഞ്ഞു തർസിസിയൂസിനെ കാണുകയും കാരണങ്ങൾ അന്വേഷിച്ചെങ്കിലും നിശബ്ദത പാലിക്കേണ്ടിയിരുന്നതിനാൽ അവൻ പ്രതികരിച്ചില്ല. അവന്റെ ഹൃദയത്തോട് അടക്കിപ്പിടിച്ചിരുന്ന വസ്ത്രത്തിൽ എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിൽ കരങ്ങൾ മാറ്റാൻ ശ്രമിച്ചു പരാജയപ്പെട്ട അവർ അവനെ ക്രൂരമായി മർദ്ദനങ്ങൾ ഏൽപ്പിച്ചു. ഒരു പട്ടാളക്കാരൻ അതിലെ വരികയും ക്രൈസ്തവനായ അദ്ദേഹം ഈ സംഭവങ്ങൾ കണ്ട് കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചു. ദിവ്യകാരുണ്യം ആ വ്യക്തിയെ ഏൽപ്പിച്ചു വിശുദ്ധ തർസിസിയൂസ് തന്റെ ദിവ്യകാരുണ്യ നാഥന്റെ അരികിലേക്ക് മടങ്ങി.