തലശ്ശേരി അതിരൂപത ദിവ്യകാരുണ്യ വർഷത്തോടനുബന്ധിച്ചുള്ള അഭിവന്ദ്യ മാർ ജോസഫ് പാംപ്ലാനി പിതാവിന്റെ ഇടയലേഖനത്തിൽ പ്രസക്ത ഭാഗങ്ങൾ
തലശ്ശേരി: തലശ്ശേരി അതിരൂപത, പ്ലാറ്റിനം ജൂബിലിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി ദിവ്യകാരുണ്യ വർഷം ആചരിക്കുകയാണ്. ക്രിസ്തീയ ജീവിതം നയിക്കാനുള്ള ശക്തിയും, നമ്മുടെ ജീവിതം മറ്റുള്ളവർക്കായി പങ്കുവെക്കാനുള്ള ഒരു പ്രേചോദനവും ദിവ്യകാരുണ്യം നല്കുന്നു. ദിവ്യകാരുണ്യത്തിന്റെ പാപ്പാ എന്നറിയപ്പെടുന്ന വിശുദ്ധ പത്താം പീയൂസ് മാർപാപ്പ ദിവ്യകാരുണ്യത്തെ സ്വർഗത്തിലേക്കുള്ള ഏറ്റവും സുരക്ഷിതമായ കുറക്കുവഴി എന്നാണ് വിശേഷിപ്പിക്കുന്നത്. മനുഷ്യാവതാരം ചെയ്ത ദൈവത്തിന്റെ തിരുമുഖം ഈ ലോകത്ത് നേരിൽ കാണാനുള്ള ഏകമാർഗ്ഗം വിശുദ്ധ കുർബാനയിലെ ഈശോയെ തിരിച്ചറിയുന്നതാണ്. മനുഷ്യനോട് തുടർച്ചയായി സംവദിക്കാൻ ആഗ്രഹിക്കുന്ന ദൈവത്തിന്റെ സ്നേഹത്തിന്റെ ദൃശ്യ ആവിഷ്കരണമാണ് വിശുദ്ധ കുർബാന. ദിവ്യകാരുണ്യ വർഷത്തിൽ നാം ഒന്നാമതായി, പ്രാധാന്യം നൽകേണ്ടത് പരിശുദ്ധ കുർബാനയിലുള്ള പങ്കാളിത്തത്തിനാണ്. രണ്ടാമതായി, വിശുദ്ധ കുർബാന യോഗ്യതയോടെ സ്വീകരിക്കാൻ ഈ വർഷത്തിൽ ശ്രദ്ധിക്കണം; വിശുദ്ധ കുർബാന സ്വീകരണം ഇരു സാദൃശ്യങ്ങളിലായി നൽകാൻ ശ്രദ്ധിക്കണം. മൂന്നാമതായി, ദിവ്യകാരുണ്യ ആരാധനയെ ഈ വർഷത്തിലെ മുഖ്യ ആധ്യാത്മിക അഭ്യാസമായി നാം സ്വീകരിക്കണം. എല്ലാ ഇടവക ദേവാലയങ്ങളിലും വിശുദ്ധ കുർബാനയോട് അനുബന്ധിച്ച് ഒരു മണിക്കൂർ ആരാധന നടത്താൻ ശ്രദ്ധിക്കണം. നാലാമതായി, പരിശുദ്ധ കുർബാനയെ കുറിച്ച് ആഴത്തിൽ പഠിക്കുന്നതിനും, ഗ്രഹിക്കുന്നതിനും സംശയ പരിഹരണത്തിനുമായി ഒരു ഫൊറോനയിലെ എല്ലാ ഇടവകകളിലും ഒരേ ദിവസം ഏകദിന ദിവ്യകാരുണ്യ കൺവെൻഷൻ സംഘടിപ്പിക്കേണ്ടതാണ്. അഞ്ചാമതായി, ജീവകാരുണ്യത്തിലേക്കു നയിക്കുന്നതാവണം ദിവ്യകാരുണ്യ ഭക്തി. 2023 ഡിസംബർ 31 ഞായറാഴ്ച വിശുദ്ധ കുർബാനയോടെയാണ് ദിവ്യകാരുണ്യ വർഷം ആരംഭിക്കുന്നത്. മാർ ജോസഫ് പാംപ്ലാനി പിതാവ് തലശേരി അതിരൂപതയിൽ ദിവ്യകാരുണ്യ വർഷം ആരംഭിക്കുന്നതിനോടനുബന്ധി ചിറക്കിയ ഇടയ ലേഖനത്തിലെ പ്രസക്ത ഭാഗങ്ങളാണ് നാം കണ്ടത്.