ക്രിസ്തു അന്ത്യ അത്താഴത്തിനു ഉപയോഗിച്ച കാസ ?

സ്പെയിനിലെ വാലൻസിയ കത്തീഡ്രലിൽ സൂക്ഷിച്ചിരിക്കുന്ന കാസ, ക്രിസ്തു അന്ത്യഅത്താഴത്തിന് ഉപയോഗിച്ചതാണോ? ശാസ്ത്രത്തിന് അക്കാര്യത്തിൽ ഇതുവരെ തീർപ്പുപറയാൻ സാധിച്ചിട്ടില്ലെങ്കിലും പാരമ്പര്യ വിശ്വാസപ്രകാരം അത് അന്ത്യ അത്താഴത്തിന് ഉപയോഗിച്ച കാസതന്നെ.
1744 ഏപ്രിൽ മൂന്ന്- ദുഃഖവെള്ളി. സ്പെയിനിലെ വലൻസിയാ കത്തീഡ്രലിലെ പുരോഹിതനായിരുന്ന കാനോൻ ഡോൺ വിൻസെന്റ് ഫ്രിഗോള ബ്രിസുവേലിന്റെ ജീവിതത്തിലെ ഏറ്റവും അഭിശപ്തമായ ദിനം. കത്തീഡ്രലിന് സമീപമുള്ള ചാപ്പലിൽനിന്ന് വൈഢൂര്യം പതിച്ച ഒരു കാസ പ്രധാന അൾത്താരയിലേക്കു കൊണ്ടുവരവേ അദ്ദേഹത്തിന്റെ കൈയിൽനിന്ന് താഴെ വീണു. ഭാരം തീരെ കുറഞ്ഞ, ഒരടിയിൽ താഴെ മാത്രം ഉയരമുള്ള ഈ കാസ കഴിഞ്ഞ 1500 വർഷത്തിലധികമായി സ്പെയിനിൽ സൂക്ഷിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നു. കാരണം, പാരമ്പര്യ വിശ്വാസമനുസരിച്ച് ഈ പാനപാത്രമാണ് അന്ത്യഅത്താഴ സമയത്ത് ക്രിസ്തു ഉപയോഗിച്ചിരുന്നത്! അതാണ് കാനോൻ വിൻസെന്റിന്റെ കൈയിൽനിന്ന് താഴെ വീണത്. ബ്രൗൺ നിറത്തിലുള്ള വൈഢൂര്യം പതിപ്പിച്ച, മഞ്ഞതൊങ്ങലുകളോടുകൂടിയ ഈ പാനപാത്രം ചുണ്ണാമ്പുകല്ലുകൾ പാകിയ തറയിൽ വീണപ്പോൾ വലൻസിയാ കത്തീഡ്രലിലെ പ്രമുഖർ ഒന്നിച്ചുകൂടി അവ ശേഖരിച്ചു. എന്നാൽ, വലിയ കേടുപാടുകളൊന്നും അതിനു സംഭവിച്ചിരുന്നില്ല എന്നതായിരുന്നു അത്ഭുതം. അന്നുമുതൽ, ഈ കാസ സ്പെയിനിലെങ്ങും ഭക്ത്യാദരവുകളോടെ വീക്ഷിക്കപ്പെടുന്ന ഒന്നായി മാറി.
ചരിത്രത്തിന്റെ പിന്നിലേക്ക് സഞ്ചരിക്കുമ്പോൾ രണ്ടായിരം വർഷംമുമ്പുള്ള ആ പെസഹാ ആഘോഷവേദിയിലാണ് നാം ചെന്നെത്തുക. യേശുവും ശിഷ്യന്മാരും തീർച്ചയായും അന്ന് കുഞ്ഞാടിന്റെ മാംസവും അപ്പവും വീഞ്ഞും ഉപയോഗിച്ചിട്ടുണ്ടാവും. പെസഹായെ തുടർന്ന് സംഭവിച്ച യേശുവിന്റെ മരണത്തിനും ഉത്ഥാനത്തിനും ശേഷം ശിഷ്യന്മാർ യേശു ഉപയോഗിച്ച, അവിടുന്ന് സ്പർശിച്ച വസ്തുവകകൾ ശേഖരിച്ചിട്ടുണ്ടാകണം. അതിൽപ്പെടുന്നവയാണോ ഈ കാസയും? എന്നാൽ, ഈ കാസയുടെ ആദ്യകാലചരിത്രം ചുരുളഴിക്കാനാവശ്യമായ രേഖകളൊന്നും ലഭ്യമായിട്ടില്ല. പക്ഷേ, പാരമ്പര്യവിശ്വാസം അനുസരിച്ച്, യേശു ഇത് പത്രോസ് ശ്ലീഹായെ ഏൽപിച്ചെന്നും അന്തോക്യയിലും തുടർന്ന് റോമിലും അദ്ദേഹം ഇത് കൊണ്ടുപോയെന്നും പറയപ്പെടുന്നു. പ്രഥമ പാപ്പയായ പത്രോസ് ശ്ലീഹായും തുടർന്നുവന്ന 23 പാപ്പമാരും ദിവ്യബലിവേളയിൽ ഈ കാസ ഉപയോഗിച്ചതായും പറയപ്പെടുന്നു. ഇത് കണക്കിലെടുക്കുമ്പോൾ, ആദ്യകാല സഭയിലെ വിശ്വാസത്തിന്റെ ഏറ്റവും ശക്തമായ പ്രതീകമായിരുന്നിരിക്കണം ഈ പാനപാത്രം. എ.