December 17, 2024
#Biblical References #Catechism #Holy Bible #New Testament

വിശുദ്ധ യോഹന്നാന്റെ സുവിശേഷവും; വിശുദ്ധ ബലിയർപ്പണവും

വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഏകദേശം എഡി ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ (90 -100 ) എഫേസോസിൽ വച്ച് രചിതമായി എന്നാണ് സഭയുടെ വിശ്വാസവും പാരമ്പര്യവും. ഈ സുവിശേഷത്തിന്റെ പിന്നിലെ സ്രോതസ്സ് അപ്പസ്തോലനായ യോഹന്നാൻ ശ്ലീഹായാണ്. വാമൊഴിയായി നിലനിന്ന പാരമ്പര്യങ്ങൾ, ഈ സുവിശേഷം രചനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ആറാം അധ്യായത്തിന്റെ പ്രധാന പ്രമേയം ജീവന്റെ അപ്പമായ യേശുവാണ്. നാല് സുവിശേഷങ്ങളിലും  ആവർത്തിക്കുന്ന അത്ഭുതമാണ് യോഹന്നാന്റെ സുവിശേഷത്തിൽ ചില വ്യത്യാസങ്ങളോടെ അവതരിപ്പിക്കുന്നത്:

   സമാന്തര സുവിശേഷങ്ങളിൽ തന്റെ കൂടെ ആയിരിക്കുന്നവർക്ക് ഈശോ അപ്പം വർദ്ധിപ്പിച്ചു കൊടുക്കുമ്പോൾ യോഹന്നാൻ ശ്ലീഹായുടെ  സുവിശേഷത്തിൽ  അടുത്തേക്ക് വന്നവർക്ക് വേണ്ടി അപ്പം വർദ്ധിപ്പിക്കുന്നു; ( യോഹ 6 , 5 ) ഈശോയുടെ പക്കലേക്ക് വരിക എന്ന് പറയുമ്പോൾ ഈശോയിൽ വിശ്വസിക്കുക എന്നാണ് അർത്ഥം. വിശ്വാസികളുടെ ആഘോഷമാണ് പരിശുദ്ധ കുർബാന എന്നത് ഇവിടെ സ്മരണീയമാണ്.  

    യോഹന്നാൻ ശ്ലീഹായുടെ  സുവിശേഷത്തിൽ ഈശോ തന്നെ അപ്പം വിതരണം ചെയ്യുന്നു; ( യോഹ 6 , 11 )  ജീവൻ നൽകുന്നവനാണ് എന്നതിന്റെ ഓർമ്മപ്പെടുത്തലായി  ഇത് മാറുകയാണ്.

    വിശുദ്ധ കുർബാന, സഭയിൽ അംഗീകരിക്കപ്പെട്ട ഒരു യാഥാർത്ഥ്യമായിരുന്നതിനാൽ അതിനെക്കുറിച്ച് സമാന്തര സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയത് പോലെ രേഖപ്പെടുത്താൻ അദ്ദേഹം ആഗ്രഹിച്ചില്ല. ജീവന്റെ അപ്പം എന്നാണ് യോഹന്നാൻ വിശുദ്ധ കുർബാനെയെ തന്റെ സുവിശേഷത്തിൽ  വിശേഷിപ്പിക്കുന്നത്. അദ്ദേഹം, അപ്പം വർദ്ധിപ്പിക്കുന്ന അത്ഭുതത്തിലൂടെയാണ് വിശുദ്ധ കുർബാനയുടെ പഠനം ആരംഭിക്കുന്നത്. സമാന്തര സുവിശേഷങ്ങളിൽ ഉള്ളതിലും വ്യത്യസ്തമായ ഒരു  അവതരണമാണ് കുർബാനയെകുറിച്ച് നാലാം സുവിശേഷത്തിൽ ഉള്ളത്:

തിബേരിയസിന്റെ തീരം (യോഹ 6 , 1)

  യോഹന്നാന്റെ സുവിശേഷം ഇരുപത്തിയൊന്നാം  അധ്യായത്തിൽ തിബേരിയാസിന്റെ തീരത്ത് കർത്താവ് പ്രത്യക്ഷപ്പെട്ടപ്പോഴാണ് തീ ഒരുക്കി, മീൻ വച്ച്, അപ്പം തയ്യാറാക്കി അവർക്ക് പ്രാതൽ  നൽകുന്നത്. (യോഹ 21 ,9 ,12 ,13) അത് വിശുദ്ധ കുർബാനയുടെ വലിയൊരു പഠനവും ദർശനവും ആയിരുന്നു. ആറാം അധ്യായം ആരംഭിക്കുന്നതും തിബേരിയസിന്റെ തീരത്തു വച്ചാണ്; വി. കുർബാനയുടെ  പഠനത്തിനും, ദർശനത്തിനും  പശ്ചാത്തലം ഒരുക്കാൻ തിബേരിയസിന്റെ തീരം അനിവാര്യമായിരുന്നു. മലയിലേക്ക് കയറി ശിഷ്യന്മാരോടൊപ്പം ഇരിക്കുന്നത് പോലും ബലിയർപ്പണത്തിന്റെ പശ്ചാത്തലത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ് ( 6 ,3 ).

യഹൂദരുടെ പെസഹാ തിരുന്നാൾ ( 6 ,4 )

  ‘യഹൂദരുടെ പെസഹാ തിരുന്നാൾ അടുത്തിരുന്നുവെന്ന’ ഓർമ്മപ്പെടുത്തലിലൂടെ സുവിശേഷകൻ വിശുദ്ധ കുർബാനയുടെ പഠനത്തിനു തുടക്കമിടുകയായിരുന്നു;  സീനായി ഉടമ്പടി ഒരു മലമുകളിൽ ആയിരുന്നു, അതേപോലെ പുതിയ ഉടമ്പടിക്കായും മലമുകൾ തെരഞ്ഞെടുത്തത്  കൂടുതൽ അർത്ഥപൂർണ്ണമാണ്.

അഞ്ചു  ബാർലിയപ്പം ( 6 ,9 )

  ബാർലിയപ്പം സാധാരണക്കാരന്റെ കരങ്ങളിലുള്ള ഭക്ഷണത്തിലേക്കുള്ള ദൈവത്തിന്റെ എത്തിനോട്ടം ആണ് ( യോഹ 6 , 9 ). അപ്പവും  മീനും പ്രതീകാത്മക അവതരണം തന്നെയാണ്. ഭക്ഷണവിതരണത്തിനുള്ള ക്രമീകരണത്തിൽ മുൻകൈയെടുക്കുന്ന ക്രിസ്തു ‘എന്റെ  ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ’ എന്ന് കുരിശിൽ പ്രഖ്യാപിച്ച ഓർമ്മപ്പെടുത്തൽ ആയി മാറുകയാണ്. ഫിലിപ്പോസിനോട്  കർത്താവ് ചോദിക്കുന്ന ചോദ്യം,  മോശ ദൈവത്തോട് ചോദിക്കുന്നതിന്റെ ഒരു ആവർത്തനം തന്നെയാണ്. ഈ ജനത്തിന് ഭക്ഷിക്കാനുള്ള മാംസം എവിടെ നിന്ന് ലഭിക്കും ( സംഖ്യ 11 , 13  ). ‘വിശപ്പകറ്റാൻ  എന്ത് ചെയ്യണമെന്ന് യേശു നേരത്തെ മനസ്സിൽ കരുതിയിരുന്നു’ എന്ന വചനത്തിലൂടെ വിശപ്പ് എങ്ങനെ ശമിക്കും എന്ന് ചോദ്യത്തിനും ഉത്തരം ലഭിക്കുകയാണ്. (6 ,6 )

വിശുദ്ധ ബലിയർപ്പണത്തിലെ ആരാധനകൾ

  ‘വളർന്നുനിൽക്കുന്ന പുല്ല്’ ( യോഹ 6 , 10 )സ്ഥലത്തിന്റെ   പ്രാധാന്യം കാണിക്കുകയും   വളർന്നുനിൽക്കുന്ന പുല്ലുപോലും ശ്രദ്ധിക്കപ്പെട്ടിരുന്നു എന്നത് വിശുദ്ധ ബലിയർപ്പണത്തിൽ ഓരോ കാര്യങ്ങളും എത്ര ശ്രദ്ധയോടെ ചെയ്യണം എന്നതിന്റെ  ഓർമ്മയായി മാറുകയും  ചെയ്യുന്നു.  എടുക്കുകയും, ഇരിക്കുകയും, വരികയും, കാണുകയും, ചെയ്യുന്ന ജനക്കൂട്ടം ആരാധന സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തിലേക്കു പ്രേവേശിക്കുകയാണ്. ഒരുക്കപ്പെട്ട സമൂഹത്തിന്റെ മുൻപിൽ കൃതജ്ഞതാ സ്തോത്രം ചെയ്തു അപ്പം വിതരണം ചെയ്യുന്ന ക്രിസ്തു ബലിയർപ്പകനായി മാറുകയാണ്. ( യോഹ 6 , 11) അപ്പവും മീനും വിതരണം ചെയ്യുന്ന ക്രിസ്തു; ബലിവസ്തുവും ബലിയർപ്പകനും  ആകുന്ന പുതിയ ഉടമ്പടിയുടെ പുരോഹിതനെ പ്രതിനിധാനം ചെയ്യുകയാണ്.