ഡി 243 മുതൽ 258 വരെ സഭയെ നയിച്ച സിക്സ്റ്റസ് രണ്ടാമനാണ് ഇത് അവസാനമായി ഉപയോഗിച്ച പാപ്പ. റോമൻ ചക്രവർത്തിയായിരുന്ന വലേറിയനാൽ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് സിക്സ്റ്റസ് രണ്ടാമൻ പാപ്പ, റോമിലെ ഏഴു ഡീക്കന്മാരിലൊരാളും സ്പെയിൻകാരനുമായ ലോറൻസിനെ സഭയുടെ സമ്പത്തു മുഴുവൻ പാവങ്ങൾക്ക് വിതരണം ചെയ്യാനും വിലപ്പെട്ട വസ്തുക്കളെല്ലാം ഭദ്രമായി ഒളിപ്പിക്കാനുമായി ഏൽപിച്ചിരുന്നു. പാപ്പ കൊല്ലപ്പെട്ടതിന് നാലു ദിനങ്ങൾക്കുശേഷം, വിശ്വാസം ത്യജിക്കാത്തതിന്റെ പേരിൽ ലോറൻസും വധിക്കപ്പെട്ടു. എന്നാൽ, അതിനുമുമ്പ് ഈ കാസയുൾപ്പെടെയുള്ള വിശുദ്ധ വസ്തുക്കൾ അദ്ദേഹം സ്പെയിനിലുള്ള തന്റെ മാതാപിതാക്കൾക്ക് കൊടുത്തയച്ചു.
സ്പെയിനിലെത്തിയതിനുശേഷമുള്ള കാസയുടെ ചരിത്രം ചിലയിടങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കാസയോടൊപ്പം തന്റെ മാതാപിതാക്കൾക്ക് ലോറൻസ് ഒരു കത്ത് കൊടുത്തയച്ചിരുന്നു. എന്നാൽ, അത് കാലക്രമേണ നഷ്ടമായെന്നാണ് കരുതപ്പെടുന്നത്. എന്തായാലും എ.ഡി 711 വരെ കാസ സ്പെയിനിലെ ഹ്യൂസ്കയിറിൽ (അവിടെയാണ് ലോറൻസിന്റെ ജന്മസ്ഥലം) ഉണ്ടായിരുന്നു. എന്നാൽ, ആ വർഷം മൂർ രാജാക്കന്മാർ സ്പെയിൻ കീഴടക്കി. അതേത്തുടർന്ന് കാസ പൈറെസീസിലെ സാൻജൂവാൻ ഡി ലാബന മൊണാസ്ട്രിയുടെ ഭിത്തിക്കുള്ളിൽ അതീവ രഹസ്യമായി 400 വർഷം സൂക്ഷിച്ചു. ഈ കാലയളവിൽ യൂറോപ്പിലെ തെരുവു ഗായകർ പാനപാത്രത്തെക്കുറിച്ച് ഗാനങ്ങൾ തെരുവുകൾ തോറും പാടി നടക്കുകയും അതനുസരിച്ച് സന്യാസിമാർ കാവൽ നിൽക്കുന്ന ദൈവാലയത്തിൽ അതുണ്ടെന്ന ഊഹാപോഹം ശക്തമാവുകയും ചെയ്തു. 1399-ൽ കിഴക്കുപടിഞ്ഞാറൻ സ്പെയിനിന്റെ ഭരണകേന്ദ്രം വാലൻസിയായിലേക്ക് മാറ്റാൻ ഭരണാധികാരിയായിരുന്ന മാർട്ടിൻ രാജാവ് തീരുമാനിച്ചു.
ആത്മീയതയും ദൈവാഭിമുഖ്യവും ഉണ്ടായിരുന്ന അദ്ദേഹം ഈ വിശുദ്ധ വസ്തു തന്റെ അതിവിശിഷ്ട വസ്തുക്കളുടെ ശേഖരത്തിൽ ഉൾപ്പെടുത്താൻ ആഗ്രഹിച്ചു. അതുപ്രകാരം, 1410-ൽ അദ്ദേഹം ഇഹലോകവാസം വെടിയുംവരെ ഇത് അദ്ദേഹത്തിന്റെ ശേഖരത്തിൽ സൂക്ഷിക്കപ്പെടുകയും ചെയ്തു. തുടർന്ന്, ഭരണാധികാരിയായ അൽഫോൻസയുടെ കൈവശം ഇതെത്തി. തന്റെ പട്ടണത്തോട് അതിരറ്റ സ്നേഹമുണ്ടായിരുന്ന അൽഫോൻസാ ഇത് പട്ടണത്തിന് സമ്മാനിക്കുകയും അങ്ങനെ ഇപ്പോഴും അതിവിടെ തുടരുകയും ചെയ്യുന്നു.