ഒന്നും നഷ്ടപെടരുത് ( യോഹ 6 , 12 )

   ഒന്നും നഷ്ടപ്പെടാതെ മിച്ചമുള്ള കഷണങ്ങൾ ശേഖരിക്കാൻ ആവശ്യപ്പെടുന്ന ക്രിസ്തു ( യോഹ 6 , 12 ) ബലിയുടെ മഹത്വത്തെയും, ബലിവസ്തുവിലെ നിത്യ സാന്നിധ്യത്തെയും അവതരിപ്പിക്കാൻ പരിശ്രമിക്കുന്നു. ‘എന്നും ഞാൻ നിങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്ന’ കർത്താവിന്റെ വാഗ്ദാനത്തിന്റെയും, യുഗാന്ത്യം വരെ  വസിക്കാനുള്ള അവിടുത്തെ ആഗ്രഹത്തിന്റെ അവതരണമായും ഇതിനെ മനസിലാക്കാവുന്നതാണ്. ആദിമ സഭയുടെ പതിവ് പ്രഘോഷണത്തിന് ശേഷം അപ്പം വിതരണം ചെയ്യുമ്പോൾ  ഒന്നും നഷ്ടപ്പെടാതെ ശേഖരിക്കുന്ന ഒരു പതിവ് ഉണ്ടായിരുന്നുവേന്ന് ഡിഡാക്കയിൽ നമ്മൾ കാണുന്നുണ്ട്. ഈ ഒരു പതിവ് ഈ വചനഭാഗത്തിലേക്ക് ആണ് വിരൽ ചൂണ്ടുന്നത്.

പന്ത്രണ്ടു  കുട്ടകൾ നിറയെ ശേഖരിക്കുന്ന അപ്പം ( യോഹ 6 , 12 )

  പന്ത്രണ്ടു  കുട്ടകൾ നിറയെ ശേഖരിക്കുന്ന അപ്പം, തൃപ്തി നൽകുന്ന അപ്പമായി തന്നെ തന്നെ ക്രിസ്തു അവതരിക്കുന്നതിന്റെ ഭാഗമാണ്.   പന്ത്രണ്ടു  ഗോത്രങ്ങളുടെ സമൃദ്ധിയുടെ തുടർച്ചയായും, ശിഷ്യ സമൂഹത്തിലൂടെ രൂപപ്പെടുന്ന സഭാ സമൂഹത്തിനുള്ള  ക്രിസ്തുവിന്റെ കരുതലും, നീക്കിയിരുപ്പുമായി മനസ്സിലാക്കാവുന്നതുമാണ്.

രാജാവാക്കാൻ കൊണ്ടുപോകാൻ ശ്രമിക്കുന്നു ( യോഹ 6 , 15 )

   യഹൂദ പാരമ്പര്യങ്ങളുടെ പൂർത്തീകരണമായി ജനസമൂഹം ഈശോയെ കാണുകയാണ്. കാനാൻ ദേശത്തിന്റെ അതിർവരമ്പുകൾ വരെ വർഷിക്കപ്പെട്ട മന്നാ വീണ്ടും നൽകപ്പെടുക മിശിഹായുടെ ആഗമനത്തിൽ ആണെന്ന വിചാരധാര യഹൂദദേശത്ത് പാരമ്പര്യമായി നിലനിന്നിരുന്നു. അപ്പത്തിന്റെ വർദ്ധനവിലും സമൃദ്ധിയിലും ആകൃഷ്ടരായ യഹൂദജനം  അവനെ  രാജാവാക്കാൻ  തുനിഞ്ഞിറങ്ങിയതിന്റെ പിന്നാമ്പുറത്ത് ഈ ഒരു ദർശനമുണ്ട്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ആറാം അധ്യായം ഒന്നു മുതൽ 15 വരെയുള്ള തിരുവചനങ്ങളിൽ നിലനിൽക്കുന്ന കുർബാന ദർശനങ്ങൾ നമ്മളെ അത്ഭുതപ്പെടുത്തുന്നു. അതൊരു അപ്പം വർദ്ധിപ്പിക്കലല്ല  മറിച്ച് ഒരു ബലിയർപ്പണമാണെന്ന  സത്യം എത്ര മനോഹരമാണ്.

റബ്ബി അങ്ങ് എപ്പോൾ ഇവിടെ എത്തി ( യോഹ 6 , 25 )

   റബ്ബി അങ്ങ് എപ്പോൾ ഇവിടെ എത്തി ( യോഹ 6 , 25 ) ഈ ഒരു ദൈവവചനം ഒത്തിരിയേറെ ധ്യാന വിഷയം ആകേണ്ട ദൈവവചനമാണ്. അത്ഭുതകരമായി മറുകര എത്താൻ കഴിയുന്നവൻ, കടലിനു മീതെ നടക്കാൻ കഴിയുന്നവൻ, അവന് അപ്പത്തിലേക്ക് ഒതുങ്ങാൻ കഴിയും, സന്നിഹിതൻ ആകാൻ സാധിക്കും എന്നതിന്റെ  ഓർമ്മപ്പെടുത്തലായി ഈ വചനം നിൽക്കുകയാണ്. ശക്തമായി കാറ്റടിച്ച് ക്ഷോഭിക്കുന്ന കടലിൽ ആശ്വാസമാകുന്ന  ക്രിസ്തു സാന്നിധ്യം ( യോഹ 6 , 18 ) ; വിശുദ്ധ കുർബാന സാന്നിധ്യം തന്നെയാണ്. ലക്ഷ്യം തെറ്റിക്കുന്ന അനുദിന അസ്വസ്ഥതകളെ നേരിടാൻ അവർക്ക് കഴിയുന്നത് ആശ്വാസമാകുന്ന  ക്രിസ്തു സാന്നിധ്യം വഴിയാണ്. തങ്ങളുടെ ജീവിതത്തിന്റെയും, ശുശ്രൂഷയുടെയും, യഥാർത്ഥ കേന്ദ്രമായും, വൈവിധ്യമാർന്ന അജപാലന ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിന് വേണ്ട ആത്മീയ ശക്തിയായും ഓരോ ക്രൈസ്തവനും ദിവ്യബലിയെ കാണാൻ സാധിക്കണമെന്നു പറഞ്ഞത് വിശുദ്ധ ജോൺ പോൾ രണ്ടാമൻ ആണ്. ക്ഷോഭിച്ച കടലിനു മുകളിലൂടെയുള്ള ക്രിസ്തുവിന്റെ യാത്ര ദിവ്യകാരുണ്യ പ്രദിക്ഷണം തന്നെയാണ്. സ്വീകരിച്ചയപ്പം അപ്പമായി നിൽക്കുമ്പോൾ അപകടം നിറഞ്ഞ യാത്രകൾ ആകുലതകൾ  നൽകും. എവിടെയും എത്തിച്ചേരാനും ഒപ്പം സഞ്ചരിക്കാനും ആകുന്ന സാന്നിധ്യമാണ് ദിവ്യകാരുണ്യ സാന്നിധ്യം.

അപ്പം വർദ്ധിപ്പിച്ച സ്ഥലത്തെ അവന്റെ അസാന്നിധ്യം ( യോഹ 6 , 24 )