കാസയും വിശുദ്ധ ജോൺ പോളും
വിശുദ്ധ വസ്തുക്കളോട് സ്പെയിനിലെ ജനങ്ങൾക്ക് വിശേഷമായൊരു പ്രതിപത്തിയാണുള്ളത്. യാക്കോബ് ശ്ലീഹായുടെ അസ്ഥികൾ, വിശുദ്ധരുടെ രക്തം പറ്റിയ വസ്ത്രങ്ങൾ, കാൽവരിയിലെ കുരിശിന്റെ ഭാഗങ്ങൾ, വേറോനിക്കയുടെ തൂവാലയുടെ ഭാഗങ്ങൾ എന്നിവയൊക്കെ സ്പെയിനിൽ ഭക്ത്യാദരവുകളോടെ ഇന്നും സൂക്ഷിക്കുന്നുണ്ട്. വിശുദ്ധ വസ്തുക്കളോടുള്ള ഈ താൽപര്യം നിമിത്തം 16-ാം നൂറ്റാണ്ടിൽ ഏകദേശം 20 ‘വിശുദ്ധ കാസകൾ’ സ്പെയിനിലെങ്ങും ഉയർന്നുവന്നു. പരിശോധനകളെ തുടർന്ന് ഇവയുടെ എണ്ണം 18-ാം നൂറ്റാണ്ടിൽ എട്ടായി കുറഞ്ഞു. തുടർപരീക്ഷണങ്ങളിൽ ഇവയൊന്നും സത്യമല്ലെന്നും തെളിഞ്ഞു. എന്നാൽ, വർഷങ്ങൾ നീണ്ട പരീക്ഷണ നിരീക്ഷണങ്ങളെ അതിജീവിച്ചത് വാലൻസിയയിലെ കാസ മാത്രമാണ്.
1809-ൽ നെപ്പോളിയൻ സ്പെയിൻ കീഴടക്കിയപ്പോൾ മൂന്നു വർഷവും, 1936-ൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ മൂന്നു വർഷവും ഈ കാസ അതീവരഹസ്യമായി കാത്തുസൂക്ഷിക്കാൻ വാലൻസിയാ കത്തീഡ്രൽ അധികൃതർ വഹിച്ച പങ്ക് നിസ്തുലമാണ്. ഈ പാനപാത്രത്തെ ഏറ്റവും അധികം വണങ്ങിയ വ്യക്തികളിൽ പ്രധാനി വിശുദ്ധ ജോൺ പോൾ രണ്ടാമനാണ്. 1982-ൽ സ്പെയിനിലെത്തിയ അദ്ദേഹം ദിവ്യബലിക്കായി പ്രസ്തുത കാസ ഉപയോഗിക്കുകയും ചെയ്തു. ദിവ്യബലിമധ്യേ കാസയിലേക്ക് വീഞ്ഞു പകർന്ന വേളയിൽ പാപ്പയുടെ മുഖം സന്തോഷത്താൽ തുടിച്ചിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ഇന്ന് ഒരു അതിവിശിഷ്ടവസ്തുവായി കത്തീഡ്രലിൽ സൂക്ഷിച്ചിരിക്കുന്ന കാസ എല്ലാവരും വണങ്ങണമെന്നോ വിശ്വസിക്കണമെന്നോ സഭാധികാരികളാരും നിർബന്ധിക്കാറില്ല.യേശു ഉപയോഗിച്ചതാണിതെന്ന് തീർത്തു പറയാൻ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. അതുപോലെ, യേശു ഇത് ഉപയോഗിച്ചിട്ടില്ലെന്ന് പറയാനും ആർക്കും കഴിയുന്നില്ല!
കടപ്പാട്: ശാലോം ടൈംസ്






















































































































































































































































































































