   അപ്പം വർദ്ധിപ്പിച്ച സ്ഥലത്തെ അവന്റെ അസാന്നിധ്യം ( യോഹ 6 , 24 ) ഹൃദയങ്ങളിലേക്ക് ചേക്കേറിയ ക്രിസ്തുവിന്റെ  സാന്നിധ്യത്തിന്റെ ഓർമ്മപ്പെടുത്തലാണ്. സ്വീകരിക്കുന്നവൻ സ്വീകരിച്ചവനായി മാറുന്ന വിശുദ്ധ കുർബാന സംഭവമാണത്. പിറ്റേന്ന് സത്യം മനസ്സിലാക്കുന്ന ജനം ദിവ്യകാരുണ്യ പഠനത്തിന്റെ  പ്രാഥമിക ശാലകളിലെ വിദ്യാർഥികളായി മാറുകയാണ്. ( യോഹ 6 , 22 )  തനിയെ പോകുന്ന ശിഷ്യന്മാരും, കൂടെ പോകാത്ത ഈശോയും, മറുകരയിൽ ശിഷ്യരോടൊപ്പം കാണുന്ന ഈശോയും, അപ്പം വർധിപ്പിച്ച സ്ഥലത്തെ അസാന്ന്യധ്യവും ധ്യാന വിഷയം ആകുമ്പോൾ നമ്മൾ എത്തിച്ചേരുക,  രഹസ്യത്തിന്റെ ആന്തരികതയിലേക്ക് ആണ്. ആറാം അധ്യായം പതിനാറു മുതൽ ഇരുപത്തി അഞ്ചു വരെയുള്ള തിരുവചനങ്ങൾ  അനിഷേധ്യ വിധത്തിൽ വിശുദ്ധ കുർബാനയുടെ നിലനിൽക്കുന്ന സാന്നിധ്യത്തിന്റെയും, യഥാർത്ഥ സാന്നിധ്യത്തിന്റെയും അടയാളങ്ങളായി മാറുകയാണ്. വെള്ളത്തിൽ സഞ്ചരിക്കാൻ തക്കവിധത്തിൽ ശരീരം രൂപപ്പെടുത്തുന്ന ക്രിസ്തു, ശരീരത്തിന്റെ അധികാരിയായി മാറുകയാണ്. ഇതെന്റെ ശരീരമാണ് എന്ന് അപ്പം ഉയർത്തി പറയാൻ സാധിക്കുന്ന അധികാരത്തിലേക്ക് പ്രവേശിക്കുകയും അനുവാചകരെ നയിക്കുകയും ചെയ്യുകയാണ്.

 ജീവന്റെ  അപ്പം; ദൈവവചനം ( യോഹ 6 , 26 -47 )

    യേശുവിൽ വിശ്വസിക്കുന്നവർക്ക് നിത്യജീവൻ ലഭിക്കുമെന്നതാണ് ആദ്യ ഭാഗത്തിന്റെ പ്രധാന പ്രമേയം ( യോഹ 6 , 33 ). കർത്താവിനെ പ്രലോഭകൻ സമീപിക്കുന്നുണ്ട്; കല്ലിനോട് അപ്പമാകാൻ പറയുമ്പോൾ ഈശോ പ്രത്യുത്തരിക്കുന്നത് ‘മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല ദൈവത്തിന്റെ നാവിൽ നിന്ന് പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടും ആണ് ജീവിക്കുന്നത്’ (മത്താ 4 , 4 ) എന്ന് പ്രഖ്യാപിച്ചാണ്. സുവിശേഷത്തിൽ പലപ്പോഴും  നിത്യ ജീവനെക്കുറിച്ച് പരാമർശിക്കുമ്പോൾ അപ്പവും വചനവും  മാറിമാറി ഉപയോഗിച്ചിരുന്നു. കർത്താവു സമരിയക്കാരിയായ  സ്ത്രീയോട് സംസാരിക്കുമ്പോൾ ‘നിങ്ങൾക്കറിയാത്ത ഭക്ഷണത്തെക്കുറിച്ച്’ പരാമർശിക്കുന്ന ക്രിസ്തു തുടർന്ന് ‘വചനം ഭക്ഷണം ആയി കരുതുകയാണ്.'( യോഹ 4 , 32 ) ‘വചനം പാലിച്ചാൽ അവൻ ഒരിക്കലും മരിക്കുകയില്ല’ ( യോഹ 8 , 51 ) എന്ന പ്രഖ്യാപനവും ജീവൻ നൽകുന്ന ദൈവവചനത്തെ കുറിച്ചുള്ള പഠനം തന്നെയാണ്. ‘ആത്മാവും ജീവനും നൽകുന്ന വചനവും’ ‘കർത്താവിന്റെ  പക്കലുള്ള നിത്യജീവന്റെ വചനങ്ങളും’ നമ്മളെ അനുസ്മരിപ്പിക്കുന്നത് ജീവന്റെ  അപ്പമായ ദൈവവചനത്തെ  കുറിച്ച് തന്നെയാണ്.  എഴുതി വരുമ്പോൾ തോന്നി, ആദ്യഭാഗം ദൈവവചനത്തെ കുറിച്ചാണ് പറയുന്നത് എന്ന് സ്ഥാപിക്കണമെന്ന് ഒരു നിഷ്ഠ പുലർത്തി പരിശ്രമിക്കുന്നുണ്ടോ എന്ന്. പിന്നീട് പല വ്യാഖ്യാന ഗ്രന്ഥങ്ങളും പരിശോധിച്ചപ്പോൾ മനസ്സിലായി പരിശ്രമത്തിൽ പരിഭ്രമിക്കേണ്ടതില്ലെന്ന്. ഈ പ്രഭാഷണം മുഴുവൻ പരിശുദ്ധ കുർബാനയെ കുറിച്ചാണ് എന്നതാണ് കത്തോലിക്കാ സഭയുടെ ആരംഭ കാലം മുതലുള്ള പാരമ്പര്യം. പരിശുദ്ധ കുർബാനയുടെ പശ്ചാത്തലത്തിൽ ചിന്തിക്കുമ്പോൾ പരിശുദ്ധ കുർബാനയുടെ രണ്ടു ഭാഗങ്ങളായി ഇതിനെ കാണാം; വചനത്തിന്റെ മേശയും, അപ്പത്തിന്റെ മേശയും. ദൈവവചനത്തെ ഭക്ഷണം, അപ്പം  എന്നീ പ്രതീകങ്ങളിലൂടെയാണ് ഈശോ അവതരിപ്പിക്കുന്നത്.  വചനത്തിനുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുമ്പോഴാണ് അതിന്റെ  മാധുര്യം ആസ്വദിക്കാൻ കഴിയുന്നത്. വചനത്തിന്റെ ക്ഷാമം ഭൗതികമായ വിശപ്പിനെയും ദാഹത്തെയും രൂക്ഷമാക്കുമെന്ന് ആമോസ് പ്രവാചകൻ പ്രവചിക്കുന്നുണ്ട് ( അമോ 8 ,11 -12 ).

ജീവന്റെ  അപ്പം; കർത്താവിന്റെ ശരീരം ( യോഹ 6 , 48 -59 )

   ജീവന്റെ  അപ്പത്തെ കുറിച്ചുള്ള പ്രഭാഷണത്തിന്റെ  രണ്ടാം ഭാഗം ഈശോയുടെ ശരീര രക്തങ്ങളെ കുറിച്ചാണ് കൂടുതലായി പ്രതിപാദിക്കുക. ശരീരം ഭക്ഷിക്കുക,   രക്തം പാനം ചെയ്യുക, ശരീരം, മാംസം, എന്നീ പ്രയോഗങ്ങൾ ഈ ഭാഗത്തു കൂടുതലായി ആവർത്തിക്കുന്നു. ആദ്യഭാഗത്ത് എന്നിൽ വിശ്വസിക്കണമെന്ന് ആവശ്യപ്പെടുന്ന ക്രിസ്തു, രണ്ടാം ഭാഗത്ത് എന്നെ ഭക്ഷിക്കണമെന്ന് ആവശ്യപ്പെടുകയാണ്.( യോഹ 6 , 53 ) ‘ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ നൽകുന്ന അപ്പം എന്റെ ശരീരമാണ്’ ( യോഹ 6 , 51 ) എന്ന വാക്കുകൾ പരിശുദ്ധ കുർബാന സ്ഥാപനത്തെ സൂചിപ്പിക്കുന്നതായി പല ബൈബിൾ പണ്ഡിതന്മാരും പറയുന്നുണ്ട്. യഹൂദർ ശക്തമായി എതിർത്തിട്ടും, നരഭോജികൾ എന്ന് വിളിച്ച് അധിക്ഷേപിച്ചിട്ടും മാറ്റം വരുത്താത്ത നിർവചനം ശിഷ്യന്മാരും തുടരുകയാണ്. ഇറങ്ങിപ്പോയവർക്ക് മുൻപിൽ അക്ഷോഭ്യനായി നിന്ന  ക്രിസ്തുവിന്റെ  മാതൃകയുടെ പിൻബലത്തിലാണ് ശിഷ്യന്മാരും മാറ്റം വരൂത്താത്താത്.  ഒരിക്കലും, അംഗീകരിക്കാൻ, വിശദീകരിക്കാൻ കഴിയാത്ത യാഥാർത്ഥ്യങ്ങളാണ് യഹൂദരോട് പറയുന്നത്. രക്തം പാനം ചെയ്യുന്നത് പാപം ആയി കരുതിയിരുന്ന സമൂഹം; പഴയ നിയമ ബലിയർപ്പണത്തിൽ പങ്കെടുക്കുന്നവർ കൊല്ലപ്പെട്ട കുഞ്ഞാടിന്റെ   ശരീരം ഭക്ഷിക്കുന്ന പതിവുണ്ടായിരുന്നെങ്കിലും, ബലി വസ്തുവായി ക്രിസ്തുവിന്റെ  ശരീരം ഭക്ഷിക്കുന്ന ദർശനത്തിലേക്ക് അവർക്ക് വളരാൻ കഴിയുമായിരുന്നില്ല. അവൻ പറഞ്ഞു, ‘ഇതുകൊണ്ടാണ് പിതാവിൽ നിന്ന് വരം ലഭിച്ചാലല്ലാതെ എന്റെ  അടുക്കലേക്ക് വരാൻ ആർക്കും സാധിക്കുകയില്ല എന്ന് ഞാൻ നിങ്ങളോട് പറഞ്ഞത്’.( യോഹ 6 , 65 )  ദൈവവചനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആദ്യഭാഗത്തും, പിറുപിറുപ്പിന്റെ  ശബ്ദങ്ങൾ ഉയരുന്നുണ്ട്. ( യോഹ 6 , 42 ) പിതാവിൽ നിന്ന് ശ്രവിക്കുകയും, പഠിക്കുകയും, ചെയ്തവരെല്ലാം എന്റെ  അടുക്കൽ വരും എന്ന വചനം ഉദ്ധരിച്ചുകൊണ്ട് കർത്താവ് അവരുടെ പിറുപിറുക്കലുകളെ അവഗണിക്കുകയാണ്. ആദ്യ ഭാഗത്ത്, വിശ്വാസം ആവശ്യപ്പെടുമ്പോൾ അത് അനുയോജ്യമായി മാറുന്നത് ദൈവവചനത്തിനാണ്.

    വിശുദ്ധ കുർബാന ആഘോഷത്തിൽ വചന ശുശ്രൂഷയും കൂദാശാശുശ്രുഷയും ഒരുപോലെ  പ്രാധാന്യം അർഹിക്കുന്നു. ജീവന്റെ  അപ്പം എന്ന് പറഞ്ഞാൽ ഇത് രണ്ടും  ചേരുന്നതാണ്. ദൈവവചനത്തെ കർത്താവിന്റെ  ശരീരത്തെ എന്നപോലെ ബഹുമാനിച്ചിരുന്ന ഒരു പതിവ് തിരുസഭയ്ക്ക് ഉണ്ടായിരുന്നു. വചനം പറഞ്ഞു ഒരുക്കിയതിനുശേഷം ബലിയർപ്പിച്ച ക്രിസ്തു, വചനം വ്യാഖ്യാനിച്ചതിന് ശേഷം അപ്പം മുറിച്ച ക്രിസ്തു , വചനം പ്രസംഗിച്ചു ബലിയർപ്പിച്ച ആദിമസഭ; എല്ലാം ഈ  യാഥാർത്ഥ്യത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ്.  ഈ ഒരു യാഥാർഥ്യത്തെ അംഗീകരിച്ചുകൊണ്ടാണ് വിശുദ്ധ ബലിയർപ്പണത്തെ പൊതുവിൽ വചനത്തിന്റെ  മേശയും, അപ്പത്തിന്റെ മേശയെന്നും രണ്ടായി തിരിക്കുന്നത്.

                                                                                                        ഫാ. റോബിൻ കാരിക്കാട്ട് 

റഫറൻസ് ഗ്രന്ഥങ്ങൾ: സാന്തോം ബൈബിൾ വ്യാഖ്യാനം, ആൽഫ ബൈബിൾ വ്യാഖ്യാനം

Share this :
വിശുദ്ധ യോഹന്നാന്റെ സുവിശേഷവും; വിശുദ്ധ ബലിയർപ്പണവും

മാനിപിൾ

1 Comment

  1. Thresiamma John
    12th Oct 2024 Reply

    വളരേ മനോഹരമായ വിചിന്തനം.. 🌹..ആവർത്തിച്ചു വായിച്ചു മനസ്സിലാക്കണം എന്നു മാത്രം.. Tnanks അച്ചാ.. 🙏🏻🙏🏻🙏🏻

Leave a comment

Your email address will not be published. Required fields are marked *